ഡി.എം.കെയുടെ അധ്യക്ഷനായി എം.കെ. സ്റ്റാലിനെ തിരഞ്ഞെടുത്തു. രാവിലെ ഒന്‍പതിനു പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ ചേര്‍ന്ന ഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. സ്റ്റാലിന്‍ ഇന്ന് വൈകീട്ട് ചുമതലയേല്‍ക്കും.
ഇതോടെ കരുണാനിധിക്ക് ശേഷം ഡി.എം.കെയെ ആര് നയിക്കുമെന്ന തര്‍ക്കത്തിനാണ് വിരാമമാകുന്നത്. അരനൂറ്റാണ്ട് കാലം കരുണാനിധി വഹിച്ച പദവിയിലേക്കാണ് മകന്‍ സ്റ്റാലിന്‍ എത്തുന്നത്.
കരുണാനിധിയുടെ ഇളയമകനായ സ്റ്റാലിന്‍ സ്‌കൂള്‍ പഠനകാലം മുതല്‍ തന്നെ പാര്‍ട്ടിയില്‍ സജീവമായിരുന്നു. ഡി.എം.കെ ട്രഷറര്‍, യുവജനവിഭാഗം സെക്രട്ടറി ഉള്‍പ്പെടെ നിരവധി പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. 2009ല്‍ ഉപമുഖ്യമന്ത്രിയായിട്ടുണ്ട്.
തിരഞ്ഞെടുക്കപ്പെട്ട മൂവായിരത്തോളം പ്രതിനിധികള്‍ പങ്കെടുത്ത കൗണ്‍സിലില്‍ പുതിയ ട്രഷററായി മുതിര്‍ന്ന നേതാവ് ദുരൈമുരുഗനെയും തിരഞ്ഞെടുത്തു. പാര്‍ട്ടി അധ്യക്ഷനായിരുന്ന എം. കരുണാനിധിക്കു ഭാരതരത്ന നല്‍കണമെന്ന പ്രമേയവും യോഗം പാസാക്കി.