കലിയച്ഛനും കലിയമ്മയ്ക്കും പകരം കളിയച്ഛനും കളിയമ്മയുമാകാം

Glint Guru
Fri, 18-07-2014 05:10:00 PM ;

playing with parents

 

എട്ട് വയസ്സുകാരൻ. മാതാപിതാക്കൾക്ക്, വിശേഷിച്ചും അമ്മയ്ക്ക് ഒരേ പരാതി. മകന് കളി കഴിഞ്ഞ നേരമില്ല. ഹോംവർക്ക് ചെയ്യാത്തതിനും മറ്റും സ്കൂളിൽ നിന്ന് പരാതി കൂടിയായപ്പോൾ കുട്ടിയുടെ കളി മുതിർന്നവരുടെ കാര്യമായി. അമ്മയും അച്ഛനും ഉദ്യോഗസ്ഥർ. ഒന്നര വയസ്സുകാരി മകളുമുണ്ടിവർക്ക്. മകൾ ഉണ്ടായതിന് ശേഷമാണ് മകൻ ഇത്ര കളിയിലേക്ക് കടന്നതെന്ന് ഇവർ തന്നെ പറയുന്നു. മകൾക്ക് കിട്ടുന്ന ശ്രദ്ധയ്‌ക്കൊപ്പം തങ്ങളുടെ മകനും ശ്രദ്ധ കുറഞ്ഞുപോകാതിരിക്കാൻ പരമാവധി അച്ഛനുമമ്മയും നോക്കാറുണ്ട്. എങ്കിലും കളിയൊഴിഞ്ഞ സമയം മകനില്ലാത്തതു കാരണം അവന്റെ പഠിത്തം അവരുദ്ദേശിക്കുന്ന വിധം മുന്നോട്ടു നീങ്ങുന്നില്ല. പഠിക്കാൻ സമർഥനുമാണ് ഈ കുട്ടി. അതിനാൽ കളിയ്ക്കിടയിലാണ് ഇപ്പോൾ പലപ്പോഴും അമ്മ അവനെ പഠിപ്പിക്കുന്നതും ഹോംവർക്ക് ചെയ്യിക്കുന്നതുമൊക്കെ. അവന്റെ കൂടെ കളിക്കുന്ന കൂട്ടുകാരൊക്കെ കളിച്ച് കുഴഞ്ഞ് നിർത്തിയിട്ട് പോയാൽ പോലും ഇയാൾ ഒറ്റയ്ക്കാണെങ്കിലും കളി തുടർന്നുകൊണ്ടേയിരിക്കും. ഒടുവിൽ കുഴഞ്ഞ് ഉറക്കത്തിലേക്ക് നീങ്ങും. വളരെ കരുതലുള്ള, പൊതുകാര്യങ്ങളിലുമൊക്കെ താത്പര്യമുള്ള കുട്ടിയാണ് ഇയാൾ. കുഞ്ഞുവാവയെ വലിയ ഇഷ്ടവുമാണ്. എന്നിരുന്നാലും ഇടയ്ക്ക് കുഞ്ഞുവാവയെ ആരും കാണാതെ നോവിച്ചെന്നിരിക്കും. അതും മാതാപിതാക്കൾ കാണാറുണ്ട്. ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയിട്ടാണ് ഇയാൾ വാവയെ ചെറുതായി നോവിക്കാറുള്ളത്. അതും ഗുരുതരമായെങ്ങും നോവിക്കാറില്ല. ചെറുതായി കുഞ്ഞുവാവ ഒന്നു കരയത്തക്കവിധമൊന്ന്‍ നോവിപ്പിച്ചു നീങ്ങും.

 

മാതാപിതാക്കൾക്കു തന്നെ വ്യക്തമായി അറിയാം എന്താണ് വിഷയമെന്ന്. കാരണം ഇളയകുട്ടിക്ക് ‌സ്വാഭാവികമായും കിട്ടുന്ന ശ്രദ്ധയും വാത്സല്യവും ചേട്ടനായ തനിക്ക് വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ല എന്ന തോന്നലുളവാക്കുന്നു. അതിൽ നിന്നുടലെടുക്കുന്ന അസ്വസ്ഥതയാണ് ഈ കുട്ടിയിൽ കാണുന്നതെന്നും അവർക്കറിയാം. എന്റെ കാര്യങ്ങൾ നോക്കുന്നില്ലല്ലോ എന്ന് പരാതി രൂപത്തിൽ അവൻ ചിലപ്പോൾ പറയാറുമുണ്ട്. വിരുന്നുകാരും ബന്ധുക്കളും വരുമ്പോഴും കുഞ്ഞുവാവയെയാണ് എല്ലാവരും ശ്രദ്ധിക്കാറ്. അതായത് കുഞ്ഞുവാവയ്ക്ക് ലഭിക്കുന്ന ശ്രദ്ധയെല്ലാം തന്നോടുളള ശ്രദ്ധക്കുറവായി ഇയാൾ കണക്കാക്കുന്നു. അതവനെ വല്ലാതെ വിഷമത്തിലാക്കുന്നു. ഒരുഭാഗത്ത് കുഞ്ഞുവാവയോടുള്ള ഇഷ്ടവും സ്നേഹവും. അതേസമയം തനിക്കു ലഭിക്കേണ്ട സ്നേഹവും പരിഗണനയും അവൾ തട്ടിയെടുക്കുന്നു എന്നുള്ള ധാരണയും എല്ലാം അവനെ വല്ലാത്ത വിഷമവൃത്തത്തിലാക്കുന്നു. വിഷമം ഈ കുട്ടിയെ ഏതാണ്ട് വിഷാദത്തിന്റെ അടുത്തേക്ക് കൊണ്ടുപോകുന്നു. ശരാശരി കുട്ടിയേക്കാൾ ഉയർന്ന നിലവാരത്തിലുള്ള ബുദ്ധിശക്തിയുള്ള കുട്ടിയായതിനാൽ അതിന്റെ പേരിൽ വഴക്കിടാനോ കരഞ്ഞു ബഹളം കൂട്ടി കാര്യം സാധിക്കാനോ അവന്റെ ചെറിയ ബുദ്ധി അനുവദിക്കുന്നതുമില്ല. ശേഷി കൂടുതലുള്ളവർ സ്വയം കാര്യങ്ങൾ ചെയ്യാൻ സന്നദ്ധരാവും. ആ ശേഷിയുടെ സ്ഫുരണം ഈ കുട്ടിയിലുണ്ട്. അതിനാൽ അവൻ ആരോടും പരാതി പറയാതെ സ്വയം തന്റെ വിഷമം അഥവാ വിഷാദത്തിൽ നിന്നു കരകയറാൻ കണ്ടെത്തിയ വഴിയാണ് പതിവ് കുട്ടികൾ കളിക്കുന്നതിനേക്കാൾ തോതിലുളള കളി. കളിക്കുമ്പോൾ അവൻ സന്തോഷം അറിയുന്നു. അതിനാൽ കളി അവനെ സംബന്ധിച്ചിടത്തോളം വിഷാദത്തിൽ നിന്നും കരകയറാനുള്ള വഴിയാണ്. കളി ഒഴിവായുള്ള സമയം അവന്റെ മനസ്സിൽ അനുഭവപ്പെടുന്നത് വിഷാദനേരമായാണ്. ആരാണ് വിഷാദത്തിൽ തുടരാൻ ഇഷ്ടപ്പെടുക. എല്ലാവരും അതിൽ നിന്നു പുറത്തുകടക്കാൻ ശ്രമിക്കും. അതു തന്നെയാണ് ഈ കുട്ടിയും ചെയ്യുന്നത്. ഉറക്കത്തിലേക്ക് വഴുതിവീഴുന്നതുവരെ കളിച്ചുകൊണ്ടിരിക്കുക.

 

തന്നെ വേണ്ട വിധം അച്ഛനുമമ്മയും ശ്രദ്ധിക്കുന്നില്ല എന്നതു തന്നെയാണ് അടിസ്ഥാനപരമായി അവന്റെ വിഷാദത്തിന് നിദാനം. ആ വിഷാദത്തിൽ നിന്നു കരകയറാൻ അവൻ സ്വയം കണ്ടെത്തിയ വഴിയാണ് കളി. ആ സന്തോഷത്തിൽ ഏർപ്പെടുമ്പോഴും ഇപ്പോൾ മാതാപിതാക്കൾ പറയുന്നു, കളി അവസാനിപ്പിക്കാൻ. ആ കുഞ്ഞുമനസ്സിൽ അവൻ അപ്പോൾ മനസ്സിലാക്കുന്നത് അവന്റെ സന്തോഷത്തിന് വിഘാതം നിൽക്കുന്നവരാണ് തന്റെ അച്ഛനമ്മമാർ എന്നാണ്. ഈ ധാരണ കുഞ്ഞുന്നാളിലെ ഉറച്ചു കഴിഞ്ഞാൽ മുതിർന്നാലും അതവിടെ കിടക്കും. അവന്റെ സ്വഭാവത്തിലും വൈകാരിക ഘടനയിലുമെല്ലാം അത് പ്രേരക ശക്തിയായി തുടരും.

 

തനിക്കു വിഷമം സൃഷ്ടിക്കുന്നവരല്ല, മറിച്ച് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ് തന്റെ അച്ഛനും അമ്മയും എന്ന് ഈ കുട്ടിയുടെ മനസ്സിൽ എങ്ങനെ കുറിച്ചിടാം. അതാണ് ഈ അച്ഛനമ്മമാരുടെ മുന്നിലുള്ള വെല്ലുവിളി. സംഗതി വളരെ എളുപ്പമാണ്. കാരണം ഈ പ്രായം അത്തരത്തിലുള്ള ഫോർമാറ്റിംഗിന് പറ്റിയ കാലമാണ്. അവനെ സംബന്ധിച്ച് അവരുടെ ശ്രദ്ധ അവന് വേണ്ടവിധം കിട്ടുന്നുവെന്ന് തോന്നിയാൽ മതി. അത് യാന്ത്രികവുമാകരുത്. അതിനാൽ ഇവിടെ മാറ്റം വേണ്ടത് മാതാപിതാക്കൾക്കാണ്. അവൻ കളിപ്രായത്തിലും വിഷമത്തെ കളിയായി മാറ്റിയതിനാലും അവനിൽ സർഗാത്മകത വൻ തോതിൽ വിളയുന്ന മനസ്സെന്ന മണ്ണുണ്ട്. ഇപ്പോൾ അവൻ സന്തോഷമാർഗ്ഗം കളിയാണ്. അത് നിർത്തൂ എന്ന് അവനെ ഉപദേശിക്കുന്നതിനു പകരം അവനോടൊപ്പം അച്ഛനും അമ്മയും സമയം കിട്ടുമ്പോൾ കളിക്കുക. അതും സന്തോഷത്തോടെ കളിക്കുക. അവരുടെ ഉള്ളിലെ കുട്ടിക്കും സന്തോഷമാകുന്ന വിധം. അപ്പോൾ അവനിലുണ്ടാകുന്ന ആനന്ദം അളവറ്റതാകും. കളി നിർത്തി പഠിക്കാനോ ഹോംവർക്ക് ചെയ്യാനോ പറയേണ്ട. അവന്റെ കൂടെ അച്ഛനുമമ്മയും കളിക്കുമ്പോൾ അവന് നഷ്ടമായത് തിരിച്ചുകിട്ടിയെന്ന ധാരണ അവന്റെയുള്ളിൽ ഊർന്നിറങ്ങും. താനേ അവൻ പഠനത്തിലേക്കും ഹോംവർക്കിലേക്കുമൊക്കെ വന്നുകൊള്ളും. ഒപ്പം അവനിൽ കണ്ടുവരുന്ന ദേഷ്യവും ഇല്ലാതാകും. വീട്ടിലെ പൊതു അന്തരീക്ഷം കളിയുടേതും ചിരിയുടേതുമായി മാറും. ഇത് ഒന്നരവയസ്സുകാരിയുടെ മാനസിക ഉല്ലാസത്തെ ആരോഗ്യകരമായി സ്വാധീനിക്കും.

 

കളിക്കിടെ ഹോംവർക്ക് ചെയ്യിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയയും അവസാനിപ്പിക്കേണ്ടതാണ്. കളിപോലെ വേണ്ട പ്രക്രിയയാണ് പഠനം. ഒരേസമയം രണ്ടെണ്ണത്തിൽ ശ്രദ്ധിക്കുന്നത് മനസ്സിന്റെ അറ്റത്ത് ഏകമായതിനെ സ്ഥിരപ്പെടുത്തി നിർത്തുന്ന പരിശീലനം അവനില്ലാതെ വരും. ഫോണിൽ സംസാരിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന അവസ്ഥയിൽ അവന്റെ ശീലം ഉറച്ചുവരും. സ്വാഭാവികമായി ബുദ്ധിശക്തി കൂടിയ കുട്ടിയാണെങ്കിൽ അതവനെ അമിതമായ പ്രവർത്തന സ്വഭാവത്തിലേക്ക് കൊണ്ടുപോകും. അതനുസരിച്ച് അവന്റെ മനസ്സ് ശാന്തമല്ലാതാകും. അശാന്തമായ മനസ്സിന്റെ ബാഹ്യപ്രകടനമാണ് ഹൈപ്പർ ആക്ടീവ് അഥവാ അമിതപ്രവൃത്തിയിലൂടെ കാണപ്പെടുന്നത്. അതവന്റെ പൂർണ്ണശേഷിയെ പൂർണ്ണ വിനിയോഗത്തിലെത്തിക്കുന്നതിന് തടസ്സമാകും. ഇതെല്ലാം എളുപ്പം മാറ്റാം. അവനോടൊത്ത് ആത്മാർഥമായി കളിക്കുക. അവൻ പറയുന്നത് സ്നേഹത്തോടെ ശ്രദ്ധയോടെ കേൾക്കുക. സംഗതി എളുപ്പം. കളിയച്ഛനും കളിയമ്മയും അവനോടൊപ്പമുണ്ടെങ്കിൽ. ഇപ്പോൾ കളിയച്ഛനും കളിയമ്മയുമായി മാറാൻ കഴിഞ്ഞില്ലെങ്കിൽ സംഭവിക്കുക കലിയച്ഛനും കലിയമ്മയുമായിരിക്കും. യാഥാർഥ്യത്തിലും അവനെ സംബന്ധിച്ചും. അവനും കുടുംബത്തിനും നാട്ടിനുമെല്ലാം അതു ദോഷം വരുത്തിവയ്ക്കും.

Tags: