പൃഥ്വിരാജിലൂടെ മലയാള സിനിമയ്ക്കും സമൂഹത്തിനും സംഭവിക്കാവുന്നത്

Glint Staff
Tue, 28-02-2017 01:15:45 PM ;

 

പൃഥ്വിരാജ് എന്ന നടൻ വളർച്ചയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നു. അത് മലയാള സിനിമയില്‍ പുതിയ ഒരു സംസ്‌കാരത്തിന്റെ തുടക്കത്തിന് വഴിയൊരുക്കും. കാരണം പൃഥ്വിരാജ് ഒരു തലമുറയുടെ പ്രതിനിധി കൂടിയാണ്. അദ്ദേഹത്തിനു മുൻപ് അരങ്ങ് വാണവർക്കു ശേഷം വരുന്ന തലമുറയുടെ പ്രബല പ്രതിനിധി. 2017 ഫെബ്രുവരിയിൽ മലയാള സിനിമയിലെ ഒരു നടി ആക്രമിക്കപ്പെട്ടപ്പോൾ ആ നടി ധൈര്യപൂർവ്വം പോലീസിൽ പരാതി കൊടുത്തു. വൈദ്യപരിശോധനയ്ക്കും തിരിച്ചറിയൽ പരേഡിനുമൊക്കെ പോയി കേസന്വേഷണത്തിൽ സഹകരിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോൾ അവർ അഭിനയിക്കാനായി ലൊക്കേഷനിലെത്തി. പൃഥ്വിരാജ് നായകനായ ചിത്രത്തിൽ. ഈ നടിക്ക് ആദ്യം ഫേസ്ബുക്കിലൂടെ പിന്തുണയുമായെത്തിയതും പൃഥ്വിരാജായിരുന്നു. നടി അഭിനയിക്കാനെത്തിയപ്പോൾ അദ്ദേഹം ആ നടിയുടെ ആജീവനാന്ത ആരാധകനായി മാറി. അതദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ആ കുറിപ്പ് ആ നടന്റെ സ്വയം നിർവ്വചനത്തിലേക്കും നയിച്ചു.

 

പ്രകൃതിയുടെ കമനീയമായ സൃഷ്ടിയായി പൃഥിരാജ് സ്ത്രീയെ കാണുന്നു. മാത്രമല്ല, സ്ത്രീയുടെ ധൈര്യത്തിന്റെ മുന്നിൽ പുരുഷൻ വെറും നിസ്സാരനാണെന്ന ബോധമുണ്ടായതും അദ്ദേഹം തുറന്നു സമ്മതിക്കുന്നു. ഈ യാഥാർഥ്യത്തിന്റെ വെളിച്ചത്തില്‍ സ്വന്തം അനുഭവത്തിലേക്കു നോക്കി പൃഥിരാജ് തന്റെ പോയ കാലത്തെ വിലയിരുത്തുന്നു. കഴിഞ്ഞ കാലത്ത്   നിന്നു ചില പാഠങ്ങൾ കൊള്ളുന്നു. സ്ത്രീകളെ അധിക്ഷേപിക്കുന്ന രീതിയിലുള്ള അഭിനയം നടത്തിയതിന് മാപ്പു ചോദിക്കുന്ന അദ്ദേഹം ഇനിമേൽ അവ്വിധം അഭിനയിക്കില്ലെന്നും പ്രഖ്യാപിക്കുന്നു. ഇതെല്ലാം കാണിക്കുന്നത് ഈ യുവാവിന്റെ വളർച്ചയുടെ ലക്ഷണമാണ്. അതേസമയം തന്നെ അബദ്ധധാരണകളുടെ ലോകത്ത് തളച്ചിടുന്ന വൃത്തത്തിൽ തന്നെയാണ് അദ്ദേഹം ഇപ്പോഴും കിടക്കുന്നത്. എന്നാലും, ഇനിയും പ്രായം ചെല്ലുമ്പോൾ, അനുഭവം ഉണ്ടാകുമ്പോൾ സ്വയം ചോദ്യങ്ങൾ ചോദിക്കുകയും അവ്യക്തതയിൽ നിന്ന് വ്യക്തത ഉണ്ടാക്കാനായി ശ്രമിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാനും വക നൽകുന്നുണ്ട്.

 

തങ്ങള്‍ പറക്കമുറ്റാത്ത അവസ്ഥയിൽ അച്ഛൻ മരിച്ചപ്പോൾ തങ്ങളെ വളർത്തിയ അമ്മയിലൂടെയും പ്രസവമുറിയിൽ നാലു മണിക്കൂറോളം പ്രസവവേദന അനുഭവിച്ചപ്പോഴും തന്നെ ആശ്വസിപ്പിച്ച ഭാര്യയിലൂടെയും പൃഥ്വിരാജ് സ്ത്രീയുടെ ധൈര്യത്തെ കാണുന്നു. ആ ധൈര്യം കാണുമ്പോൾ താൻ എത്ര നിസ്സാരനാണെന്ന് തോന്നുന്നു. ഏറ്റവുമൊടുവിൽ ആക്രമിക്കപ്പെട്ട നടിയുടെ ധൈര്യം കൂടി കണ്ടപ്പോൾ പൃഥ്വിരാജ് ആ നടിയുടെ ആജീവനാന്ത ആരാധകനായി മാറുന്നു. ആ നടിക്ക് വൈകാരികമായി പൃഥ്വിരാജ് നൽകിയ സഹായവും വിലമതിക്കപ്പെടേണ്ടതാണ്.

 

 

എന്നാൽ പോയകാലത്ത് തന്നെ അജ്ഞതയിൽ കുടുക്കിയിട്ടിരുന്ന അതേ ഘടകം ഇപ്പോഴും പൃഥ്വിരാജിൽ സജീവം തന്നെ. അതുകൊണ്ടാണ് ഒരു ശരാശരിക്കാരനെ പോലെ പൃഥ്വിരാജും സംസാരിക്കുന്നത്. ശരാശരിക്കാൻ എന്നത് ഇവിടെ പൃഥ്വിരാജിൽ വന്നു ചേർന്നിരിക്കുന്ന ബഹുമതി തന്നെ. കാരണം മലയാള സിനിമിയിൽ മൂന്നും നാലും പതിറ്റാണ്ടുകൾ പിന്നിട്ട, അഭിനയകലയിൽ പ്രതിഭാധനൻമാരായവരിൽ പോലും പ്രകടമാകാത്ത ചില വികാരങ്ങളും ചിന്തകളും പൃഥ്വിരാജിൽ പ്രകടമായതാണ് അദ്ദേഹത്തെ സിനിമയുടെ ലോകത്തു നിന്നുകൊണ്ട് ഒരു ശരാശരി സാമൂഹ്യമനുഷ്യന്റെ ചിന്താഗതിക്കനുസരിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്.

 

പൃഥ്വിരാജിൽ അന്വേഷണങ്ങളുടെ ആരംഭം തുടങ്ങിയതിന്റെ ലക്ഷണവും കാണുന്നുണ്ട്. കാരണം അദ്ദേഹം മോഹൻലാലിനെ നായകനാക്കി ലൂസിഫർ  എന്ന  സിനിമ സംവിധാനം ചെയ്യുന്ന  കാര്യം പ്രഖ്യാപിക്കുകയുണ്ടായി.  എത്ര സിനിമ വേണമെങ്കിലും നായകനായി അഭിനയിക്കാൻ അവസരമുള്ളപ്പോഴാണ് സിനിമയെന്ന കലയുടെ സൃഷ്ടിയുടെ മേഖലയിലേക്ക് പ്രവേശിക്കാൻ ആ യുവാവ് തയ്യാറാകുന്നത്. ഇതെല്ലാം അന്വേഷണത്തിലേർപ്പെട്ടിരിക്കുന്ന മനസ്സിന്റെ ചില തലയുയർത്തലാണ്. അതിജീവനത്തിന്റെ ഘട്ടത്തെ പൃഥ്വിരാജ് കടന്നിരിക്കുന്നു. എന്നുവെച്ചാൽ ഒരഭിനേതാവെന്ന രീതിയിൽ പിടിച്ചുനിൽക്കണമെന്ന ഭീതിയുടെ പശ്ചാത്തലത്തിലുള്ള ശ്രമം അദ്ദേഹത്തില്‍ നിന്ന് അകന്നിരിക്കുന്നു. ഇത് മനുഷ്യന്റെ സാമാന്യ പരിണാമഘട്ടമാണ്. വിശക്കുമ്പോൾ ഭക്ഷണം മാത്രമേ ചിന്തയിലുണ്ടാവുകയുള്ളു. വിശപ്പടങ്ങിക്കഴിയുമ്പോഴാണ് നൂറാഗ്രഹങ്ങൾ മനസ്സിൽ പൊന്തിവരുന്നത്. അപ്പോഴാണ് സ്വപ്‌നങ്ങൾ മനസ്സിലേക്കു വരുന്നതും അതിന്റെ പിന്നാലെ പോകുന്നതും. അത് പൃഥ്വിരാജിൽ സംഭവിച്ചിരിക്കുന്നു.

 

മുൻ തലമുറയിൽ നിന്ന് വ്യത്യസ്തമായ വഴിയിലൂടെ ഈ യുവാവ് സഞ്ചരിക്കാൻ തയ്യാറെടുക്കുന്നതിന്റെ ലക്ഷണമാണത്.  ഈ മാറ്റത്തിനൊപ്പം ചില തിരിച്ചറിവുകളിലേക്കും ഈ നടൻ ഉണരുന്നുണ്ട്. എന്നാൽ ആ തിരിച്ചറിവും ചില വർത്തമാനകാല സംഗതികളുടെ പശ്ചാത്തലത്തിൽ സമൂഹത്തിൽ നിന്നും രൂപപ്പെട്ടുണ്ടാവുന്നതാണ്. അതുകൊണ്ടുതന്നെ താൻ മനസ്സിലാക്കുന്ന കാര്യങ്ങളിൽ അവ്യക്തത ഇല്ലാതെ വരുമെന്നുള്ളത് ഉറപ്പാണ്. ചിന്തിക്കുന്നവരെ പോലും വഴിതിരിച്ചുകൊണ്ടു പോകുന്ന ചിന്താമാരുതനാണ് ആക്ടിവിസ്റ്റുകളുടെ ചിന്ത. കഴിഞ്ഞ ദശകങ്ങളിൽ ഈ ചിന്തയെ കാടുകയറ്റിയിരുന്നത് ബുദ്ധിജീവികൾ എന്നറിയപ്പെടുന്ന വിഭാഗമായിരുന്നു. എന്നാൽ ഇന്ന് ആ സ്ഥാനമാണ് ആക്ടിവിസ്റ്റുകൾ ഏറ്റെടുത്തിരിക്കുന്നത്. അവര്‍ ഒരേസമയം ആക്ടിവിസ്റ്റുകളും ബുദ്ധിജീവികളുമാണ്. അതിനാൽ മാദ്ധ്യമങ്ങളും ഇവരുടെ ചിന്താ ചാലിലൂടെയാണ് സഞ്ചരിക്കുന്നത്. അതുകൊണ്ടാണ് പൃഥ്വിരാജ് താനിനിമേലിൽ സ്ത്രീകളെ അധിക്ഷേപിക്കുന്ന വിധം അഭിനയിക്കില്ലെന്ന്‍ പറയുന്നതും സ്ത്രീയുടെ മുന്നിൽ താൻ നിസ്സാരനാണെന്ന്‍ അറിയുന്നതും. ആണിന്റെ കാഴ്ചപ്പാടിന്റെ, ഭീരുത്വം നിറഞ്ഞ കാഴ്പ്പാടിന്റെ തടവറയിൽ കിടന്നു കാണുന്നതുകൊണ്ടാണ് പൃഥിരാജിന് ഈ സ്ത്രീപുരുഷ ഭേദ-താരതമ്യ ചിന്തകൾ ഉണ്ടാകുന്നത്. അത് അറിവിന്റെ കാഴ്ചയല്ല. അറിവിന്റെ കാഴ്ച വരാത്തിടത്തോളം കാലം ഉണ്ടാവുന്നതെല്ലാം അജ്ഞതയുടെ കാഴ്ചയാണ്.

 

ഈ ആക്ടിവിസ്റ്റ് ചിന്തയിൽ നിന്നും പുറത്തുവന്ന് പ്രാപഞ്ചികമായ ഒരു കാഴ്ചപ്പാടിൽ തന്നെയും ചുറ്റുപാടിനെയും കാണാൻ പ്രാപ്തമായ മനസ്സുള്ള വ്യക്തിയാണ് ഈ യുവനടൻ. അപ്പോഴാണ് സാര-നിസ്സാരത്വങ്ങൾ എന്നൊന്നില്ലെന്നും സ്ത്രീയിൽ താൻ കണ്ടത് ധൈര്യമല്ലെന്നും അതാണ് ശക്തിയെന്നും തിരിച്ചറിയുന്നത്. വയറ്റത്ത് എട്ടുണ്ടകൾ വളർത്തിയെടുത്ത് അതിനെ പരിപാലിക്കുന്ന പൃഥ്വിരാജ് ശക്തിയുമായി ബന്ധപ്പെടുത്തി കാണുന്നത് കായികബലത്തെ തന്നെയാണെന്ന് അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങളും പ്രസ്താവനകളും വായിച്ചാലറിയാൻ കഴിയും. തന്റെ അമ്മയിലൂടെയും ഭാര്യയിലൂടെയും പൃഥ്വിരാജ് കണ്ടത് ധൈര്യമല്ല. മറിച്ച് ശക്തിയാണ്. യാഥാർഥ്യങ്ങളെ സ്വീകരിക്കാനും അതിനോടു പ്രതികരിക്കാനുമുള്ള സ്ത്രീയുടെ ശക്തി. തന്നെയും തന്റെ ജ്യേഷ്ഠനായ ഇന്ദ്രജിത്തിനെയും തന്റെ അമ്മ വളർത്തി പുരുഷൻമാരാക്കി എന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പിന്നിൽ ശാരീരികമായ പരിവർത്തന കാഴ്ചപ്പാടു മാത്രമേ കാണാൻ കഴിയുന്നുള്ളു. അതാകട്ടെ സമൂഹത്തിൽ നിന്ന് പൃഥ്വിരാജിലേക്ക് കുടിയേറിയതും. അറിവിന് പകരം ലിംഗപരമായി കിടക്കുന്ന തടവറയിൽ നിന്നുകൊണ്ടുള്ള കാഴ്ചയാണത്.

 

മലയാള സിനിമ അകപ്പെട്ടു കിടക്കുന്നതും പൃഥ്വിരാജിന്റെ ഈ കാഴ്ചപ്പാടിനകത്താണ്. പുരുഷൻ എന്നാൽ കായികശേഷിയുള്ള കരുത്തൻ എന്ന കാഴ്ചപ്പാട്. എല്ലാത്തിനെയും തകർക്കാൻ, ഉടയ്ക്കാൻ കഴിവുള്ളവൻ. ഈ കാഴ്ചപ്പാടാണ് നായകന്‍റെ ഹീറോയിസമായി സിനിമയിൽ വാഴുന്നത്. ഈ വാഴ്ചയുടെ ഒഴുക്കിലാണ് സ്ത്രീയെ ഇകഴ്ത്തുന്ന വിധമുള്ള വാചകങ്ങൾ നായകന്റെ വായിൽ നിന്ന് തെറിച്ചു വീഴുന്നതും കാണികൾ കയ്യടിക്കുന്നതും. ഇത് കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി  ചിന്തയും ബുദ്ധിയുമില്ലാത്ത ഒരു തലമുറയെ സൃഷ്ടിക്കുന്നതിനു പോലും കാരണമായിട്ടുണ്ട്. ഈ സംസ്‌കാരത്തിൽ നിന്നുതന്നെയാണ് പൃഥ്വിരാജുൾപ്പടെയുള്ളവരുടെ ഫാൻസ് അസ്സോസിയേഷന്റെ ഉൽപ്പത്തിയും നിലനിൽപ്പും.

 

എല്ലാം തകർക്കാനുള്ള കരുത്തല്ല, മറിച്ച് സൃഷ്ടിക്കാൻ ശേഷിയുള്ളതാണ് ശക്തിയെന്ന തിരിച്ചറിവിലേക്കു മാറുമ്പോഴാണ് ഒരു വ്യക്തി സ്വയവും അതോടൊപ്പം ചുറ്റുപാടും മനസ്സിലാക്കുന്നത്. വയറ്റത്ത് എട്ടു മുഴകളെ വളർത്തിയെടുത്ത പൃഥ്വിരാജും അടുപ്പിച്ച് ആറേഴു മണിക്കൂർ ഭക്ഷണമൊന്നും കഴിക്കുന്നില്ലെങ്കിൽ അഭിനയിക്കാൻ പോയിട്ട് എഴുന്നേറ്റു നിൽക്കാൻ തന്നെ ബുദ്ധിമുട്ടായിരിക്കും. എന്നാൽ ഏതാനും ഉരുള ചോറും കറിയും അകത്തു ചെല്ലുമ്പോൾ പൃഥ്വിരാജ് പിന്നെ എന്തിനെയും എടുത്തു മറിക്കാൻ കരുത്തുള്ളവനായി മാറുന്നു. ആ ആറേഴുരുള ചോറ് എന്നു പറയുന്നതു സ്ത്രീയാണ്. പെൺചെടികളിലൂടെ നമുക്കു കിട്ടുന്ന ആഹാരം. അപ്പോൾ ആ എടുത്തു മറിക്കുന്നത്, താനല്ല തന്റെ ഉള്ളിലെ ശക്തിയാണെന്ന് പൃഥ്വിരാജിന് മനസ്സിലാക്കാൻ കഴിയും. അപ്പോൾ തന്റെയുള്ളിലേക്കെത്തിയ സ്ത്രീ സാന്നിദ്ധ്യമാണ് ആ കരുത്തായതെന്നറിയുന്ന നിമിഷം പൃഥ്വിരാജിന് സ്ത്രീയും പുരുഷനും തമ്മിൽ താരതമ്യം ചെയ്യേണ്ടതോ വേർപെട്ടു കാണേണ്ടതോ ആയ സൃഷ്ടികളല്ലെന്നു മനസ്സിലാകും. അതൊരറിവാണ്. ആ അറിവിലേക്ക് ഉയരാൻ കഴിയുന്നതിന്റെ സൂചനകളാണ് സ്ത്രീകളെ ബഹുമാനിക്കാനുള്ള സമീപനത്തിലൂടെ ഈ യുവാവിൽ പ്രകടമായിരിക്കുന്നത്. എന്നാൽ താൻ ഇപ്പോൾ മനസ്സിലാക്കിയതല്ല യഥാർഥ മനസ്സിലാക്കൽ എന്ന് മനസ്സിലാക്കുന്നിടത്തു നിന്നു മാത്രമേ ആ തിരിച്ചറിവിലേക്ക് ഈ നടന് ഉയരാൻ കഴിയുകയുള്ളു. പൃഥ്വിരാജിന്റെ മുത്തച്ഛന്മാർ (കൈനിക്കര പണ്ഡിത ശ്രേഷ്ഠർ) ആ അറിവിലേക്കുയർന്നിട്ടുള്ള, കേരളത്തിന്റെ ആന്തരിക വികാസത്തെ നിർണ്ണായകമായി സ്വാധീനിച്ചിട്ടുള്ള മഹാവ്യക്തിത്വങ്ങളായിരുന്നു. ആ ജനിതക സ്വാധീനവും ഈ അന്വേഷണത്തിൽ പൃഥ്വിരാജിന് സഹായകമാകും.

 

കലാസൃഷ്ടിയിൽ കലാമൂല്യമുണ്ടാവുക മാത്രമാണ് വേണ്ടത്. അതിന്റെ ആവിഷ്‌കാരത്തിൽ മനുഷ്യൻ കടന്നു പോകുന്ന എല്ലാ വൈകാരിക നിമിഷങ്ങളിലൂടെയും കടന്നുപോകേണ്ടിവരും. അതിൽ എന്തു വരണം, എന്തു വരാൻ പാടില്ല എന്ന് മുൻകൂർ വാശി പിടിക്കുന്നതോ അതിന് സമാനമായ കാഴ്പ്പാട് പ്രചരിപ്പിക്കുന്നതോ ഇന്ന് അവശേഷിക്കുന്ന കലാപ്രകടനസ്വാതന്ത്ര്യത്തെ കൂടി ഇല്ലാതാക്കും. ഓരോ സന്ദർഭങ്ങളിലും അസുഖകരമായ ദൃശ്യങ്ങളോ വാചകങ്ങളോ സിനിമയുൾപ്പടെയുള്ള കലാസൃഷ്ടികളിൽ വരാൻ പാടില്ല എന്ന ശാഠ്യരീതികളിലേക്ക് ആ സമീപനം നയിക്കും. ആക്ടിവിസ്റ്റുകളും അതേ കാഴ്ചപ്പാട് പിന്തുടരുന്ന മുഖ്യധാരാ മാദ്ധ്യമങ്ങളും അംഗീകാരം നൽകുന്നത് മാത്രമാണ് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതെന്നുമുള്ള അവസ്ഥയാണ് ഈ സാഹചര്യം ഉണ്ടാക്കുക. പൃഥ്വിരാജിന്‍റെ അഭിപ്രായം പിന്‍പറ്റുകയാണെങ്കില്‍ സ്ത്രീയെ അങ്ങേയറ്റം ഇകഴ്ത്തിയും അധിക്ഷേപിച്ചുകൊണ്ടുമുള്ള കഥാപാത്രമാണ് ഷേക്‌സ്പീയറിന്റെ ലേഡി മാക്ബത്ത് എന്ന്‍ വേണമെങ്കില്‍ പറയാം. എന്നാൽ മാക്ബത്ത് അനുവാചകനിൽ അവശേഷിപ്പിക്കുന്ന കലാമൂല്യം നൈതിക പ്രാധാന്യമുള്ളതും. അതിനാൽ സിനിമയെയും ഒരു കലയായി കലാകാരൻ കൂടിയായ പൃഥ്വിരാജിനെപ്പോലെയുള്ള പുതുതലമുറയിലെ, പഴയ തലമുറയുടെ ഒരുപാട് ശീലങ്ങളില്ലാത്ത, നടന്മാർ കാണണം.

