വരുന്ന ഒരു മാസക്കാലം ലോകം ഫുട്ബാള്‍ ലഹരിയിലാണ്. ലഹരിയെന്നാല്‍ ഒരേ തരംഗവീചിയില്‍ എത്തുന്ന അവസ്ഥയാണ്. ലോകത്ത് ഇത്രയധികം ജനതയെ ഒരേ സമയം രസത്തിന്റെ തരംഗവീചിയില്‍ എത്തിക്കുന്ന മറ്റൊരു സംഭവുമില്ല. ഫുട്ബാള്‍ സുന്ദരമായ കളിയുമാണ്. കളത്തിനുള്ളില്‍ അണുവിട തെറ്റാതെയുള്ള നിയമങ്ങളാല്‍ കളിക്കുന്ന കളി. നിയമങ്ങളും കളിക്കളവുമാണ് ആ കായിക വിനോദത്തെ സുന്ദരമാക്കുന്നതിന്റെ പശ്ചാത്തലം. ഇവിടെ ഫുട്ബാള്‍ ജീവിതത്തെ സമീപിക്കേണ്ട തത്വത്തിന്റെ കളിയുമാകുന്നു.
കളിക്കളത്തിലിറങ്ങുന്ന രണ്ടു ടീമുകള്‍. അവരുടെ ഓരോ ചലനവും ഗോള്‍മുഖത്തേയ്ക്കാണ്. എന്നാല്‍ അവര്‍ ഗോള്‍മുഖത്തിലേക്ക് നോക്കുന്നില്ല. പന്തില്‍ മാത്രമാണ് അവരുടെ നോട്ടം. കളത്തിലിറുങ്ങുന്ന ഓരോ കളിക്കാരനും ഒരേ ലക്ഷ്യം മാത്രം. എന്നാല്‍ ഗോളടിക്കുക മാത്രമാണ് ലക്ഷ്യമെങ്കില്‍ ടൈ ബ്രേക്കറിലൂടെ ഗോളടിച്ച് വിജയിയെ തീരുമാനിച്ചാല്‍ മതി. അപ്പോള്‍ അത് കളിയാകില്ല. കളിയുടെ രസം കളി തന്നെയാണ് .കളത്തില്‍ ഒരു നിമിഷം ശ്രദ്ധ നശിച്ചാല്‍ കളി പാളി. ജീവിതമെന്ന കളിയിലെ രസവും അതു തന്നെ. പന്തിനെ വിട്ട് ഗോള്‍മുഖത്തെ ഓര്‍ത്തിരുന്നാലും കളി പാളും. കളി കളിക്കാരന്റെ ലക്ഷ്യമാകുമ്പോഴാണ്, കളി കളിയാകുന്നതും അതു രസമാകുന്നതും. കളി ലക്ഷ്യമാകുമെന്ന് പറയുന്നത് പോലെയാണ് മാര്‍ഗ്ഗം ലക്ഷ്യമാകുമെന്ന് പറയുന്നതും. നല്ല കളിക്കാര്‍ മനോഹര നീക്കത്തിലൂടെ ഗോളടിക്കുന്നതും അതുകൊണ്ടാണ്. മെസ്സിയെയും നെയ്മറെയും റൊണാള്‍ഡോയെയും നാം ആസ്വദിക്കുന്നതും അതിനാലാണ്. ഈ കളി കാണുകയും അതാസ്വദിക്കുകയുമാണ് വരുന്ന ഒരു മാസം കളിക്കമ്പക്കാര്‍ക്കും അല്ലാത്തവര്‍ക്കും അഭികാമ്യം. അതിലൂടെ വെറും കളികാണല്‍ മാത്രമല്ല പല മുഹൂര്‍ത്തങ്ങളും ഓരോ വ്യക്തിയുടെയും വാസനയ്ക്കനുസരിച്ച് ഉള്ളിലേക്ക് സന്നിവേശിക്കപ്പെടും.
എന്നാല്‍ ലോകകപ്പ് തുടങ്ങുന്നതിന് മുന്‍പ് തന്നെ കേരളത്തിന്റെ പല ഭാഗങ്ങളിലും കൂറ്റന്‍ ഫ്ളക്സുകള്‍ നിറഞ്ഞു കഴിഞ്ഞു. ചിലര്‍ ചേരി തിരിഞ്ഞ് അര്‍ജന്റീനയുടെയും ബ്രസീലിന്റെയുമൊക്കെ പക്ഷം പടിക്കുന്നു. തങ്ങളുടെ ഇഷ്ടടീമുകളുടെ താരങ്ങളുടെ പ്രത്യേക കട്ടൗട്ടുകളും വച്ച് കട്ട ഫാനായി ചമയുന്നു. പിന്നെ മുടിയിലും താടിയിലുമൊക്കെ വരുത്താവുന്ന മാറ്റങ്ങളൊക്കെ വരുത്തി സ്വയം സംതൃപ്തിയടയുന്നു. എന്നിട്ട് ഓരോരുത്തരും ഇപ്പോഴേ കട്ടായം പറച്ചിലാണ് ഏതു ടീം ജയിക്കുമെന്ന്. ജയത്തിലേക്ക് ഫുട്ബാള്‍ പ്രേമികളുടെ ശ്രദ്ധയെ തിരിച്ചതില്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടര്‍മാരുടെ കാഴ്ചപ്പാടിന് നല്ലൊരു പങ്കുണ്ട്. കാരണം റിപ്പോര്‍ട്ടില്‍ അവര്‍ ആവര്‍ത്തിക്കുന്നു, എല്ലാവരും ഉറ്റു നോക്കുന്നത് ആര് കപ്പ് നേടുമെന്നുള്ളതാണ് എന്ന്. ഇതാണ് പല സ്ഥലങ്ങളിലും പല ക്ലബ്ബുകള്‍ ഗ്രൂപ്പ് തിരിഞ്ഞ് ഇഷ്ടടീമുകളുടെ ഫ്ളക്സ് വ്ച്ച് വാശിയിലായിരിക്കുന്നത്. ചില സ്ഥലങ്ങളില്‍ രണ്ടു ടീമുകളുടെ ഫാനുകള്‍ തമ്മില്‍ സംഘര്‍ഷം വരെ ഉണ്ടായതായി പറയപ്പെടുന്നു.
ഏതെങ്കിലും പക്ഷം പടിക്കാതെ കളി കാണാന്‍ പറ്റാതായിരിക്കുന്നു മലയാളിക്ക്. കളിയുടെ രസം അറിയണമെങ്കില്‍ കളി കാണാനും അറിയണം. ലോകകപ്പില്‍ ഏതെങ്കിലും ഒരു ടീമിന്റെ പക്ഷം പിടിച്ചാലെ കളി ആസ്വദിക്കാന്‍ പറ്റുകയുള്ളുവെന്ന് പറയുന്നത് മലയാളിയുടെ ഉപബോധമനസ്സില്‍ കക്ഷി രാഷ്ട്രീയ പക്ഷപാതത്തിലൂടെ ഉറഞ്ഞു പോയ വിഭാഗീയ ചിന്ത മൂലമാണ്. കളി കണ്ടുകൊണ്ടിരിക്കുമ്പോള്‍ നന്നായി കളിക്കുന്ന ടീമിനോട് കാണിക്ക് ആഭിമുഖ്യം തോന്നാം. ആ ടീമിന്റെയൊപ്പം ചിലപ്പോള്‍ മനസ്സ് പായും. അതു സ്വാഭാവികം. നന്നായി കളിക്കുന്നവര്‍ വിജയിക്കട്ടെ എന്ന വൈകാരികതയാണ് അവിടെ ഉണ്ടാവുക. അത് ആരോഗ്യകരമാണ്. നല്ല ടീമുകള്‍ ജയിച്ചേക്കുമെന്ന് മുന്‍കൂട്ടി കരുതുന്നതിലും തെറ്റില്ല. എന്നാല്‍ ഞങ്ങള്‍ ഇന്ന പക്ഷക്കാരാണ് എന്ന് പ്രഖ്യാപിച്ചിട്ട് കളി തുടങ്ങുംമുന്പ് അതില്‍ ആവേശം കൊള്ളുന്നത് രോഗലക്ഷണമാണ്. ഈ ആവേശം തന്നെയാണ് വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്പ്പെട്ടവര് തമ്മില്‍ തല്ലാനും, കൊല്ലാനും നടക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
പക്ഷം പിടിക്കാതെ കളി കണ്ടിരുന്നാല്‍ നല്ല കളികള്‍ ആസ്വദിക്കാനും, നല്ല കളിക്കാരെ തിരിച്ചറിയാനും അവരുടെ പ്രത്യേകതകള്‍ ആസ്വദിക്കാനും കഴിയും. ഏതെങ്കിലുമൊരു ടീമിനോട് ഭ്രാന്തു പോലുള്ള വൈകാരികത ഉണ്ടാക്കുന്ന അതേ വൈകാരികധാതു ലവണങ്ങള്‍ തന്നെയാണ് ജാതി-മത-രാഷ്ട്രീയ വിഭാഗീയതയിലും പ്രവര്‍ത്തിക്കുന്നത്. ആ ഭ്രാന്തിന്റെ ലക്ഷണമാണ് ഈ പക്ഷപാതഫ്ളക്സ് യുദ്ധത്തിലൂടെ പ്രകടമാകുന്നത്. കളിക്കാരന്റെ മുന്നില്‍ ഗോള്‍മുഖം പോലെയാകട്ടെ വിജയി ആരെന്നുള്ളത്. അതുവരെയുള്ളത് കളിയാണ്.അതാസ്വദിക്കാം. ആ ആസ്വാദനം ശീലിക്കാന്‍ ശ്രമിച്ച് തുടങ്ങിയാല്‍ മലയാളിയുടെ പക്ഷപാതാര്ബുദരോഗത്തിനു ചെറിയ ശമനവും കിട്ടും. അല്ലെങ്കില്‍ ഓരോ കളിയും കഴിയുമ്പോള്‍ കാരണമില്ലാതെ ചിലര്‍ക്കെങ്കിലും ദുഖിക്കേണ്ടിവരും. ദുഖം വേദനയെയും വേദന അക്രമത്തേയും സൃഷ്ടിക്കും.