ഐ.സി.യു: കേന്ദ്രസർക്കാർ തീരുമാനം സ്വാഗതാർഹം; പ്രയോഗത്തിൽ വരാൻ പ്രയാസം
കുടുംബത്തിൻറെ അംഗീകാരം ഇല്ലാതെ രോഗികളെ ഐ.സി.യുവിൽ കിടത്താൻ പാടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം സ്വാഗതാർഹമാണ്. സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്നവർ നിർദ്ദാക്ഷിണ്യമാണ് ചൂഷണം ചെയ്യപ്പെടുന്നത്. ആ ചൂഷണത്തിൽ ഏറ്റവും കൂടുതൽ ആശുപത്രി ഉടമകൾ ഉപയോഗിക്കുന്നത് ഐ.സി.യുവാണ്. ആശുപത്രിയിൽ തങ്ങളുടെ ഉറ്റവരുമായി എത്തുന്ന ബന്ധുക്കൾ പലവിധ ആശങ്കകളിലായിരിക്കും. ആ സമയം ഡോക്ടർമാർ നിർദ്ദേശിക്കുന്നതെന്തും ബന്ധുക്കൾ അംഗീകരിക്കും. ഐ.സി.യുവിൽ പ്രവേശിപ്പിച്ചില്ലെങ്കിൽ പരിചരണവും ചികിത്സയും വേണ്ടത്ര ഫല പ്രദമാകില്ല എന്നു ഡോക്ടർ പറഞ്ഞാൽ ബന്ധുക്കൾക്ക് എന്തു ചെയ്യാൻ കഴിയുമെന്ന ഗതികേട് ബന്ധുക്കൾ നേരിടുന്നു. അതിനാൽ ഐ.സി. യു വിൽ പ്രവേശിപ്പിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ തീരുമാനിച്ച് പ്രഖ്യാപിക്കുകയാണ് വേണ്ടത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗിയുടെ അവസ്ഥയുടെ രേഖ ആശുപത്രിയിൽ ലഭ്യമാണ്. ആശുപത്രിയിലെത്തുമ്പോൾ രോഗി ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ടാലും അധികം താമസിയാതെ പരിശോധനാ ഫലം ലഭ്യമാകും. വ്യക്തമായ മാനദണ്ഡമുണ്ടെങ്കിൽ അതനുമ്പരിച്ച് തീരുമാനമെടുക്കാവുന്നതേ ഉള്ളു. അത്തരമൊരു നടപടിയിലൂടെ മാത്രമേ നിസ്സഹായരായ ജനത്തെ സ്വകാര്യ ആശുപത്രിക്കാരുടെ കൊടിയ ചൂഷണത്തിൽ നിന്ന് ചെറുതായെട്ടെങ്കിലും രക്ഷപെടുത്താൻ കഴിയൂ. ഈ രംഗത്തെ ചൂഷണം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ വന്നു എന്നത് വലിയ ആശ്വാസമാണ്.