Skip to main content
Thiruvananthapuram

Mohanlal

സംസ്ഥാന ഖാദി ബോര്‍ഡിനെതിരെ 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസയച്ചു. ഖാദി ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ് പൊതുജന മധ്യത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് നോട്ടീസ്.

 

സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി അഭിനയിച്ച ലാലിനും സ്ഥാപനത്തിനും ഖാദി ബോര്‍ഡ് വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ  ഉല്‍പ്പന്നത്തിന് ഖാദിയുമായി ബന്ധമില്ലെന്നും ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി മോഹന്‍ലാല്‍ അഭിനയിക്കുന്നത് ഖാദിബോര്‍ഡിനു നഷ്ടവും സ്വകാര്യ സ്ഥാപനത്തിനു ലാഭവും ഉണ്ടാക്കുമെന്നും വിലയിരുത്തിയായിരുന്നു നോട്ടീസ്. തുടര്‍ന്ന് കമ്പനി ആ പരസ്യം പിന്‍വലിക്കുകയും ചെയ്തിരുന്നു.

 

എന്നാല്‍ സംഭവം തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നും അതിനാല്‍ ഖാദിബോര്‍ഡ് പരസ്യമായി മാപ്പുപറയുകയോ ക്ഷമാപണം നടത്തി മാധ്യമങ്ങളില്‍ പരസ്യം നല്‍കുകയോ ചെയ്തില്ലെങ്കില്‍ 50 കോടി രൂപ നല്‍കണമെന്നാണ് മോഹന്‍ലാല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.