 

വർത്തമാന നായക സങ്കൽപ്പം മാറാതെ ചില വാചകങ്ങളോ മുഹൂർത്തങ്ങളോ ഒഴിവാക്കുന്നതുകൊണ്ട് പൃഥ്വിരാജ് ഉദ്ദേശിക്കുന്ന ഫലം ഉണ്ടാവില്ലെന്നു മാത്രമല്ല ഏതാണോ തന്നെ വേദനിപ്പിച്ചത്, ആ ഘടകം കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുക തന്നെ ചെയ്യും. ഒരു സിനിമ സമൂഹത്തിനെ സ്വാധീനിക്കുന്നത് ആ സിനിമെ മൊത്തത്തിൽ വൈകാരിക മാദ്ധ്യമത്തിലൂടെ എന്ത് സാംസ്‌കാരികാംശമാണ് പ്രേക്ഷകന്റെ ഉപബോധമനസ്സിലേക്ക് പ്രേക്ഷകനറിയാതെ സന്നിവേശിപ്പിച്ചിരിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. പൃഥ്വിരാജുൾപ്പടെയുള്ള നായകൻമാർ സിനിമയിൽ അഭിനയിക്കുന്നത് കുറ്റകൃത്യവാസനകളെ പ്രോത്സാഹിപ്പിക്കുകയും അവയെ മഹത്വവത്ക്കരിക്കുകയും ചെയ്യുന്ന കഥകളെയും കഥാപാത്രങ്ങളെയുമാണ്. ക്വട്ടേഷൻ സംഘങ്ങൾ ചെയ്യുന്ന കായികമായ ആക്രമണം നായകൻ നേരിട്ടു നടത്തി വിജയിച്ച് പ്രേക്ഷകരെക്കൊണ്ട് കൈയ്യടിപ്പിക്കുമ്പോൾ വൈകാരികമായി പ്രേക്ഷകരിലേക്ക് അവരറിയാതെ കുറ്റകൃത്യവാസനയെ കടത്തിവിടുകയാണ് ചെയ്യുന്നത്. കുറ്റകൃത്യവാസനയും ഒരു വാസന തന്നെയാണ്. അതു വർധിക്കുന്നതനുസരിച്ച് ആ വ്യക്തി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കും. അതു ചിലപ്പോൾ പിടിച്ചുപറിയായിരിക്കും, മറ്റു ചിലപ്പോൾ അടിപിടിയായിരിക്കും, ചിലപ്പോൾ ബലാൽസംഗമായിരിക്കും. ചിത്രരചനാ വാസനയുള്ള വ്യക്തി പലരീതിയിലുള്ള ചിത്രം വരയ്ക്കുന്നതു പോലെ.

 

പൃഥ്വിരാജിന് ആർജ്ജവമുണ്ടെങ്കിൽ സ്വീകരിക്കാവുന്നതും പ്രഖ്യാപിക്കാവുന്നതുമായ തീരുമാനം കുറ്റകൃത്യവാസനയെ മഹത്വവത്ക്കരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമായ സിനിമകളിൽ താൻ അഭിനയിക്കില്ലെന്നാണ്. പൃഥ്വിരാജിനെപ്പോലുള്ള നടന്മാർക്കേ അതിനു കഴിയുകയുള്ളു. തിരക്കഥ തെരഞ്ഞെടുക്കുമ്പോൾ അദ്ദേഹത്തിന് തീരുമാനമെടുക്കാനുള്ള സാഹചര്യമിന്ന് മലയാള സിനിമയിലുണ്ട്. കലാമൂല്യവും ആസ്വാദനക്ഷമതയുമുള്ള സിനിമകളിലേ താൻ അഭിനയിക്കുകയുള്ളൂ എന്നു അദ്ദേഹം പറഞ്ഞാൽ ഇടിച്ചും അടിച്ചും തകർത്തും നികൃഷ്ടത കാണിച്ച് വിജയിപ്പിക്കുന്ന ചിത്രത്തേക്കാൾ സാമ്പത്തിക നേട്ടമുണ്ടാക്കുന്ന ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടാകും. സംശയമില്ല. ഹിന്ദിയിൽ ആമിർ ഖാൻ സാധ്യമാക്കുന്ന വിസ്മയങ്ങൾ അതിനുദാഹരണമാണ്. ഏറ്റവുമൊടുവിലത്തെ ഡങ്കലും അതിനുദാഹരണം.

Tags: