പതിനാറുകാരന്റെ അച്ഛൻ പോര്

Glint Guru
Tue, 25-06-2013 04:30:00 PM ;

'അച്ഛൻ വീണ്ടും തുടങ്ങി.' പതിനാറുവയസ്സുകാരനായ മകൻ.

'എന്താ മോനേ ഇങ്ങനെ അച്ഛനോട് സംസാരിക്കുന്നത്?'  മകന്റെ വാചകം കേട്ട് അമ്മ.

'അച്ഛൻ ഒരു കാരണവുമില്ലാതെ ഇറിറ്റേറ്റ് ചെയ്താല്‍ പിന്നെ ഞാനെന്തുചെയ്യാനാ?' എന്നായി മകൻ.

 

മകന്റെ അച്ഛനോടുള്ള സമീപനത്തില്‍ അമ്മ ആകെ അസ്വസ്ഥയായി. അച്ഛനും. അമ്മ സ്വകാര്യവേളയില്‍ അച്ഛനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അച്ഛനോട് എന്താണ് മകനിത്ര ദേഷ്യമെന്നായി അമ്മ. അച്ഛനും അറിയില്ല എന്താണ് തന്റെ മകന് തന്നോടിത്ര ദേഷ്യമെന്ന്‍. പിന്നീട് അച്ഛൻ കിട്ടിയ അവസരത്തിലെല്ലാം മകനെ കുത്തിക്കൊണ്ട് സംസാരിച്ചു. ചിലപ്പോഴൊക്കെ മകൻ തിരിച്ചടിച്ചു. മറ്റ് ചിലപ്പോൾ അവൻ മിണ്ടാതിരുന്നു.

 

പതിനാറുവയസ്സുകാരനില്‍ മാറ്റത്തിന്റെ സമയമാണ്. ഈ പ്രായം അവന്റെ അച്ഛനും കടന്നുവന്നതാണ്. ചിലപ്പോൾ ആ കാലം ഓർക്കുന്നുണ്ടാവില്ല. മറ്റുചിലപ്പോൾ, ഈ അച്ഛൻ വിചാരിക്കുന്നുണ്ടാവും തന്റെ അച്ഛൻ തന്നോട് പെരുമാറിയപോലെയല്ല, താൻ പെരുമാറിയിട്ടുള്ളത്. സുഹൃത്തിനെപ്പോലെ പരിപൂർണ്ണ സ്വാതന്ത്ര്യം നല്‍കിയാണ് വളർത്തിയത്. എന്നിട്ടും തന്നോടിങ്ങനെ എന്നുള്ളതായിരിക്കും  ആ അച്ഛൻ ചിന്തിക്കുക. മകൻ മുതിരുന്നു എന്നുള്ളതാണ് മാറ്റം. പതിനാറു വയസ്സെത്തിയ മകൻ പ്രായത്തിനനുസരിച്ചു വളരുന്നത് അല്ലെങ്കില്‍ മുതിരുന്നത് രക്ഷിതാക്കൾക്ക് സന്തോഷിക്കാൻ വക നല്‍കുന്ന ഒന്നാണ്. പക്ഷേ അവന്റെ മാറ്റം അഥവാ മുതിരുന്ന പ്രക്രിയ കാണുന്നതിന് പകരം തങ്ങൾക്കേല്‍ക്കുന്ന മുറിവിലേക്കാണ് രക്ഷിതാക്കൾ നോക്കുന്നത് .മുതിർന്നവരോട് ധിക്കാരം പറയുന്നവൻ, ഗുരുത്വമില്ലാത്തവൻ എന്നിത്യാദി വിശേഷണങ്ങളും ഒരുപക്ഷേ ഈ പതിനാറുകാരൻ കേൾക്കേണ്ടിവരും.

 

തന്റെ പ്രിയപ്പെട്ട അച്ഛനോട് മോശമായി സംസാരിച്ചതിന്റെ വിഷമം ഈ പതിനാറുകാരനില്‍ ശക്തമായുണ്ടാകും. അതിലവൻ വിഷമിച്ചിരിക്കുമ്പോഴാണ് അവനെ കുറ്റപ്പെടുത്തിക്കൊണ്ടും ശപിച്ചുകൊണ്ടുമുള്ള ആക്ഷേപങ്ങൾ വീണ്ടും കേൾക്കാനിട വരുന്നത്. അത് അവനെ കൂടതല്‍ വേദനിപ്പിക്കുകയും ആ വേദനയില്‍ നിന്ന് പുറത്തുകടക്കാൻ അവന്റെ രക്ഷിതാക്കളെപ്പോലെ തിരിച്ച് കൂടുതല്‍ വിപരീത നിലപാടെടുത്ത് അവരെ കൂടുതല്‍ വേദനിപ്പിക്കും. കുറച്ചുകഴിയുമ്പോൾ അവനുതോന്നും തന്റെ ഭാഗത്താണ് ശരിയെന്ന്‍. കാരണം അവനെ അത്രമാത്രം വേദനിപ്പിച്ചതിന്റെ ഉദാഹരണങ്ങൾ അവന്റെയുള്ളിലുണ്ട്.

         

ഒരു വ്യക്തിയുടെ സ്വഭാവം നിശ്ചയിക്കപ്പെടുന്നതാണ് ഈ ഘട്ടം. മേല്‍സൂചിപ്പിച്ച വിധമുള്ള പതിനാറുകാരൻ അങ്ങേയറ്റം ക്ഷിപ്രകോപിയും ആന്തരികസംഘട്ടനവുമൊക്കെ അനുഭവിക്കുന്ന വ്യക്തിയായി മാറിയാല്‍ അതില്‍ തെല്ലും അത്ഭുതമില്ല. ബാല്യത്തില്‍ നിന്ന്‍ കൗമാരത്തിലേക്കു കടക്കുമ്പോൾ ബാല്യക്കാരൻ അവിടെത്തന്നെയുണ്ട്. അവനിലെ കുട്ടിത്തവും അതനുസരിച്ചുകിട്ടുന്ന പരിഗണനയുമൊക്കെ അവനിലെ കുട്ടിയെ ഒരു പരിധിവരെ തൃപ്തിപ്പെടുത്തുന്നുണ്ടാവും. കൗമാരപ്രശ്‌നങ്ങൾ ഉണ്ടെങ്കില്‍പ്പോലും. അവിടെ ബാല്യവും കൗമാരവും തമ്മിലുള്ള ഏർപ്പാടാണ്. എന്നാല്‍ കൗമാരത്തില്‍ നിന്ന്‍ പുരുഷനിലേക്കുള്ള പടിവാതില്ക്കല്‍ നില്‍ക്കുമ്പോൾ കുട്ടി പുരുഷനെക്കണ്ട് പേടിക്കുന്നു. ആ പുരുഷന് അവന്റെ അച്ഛനുമായാണ് സാമ്യം. പുരുഷൻ ആധിപത്യം സ്ഥാപിക്കുമ്പോൾ താൻ മരിച്ചുപോകുമോ എന്ന കുട്ടിയുടെ മരണഭയമായിപ്പോലും അതിനെ കാണാവുന്നതാണ്. ഒരുകാര്യം ഉറപ്പാണ് കുട്ടി മരിക്കില്ലെങ്കിലും കുട്ടിത്തം മരിക്കും. അല്ലെങ്കില്‍ കൊഴിഞ്ഞുവീഴും. പൂവിന്റെ മരണത്തിലൂടെയാണ് കായ് ജനിക്കുന്നത്. അതേ പ്രക്രിയ. അപ്പോൾ പൂവിന്റെ ആത്മാവ് കായയ്ക്കുള്ളില്‍ അന്തർലീനമാകുന്നതുപോലെ കുട്ടി പുരുഷനുള്ളിലാകുന്നു. ഇതളുകളാകുന്ന കുട്ടിത്തം പോയേ മതിയാകൂ. ഒന്നുകൂടിപറയട്ടെ, കുട്ടി അവിടെയുണ്ടാവും. ഉണ്ടാവുകയും വേണം.

 

തന്റെയുള്ളിലെ പുരുഷനെ കണ്ട് അലോസരം തോന്നുന്ന പതിനാറുകാരന് അച്ഛനോട് അലോസരം പ്രകടിപ്പിക്കുന്നുവെങ്കില്‍ അത് നല്ല ലക്ഷണമാണ്. കാരണം അവനില്‍ ഉണ്ടായ അലോസരത്തെ ഭീതിമൂലം അവൻ അടക്കിവയ്ക്കുന്നില്ല. പകരം അവനിലെ പുരുഷനും അച്ഛനും തമ്മില്‍ ഒരു താരതമ്യം കാണുന്നു. അതു തുറന്ന സംവേദനത്തേയും അധികാരസ്ഥാനത്തോട് അടിമത്തരീതിയിലുള്ള പേടി ഇല്ലായ്മയുമാണ് സൂചിപ്പിക്കുന്നത്. ഈ പതിനാറുകാരനുമായി അവന്റെ അച്ഛൻ തുറന്ന്‍ സംസാരിക്കുകയാണെങ്കില്‍, എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ തോന്നുന്നതെന്നും അതിന്റെ കാരണങ്ങളേക്കുറിച്ചുമൊക്കെ അവന് സ്വീകാര്യമായ സമയത്തു സംവദിക്കുകയാണെങ്കില്‍ ആ കുട്ടിയോട് കാട്ടുന്ന ഏറ്റവും വലിയ സ്‌നേഹവും സാമൂഹികമായി ഒരച്ഛൻ നിർവഹിക്കുന്ന ഏറ്റവും വലിയ സേവനവുമായിരിക്കും. കാരണം വിപരീതാത്മകതയില്ലാതെ ഒരു യുവാവിനെ സമൂഹത്തിലേക്ക് സംഭാവനചെയ്യുകയാവും അതു വഴി. സ്വാഭാവികമായും ആ കുട്ടിക്കും അവന്റെ കുടുംബത്തിനും അതിന്റെ പ്രയോജനമുണ്ടാകുമെന്നുള്ളത് എടുത്തുപറയേണ്ടതില്ല. പക്ഷേ ശീലിച്ചുപോയതിനാല്‍ ഇത്തരം പ്രതികരണങ്ങളെ രക്ഷിതാക്കളും അധ്യാപകരും ധിക്കാരമായും ശീലക്കേടായും വിലയിരുത്തി ഒന്നുകില്‍ അടിച്ചമർത്തുന്നു അല്ലെങ്കില്‍ അഹങ്കാരിയായി മുദ്രകുത്തി അകറ്റുന്നു.

 

ഡിജിറ്റല്‍ യുഗത്തിലെ അതായത് ഇപ്പോഴത്തെ കൗമാരക്കാരോട് ഇത്തരം കാര്യങ്ങൾ പറഞ്ഞാല്‍ അവർ സശ്രദ്ധം കേൾക്കാൻ തയ്യാറാകുന്നു എന്നത് വളരെ അനുകൂലമായ അവസ്ഥയാണ്. എന്നാല്‍ അവരുടെയടുത്ത് അങ്ങനെ സംവദിക്കാൻ രക്ഷിതാക്കൾ പലരും തയ്യാറാകുന്നില്ല. കഴിഞ്ഞ തലമുറയില്‍ നിന്ന് കൂടെക്കൊണ്ടുവന്ന തടസ്സമാണത്. ഒന്നു ശ്രമിച്ചാല്‍ അതില്‍നിന്ന് പുറത്തുചാടാവുന്നതേയുളളു. അങ്ങനെവരുമ്പോൾ തങ്ങളുടെ മക്കളിലൂടെ രക്ഷിതാക്കൾക്ക് വളരാനും പുത്തൻതലമുറയോട് ചേർന്ന്‍ പോകാനും കഴിയും. ഇല്ലെങ്കില്‍ പുത്തൻതലമുറയുടെ പേടിച്ചരണ്ട കാഴ്ചക്കാരായി പിൻവാങ്ങേണ്ടിവരും മുൻതലമുറക്കാർക്ക്. കാരണം മുൻപത്തെ കൗമാരക്കാരല്ല ഇപ്പോഴത്തേത്. കാരണം യുഗത്തിന്റെ വ്യത്യാസം.

Tags: