കുളിരു മാറിയ നികേഷ്‌ കാലം

കെ.ജി
Sat, 09-07-2016 01:45:45 PM ;

 

മാദ്ധ്യമപ്രവർത്തനം എന്നാൽ വ്യക്തിയുടെയും സമൂഹത്തിന്റെയും ജീവിതത്തിൽ ഇടപെടുക എന്നതാണ്. അവിടെയാണ് മാദ്ധ്യമപ്രവർത്തനത്തിന്റെ ഉത്തരവാദിത്വം വരുന്നത്. ഉത്തരവാദിത്വം എന്ന ഘടകം മാദ്ധ്യമത്തിനു വന്നാൽ അത് വിൽക്കപ്പെടില്ല എന്നൊരു സമവാക്യം കേരളത്തിൽ ഉറച്ചു തുടങ്ങിയതിനു ശേഷം വന്ന തലമുറയാണ് നികേഷ് കുമാറിന്റേത്. ആ ചാലിലൂടെയാണ് നികേഷ് മാദ്ധ്യമരംഗത്ത് പ്രവേശിച്ചതും ജനശ്രദ്ധയാകർഷിച്ചതും. ഉത്തരവാദിത്വം എന്നാൽ ബലം പിടുത്തമെന്നോ അരസികമെന്നോ ഒക്കെ തോന്നാവുന്ന ധാരണ നികേഷിന് മുമ്പേ നടന്നു തുടങ്ങിയവർ അതിനകം സ്ഥാപിച്ചു കഴിഞ്ഞിരുന്നു. അതാണ് പൈങ്കിളി മാദ്ധ്യമപ്രവർത്തനം. വാർത്തയെന്നാൽ സുഖിപ്പിച്ച് ആൾക്കാരുടെ ശ്രദ്ധ നിലനിർത്തിയും പ്രചാരം വർധിപ്പിച്ചും സ്ഥാപനത്തിന് ലാഭമുണ്ടാക്കാനുള്ള ഉപാധി. എരി, പുളി, ഇക്കിളി, പഞ്ചാര എന്നീ ഘടകങ്ങൾ ഏത് വാർത്തയിലും ചേർത്ത് വിൽക്കുക എന്നതാണ് അതിലെ തന്ത്രം. ഈ തന്ത്രത്തിന് ആധികാരികത നൽകാൻ വ്യക്തമായ ലക്ഷ്യത്തോടെ സർക്കാർ സംവിധാനങ്ങളെയും തൽപ്പരകക്ഷികൾ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

 

പൈങ്കിളി മാദ്ധ്യമപ്രവർത്തനം കേരളത്തിൽ ശക്തി പ്രാപിക്കുന്ന കാലത്ത് കേരളത്തിലുണ്ടായിരുന്ന പത്രമാണ് തനിനിറം. തനിനിറത്തിലെ പ്രധാന വാർത്തകൾ ഉദ്യോഗസ്ഥരുടെ അവിഹിത ബന്ധങ്ങളെ പറ്റിയും ചില അഴിമതികളെപ്പറ്റിയും അൽപ്പം ഒളിവോടെ എന്നാൽ തെളിച്ച് എഴുതുക എന്നതായിരുന്നു. അതിനാൽ തനിനിറം പ്രചാരത്തിലുണ്ടായിരുന്നത് ചായക്കടകളിലും മുറുക്കാൻ കടകളിലും ബാര്‍ബര്‍ ഷാപ്പുകളിലുമായിരുന്നു. ആ പത്രം ആരും തന്നെ വീട്ടിൽ വരുത്തില്ലായിരുന്നു. 2004-ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വ്യവസായ വകുപ്പു മന്ത്രിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഒരു യുവതി നേരിട്ട് ലൈംഗിക ആരോപണം ഉന്നയിച്ചത് അതേപടി പ്രക്ഷേപണം ചെയ്തതോടെ തനിനിറം പണ്ട് പറയാൻ മടിച്ചിരുന്ന കാര്യങ്ങൾ മാദ്ധ്യമങ്ങള്‍ തുറന്നു പറഞ്ഞു തുടങ്ങി. അത് ചില സംവേദനശീലങ്ങളുടെ കുളിരുമാറലിന്റെ തുടക്കമായിരുന്നു. ആ കുളിരുമാറലിന്റെ കുളിരില്ലായ്മയും കൂസലില്ലായ്മയുമാണ് ഇന്ന് മലയാളി സരിതവാർത്തകളെ സരസമായ വിനോദ ഉപാധിപോലെ സ്വീകരിക്കാൻ കാരണമായത്.

 

'എന്താ സത്യം തുറന്നു പറഞ്ഞാല്‍ കുഴപ്പം' എന്ന ചോദ്യം, സത്യത്തിന്റെ മേൽ ചാരി നിന്നുകൊണ്ട് ആക്ടിവിസ്റ്റുകളും മാദ്ധ്യമസ്വാതന്ത്ര്യത്തിന് പുത്തൻ നിർവചനം നൽകിയവരും ചോദിക്കുന്നുണ്ടായിരുന്നു. കുഴപ്പം ഒന്നും ഇല്ല എന്നു തന്നെയാണ് ഉത്തരം. അങ്ങനെയെങ്കിൽ അതെന്തുകൊണ്ട് വാർത്തയായി എന്നൊരു ചോദ്യവും ഉയരുന്നുണ്ട്. ഒരേസമയം ഇഷ്ടാനുസരണം ലൈംഗിക വേഴ്ച ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് അവസരം ഉണ്ടാകണമെന്ന ചിന്താഗതി പുലർത്തുന്നവരായിരുന്നു ഈ വാദങ്ങൾ ഉന്നയിച്ചവരിൽ കൂടുതലും. നികേഷ് കുമാറിന്റെ ഇന്ത്യാവിഷനും ഈ സമീപനത്തെ പിൻ പറ്റുന്നതായിരുന്നു എന്ന് പല വാർത്തകളെയും നിരീക്ഷിച്ചാൽ കാണാവുന്നതേ ഉണ്ടായിരുന്നുള്ളു. അങ്ങനെയെങ്കിൽ എന്തുകൊണ്ട് അത് ഒരു മന്ത്രിക്കെതിരെ ആരോപണമായി ഉയരുന്നു എന്നുള്ള ചോദ്യവും ഉദിക്കുന്നു. മാദ്ധ്യമങ്ങളുടെ നികേഷ്‌ കുമാർ മാതൃകയിലുള്ള ആക്രമണം പ്രതിരോധിച്ചു നിൽക്കാൻ കെൽപ്പില്ലാതെയാണ് ഹജ്ജിനു പോയി മടങ്ങിയെത്തിയ കുഞ്ഞാലിക്കുട്ടി ചരിത്രപ്രസിദ്ധമായ പത്രസമ്മേളനത്തിനു ശേഷം രാജി വെയ്ക്കുന്നത്.

 

കുഞ്ഞാലിക്കുട്ടി രാജി വെച്ചത് എന്തിനു വേണ്ടിയായിരുന്നു എന്ന് ഇന്ന് നോക്കുമ്പോൾ ഉത്തരം വളരെ ദുർബലമാണ്. അതിനു ശേഷം വന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെട്ടു. എന്നാൽ അതിനു ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച കുഞ്ഞാലിക്കുട്ടി ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ രണ്ടാമനും പ്രയോഗത്തിൽ ചിലപ്പോൾ ഒന്നാമന്റെ കരുത്തു കാട്ടുന്ന മന്ത്രിയുമായി മാറി.  അദ്ദേഹത്തെ മുൻപ് ആക്രമിച്ച ദൃശ്യമാദ്ധ്യമപ്രവർത്തകരും മാദ്ധ്യമങ്ങളും രണ്ടാമത്തെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രിമാരുടെ പട്ടികയിലുൾപ്പെടുത്തി അവാർഡ് കൊടുക്കുന്നിടം വരെയെത്തി. രണ്ടാമത്തെ ഉമ്മൻ ചാണ്ടി മന്ത്രിസഭാകാലത്ത് സരിത എസ്. നായര്‍ പല മന്ത്രിമാർക്കെതിരെയും എം.പി/എം.എല്‍.എമാർക്കെതിരെയും ലൈംഗിക ആരോപണങ്ങളുന്നയിച്ചു. ഒരു എം.എല്‍.എയ്ക്ക് എതിരെ കേസ് കൊടുത്തു. ഒരാള്‍ക്കും അതിന്റെ പേരിൽ രാജിയെക്കുറിച്ച് ചിന്തിക്കേണ്ടി പോലും വന്നില്ല. റജീന കുഞ്ഞാലിക്കുട്ടിക്കെതിരെ 2004ൽ നടത്തിയ വെളിപ്പെടുത്തലിലൂടെ മാറിയ കുളിരില്ലായ്മയുടെ പ്രതിഫലനമാണ് സരിതയുടെ ആരോപണങ്ങൾ വെറും തമാശയും വിനോദവുമായി മലയാളികൾ ആസ്വദിച്ചത്. കാൽ നൂറ്റാണ്ട് മുൻപു വരെ കള്ളുഷാപ്പിൽ കയറിയിരുന്ന മലയാളി തലയിൽ മുണ്ടിട്ടാണ് പോയിരുന്നത്. എന്നാൽ ഇന്ന് ബവ്റിജസ് കോർപ്പറേഷന്റെ മുന്നിൽ  നിരനിൽക്കുന്ന മലയാളി ചാനൽ ക്യാമറാ കണ്ടാൽ മുഖം കാണിക്കാൻ വ്യഗ്രത കാട്ടുന്നു. അത് മദ്യം സമൂഹത്തിൽ നേടിയ അന്തസ്സിനെയാണ് കാണിക്കുന്നത്. സരിതയുടെ വേഷം ഫാഷനാകുന്നതും അവരുടെ ആട്ടോഗ്രാഫ് വാങ്ങാൻ തിടുക്കം കാണിക്കുന്ന താര പരിവേഷവും ചാനലുകാർ അവരെ വച്ച് പരിപാടി നടത്തുന്നതുമെല്ലാം സരിത സ്വയം വെളിപ്പെടുത്തിയ സ്വഭാവത്തിനു കൈവന്ന അംഗീകാരമാണ്. മദ്യത്തിലേതുപോലെ.

 

 

റജീനയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ നികേഷ് ഊന്നൽ നൽകിയിരുന്നത് ആക്രമണത്തിനായിരുന്നു. മറ്റു ചാനലുകളും അവരുടെ ഇടയിൽ പിടിച്ചു നിൽക്കാൻ അച്ചടിമാദ്ധ്യമങ്ങളും ആ വഴി പിന്തുടരുകയായിരുന്നു. നികേഷിന്റെ എല്ലാ വെളിപ്പെടുത്തലുകളും ഒളിക്യാമറാ പരിപാടികളും ആക്രമണോത്സുകതയിൽ ഊന്നിയുള്ളതായിരുന്നു. ചർച്ചാ വേളയിൽ അതിഥികളെ ചോദ്യം ചെയ്യുന്നതും സ്വയം അറിയാനോ പ്രേക്ഷകരെ അറിയിക്കാനോ ആയിരുന്നില്ല. പകരം ആക്രമിച്ചു കീഴടക്കുക എന്ന വ്യക്തിപരമായ ഹരമായിരുന്നു പ്രകടമായിരുന്നത്. നികേഷ് ഇതെല്ലാം ചെയ്തത് ഇതാണ് മാദ്ധ്യമപ്രവർത്തനം എന്ന ബോധ്യത്തിൽ നിന്നാണ്. ഇന്ത്യാവിഷൻ വിട്ട് റിപ്പോർട്ടർ തുടങ്ങുന്നതിനു മുന്നോടിയായി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നൽകിയ അഭിമുഖത്തിലൂടെ കണ്ണോടിച്ചാൽ മാദ്ധ്യമപ്രവർത്തനത്തെ കുറിച്ച് നികേഷ് കുമാർ മനസ്സിലാക്കിയത് വ്യക്തമാകുന്നു.

 

നികേഷ് കുമാർ കേരളീയ ജനജീവിതത്തിൽ തന്നിലൂടെയും മറ്റ് മാദ്ധ്യമപ്രവർത്തകരിലൂടെയും ഇടപെട്ടുകൊണ്ടിരുന്നപ്പോൾ പാലിച്ച ഒരു കാര്യം എടുത്തു പറയേണ്ടതായിരുന്നു. അദ്ദേഹം ഒരിക്കൽ പോലും ആത്മവഞ്ചന കാട്ടിയിട്ടില്ല. കാരണം തനിക്ക് ബോധ്യമായതനുസരിച്ച് പ്രവർത്തിച്ചു. അതൊരു വ്യക്തിപരമായ സത്യസന്ധതയാണ്. അത് പലപ്പോഴും നികേഷ്‌കുമാറിനെ നിഷ്‌കളങ്കനാക്കുകയും ചെയ്തു. ആ നിഷ്‌കളങ്കത മലയാളി അബോധപൂർവ്വം അറിയുന്നുണ്ടായിരുന്നു. കാരണം ചിന്തയിലൂടെയല്ല അത് തിരിച്ചറിയപ്പെടുക. ആക്രമണോത്സുകതയുടെ നടുവിലും ആ നിഷ്‌കളങ്കത തന്നെയാകാം നികേഷിന് മലയാളികളുടെയിടയിൽ പ്രചാരം നേടിക്കൊടുത്തത്. ആ നിഷ്‌കളങ്കത നികേഷ് രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചപ്പോഴും കാട്ടി. അതുകൊണ്ടാണ് മാദ്ധ്യമപ്രവർത്തനം തനിക്കു മടുത്തുവെന്നും അതിന്റെ ത്രില്ല് നഷ്ടപ്പെട്ടുവെന്നും ഇനി ആ രംഗത്തേക്കില്ലെന്നും അദ്ദേഹത്തെക്കൊണ്ട് പറയിപ്പിച്ചത്.

 

വായിക്കുക:

നികേഷ് കുമാര്‍ എന്ന ആള്‍ക്കൂട്ടം

മാലിന്യത്തെ ആശ്രയിക്കുന്ന നികേഷ് കുമാര്‍

നികേഷ് എന്ന താരം

നികേഷ് പറത്തിയ നൂലില്ലാപ്പട്ടങ്ങൾ

നികേഷ് ഇംപാക്ടും ജോർജ് ഇഫക്ടും


ലേഖകന്‍ മാതൃഭൂമി ദിനപത്രത്തില്‍ മാദ്ധ്യമപ്രവര്‍ത്തകനായിരുന്നു.

Tags: