image-pti
ജമ്മുകാശ്മീരിലെ തങ്ധര്‍ അതിര്‍ത്തി മേഖലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് ഭീകരരെ സൈന്യം വധിച്ചു. ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് തിരച്ചില്‍ ശക്തമാക്കിയെന്ന് സൈനിക വക്താവ് കേണല്‍ രാജേഷ് കാലിയ അറിയിച്ചു.
അതിര്‍ത്തിയില്‍ സമാധാനം കൊണ്ടു വരാനായി പാകിസ്താന് നുഴഞ്ഞുകയറ്റ ശ്രമം നിര്‍ത്തണമെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത് ആവശ്യപ്പെട്ട് മണിക്കൂറുകള്‍ക്കകമായിരുന്നു നുഴഞ്ഞു കയറാന്‍ ശ്രമം നടന്നത്. അതിര്‍ത്തിയില്‍ നമുക്ക് സമാധാനം വേണമെന്നും പാക്കിസ്ഥാന്റെ നിരന്തരമുള്ള വെടിനിര്‍ത്തല്‍ ലംഘനം മൂലം ജീവനും സ്വത്തും നഷ്ടപ്പെടുമ്പോള്‍ തിരിച്ചടിക്കേണ്ടി വരുമെന്നും ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു.
കശ്മീരില്‍ ഭീകരവാദികള്‍ക്കെതിരെയുള്ള ഓപ്പറേഷന്, റംസാന് മാസത്തില്‍ താത്ക്കാലികമായി നിര്‍ത്തിവെക്കാന്‍ കഴിഞ്ഞ ആഴ്ച കേന്ദ്രം ഉത്തരവിട്ടിരുന്നു. എന്നിരുന്നാലും ഏതെങ്കിലും വിധത്തിലുള്ള ആക്രമണമുണ്ടായാലോ നിഷ്കളങ്കരായ ജനങ്ങളുടെ ജീവന് രക്ഷിക്കേണ്ടി വരുമ്പോഴോ സുരക്ഷാസേനക്ക് തിരിച്ചടിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.