നടിയാക്രമണക്കേസിനെ തുടര്‍ന്ന് താരസംഘടനയായ 'അമ്മ'യില്‍നിന്ന് പുറത്താക്കിയ നടന്‍ ദിലീപിനെ തിരിച്ചെടുത്തു. ഞായറാഴ്ച കൊച്ചിയില്‍നടന്ന അമ്മ വാര്‍ഷിക ജനറല്‍ബോഡി യോഗത്തിലാണ് തീരുമാനം. ദിലീപിനെ പുറത്താക്കിയത് സാങ്കേതികമായി നിലനില്‍ക്കില്ലെന്നതാണ് തിരിച്ചെടുക്കാന്‍ പറയുന്ന കാരണം.
വിഷയം അജന്‍ഡയില്‍ ഉള്‍പ്പെടുത്താതിരുന്നിട്ടും ചര്‍ച്ചയ്ക്കുവരികയായിരുന്നു. ദിലീപിനെ പുറത്താക്കിയത് സംഘടനയുടെ നിയമാവലിക്ക് വിരുദ്ധമായാണെന്നും അതിനാല്‍ത്തന്നെ പുറത്താക്കല്‍ നിലനില്‍ക്കുന്നതല്ലെന്നും ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ദിലീപ് കേസിനുപോയിരുന്നെങ്കില്‍ സംഘടന കുടുങ്ങിയേനെയെന്ന് സിദ്ദിഖ് അഭിപ്രായപ്പെട്ടു.
അതേസമയം, വിമന്‍ ഇന്‍ സിനിമ കളക്ടീവ് പ്രവര്‍ത്തകരായ താരങ്ങള്‍ ജനറല്‍ബോഡിയില്‍നിന്ന് വിട്ടുനിന്നു. രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, പാര്‍വതി തുടങ്ങിയവര്‍ യോഗത്തിനെത്തിയില്ല. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇന്നസെന്റ് ഒഴഞ്ഞു.
പുതിയ പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും വൈസ് പ്രസിഡന്റുമാരായി കെ.ബി. ഗണേഷ് കുമാറും മുകേഷും ചുമതലയേറ്റു.