ന്യൂഡല്‍ഹി: യു.എന്‍. മനുഷ്യാവകാശ കൌണ്‍സിലില്‍ ശ്രീലങ്കക്കെതിരായ പ്രമേയത്തെ ഇന്ത്യ അനുകൂലിച്ചു വോട്ടു ചെയ്തു. യു.എസ്. കൊണ്ടുവന്ന പ്രമേയത്തിന് അനുകൂലമായി 25 രാഷ്ട്രങ്ങള്‍ വോട്ടുചെയ്തപ്പോള്‍ പാകിസ്താന്‍ അടക്കം 13 രാഷ്ട്രങ്ങള്‍ എതിര്‍ത്തു. 8 രാഷ്ട്രങ്ങള്‍ വിട്ടുനിന്നു. തമിഴ് പുലികള്‍ക്കെതിരെ നടന്ന യുദ്ധത്തിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കണം എന്നാവശ്യപ്പെടുന്നതാണ് പ്രമേയം.
യു.എസ്. ആദ്യം ചര്‍ച്ചക്ക് വെച്ച കരടു പ്രമേയത്തില്‍ നിന്ന് ശ്രീലങ്കക്ക് അനുകൂലമായ മാറ്റങ്ങള്‍ വരുത്തിയാണ് പ്രമേയം പാസ്സാക്കിയത്. മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണമാണ് കരടില്‍ ആവശ്യപ്പെട്ടിരുന്നതെങ്കില്‍ പ്രമേയം അത് വിശ്വസനീയമായ ആഭ്യന്തര അന്വേഷണം എന്നാക്കി. വിഷയത്തില്‍ ശ്രീലങ്ക എടുത്ത നടപടികളും പ്രമേയത്തില്‍ പരാമര്‍ശിച്ചു. എന്നാല്‍ ‘വംശഹത്യ’ എന്ന പദം പ്രമേയത്തില്‍ ചേര്‍ക്കണമെന്നതുള്‍പ്പെടെയുള്ള തമിഴ് സംഘടനകളുടെ ആവശ്യം പരിഗണിക്കപ്പെട്ടില്ല.
പ്രമേയത്തിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിച്ച ഐക്യരാഷ്ട്ര സഭയുടെ ജനീവ ഓഫീസുകളിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ദിലിപ് സിന്‍ഹ തമിഴ് ജനതയ്ക്ക് സ്വയംഭരണം നല്‍കുന്നതുള്‍പ്പെടെയുള്ള ശ്രീലങ്കയുടെ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ ആ രാജ്യത്തോട് ആവശ്യപ്പെട്ടു. പ്രമേയത്തില്‍ ഭേദഗതി കൊണ്ടുവരുമെന്ന് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നെങ്കിലും യു.എസ്. ഇതിനോട് യോജിച്ചില്ല.