Skip to main content

 Renuka Chowdhury, Saroj Khan

കാര്യസാധ്യത്തിന് സ്ത്രീകള്‍ ലൈംഗികമായി സ്വയം വഴങ്ങിക്കൊടുക്കുക. സിനിമയില്‍ അവസരത്തിന് വേണ്ടിയുള്ള അത്തരം വഴങ്ങിക്കൊടുക്കലിനെയാണ് കാസ്റ്റിംഗ് കൗച്ച് എന്ന കോസ് മെറ്റിക്  പദത്തിലൂടെ അറിയപ്പെടുന്നത്. പാര്‍ലമെന്റിലും ഈ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നാണ് എം.പിയായ രേണുക ചൗധരി പറഞ്ഞിരിക്കുന്നത്. എന്ന് വച്ചാല്‍ ഇന്ത്യന്‍ ജനായത്തം നിലനില്‍ക്കുന്നതും അതിജീവിക്കുന്നതും കാസ്റ്റിംഗ് കൗച്ച് പോലുള്ള  സമ്പ്രദായങ്ങളിലൂടെയാണെന്ന് ചുരുക്കം. യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് ഒരു അഭിഭാഷകനായ കോണ്‍ഗ്രസ് നേതാവ് ജഡ്ജി നിയമനത്തിന് കാസ്റ്റിംഗ് കൗച്ച് മാനദണ്ഡമാക്കിയെന്ന ആരോപണം ഉയര്‍ന്നത്. ഇപ്പോള്‍ സുപ്രീം കോടതിയും അതിന്റെ വിശ്വാസ്യതയുടെ എക്കാലത്തെയും വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്നു.

 

 

ഇത്തരം സംഭവങ്ങള്‍ക്കെതിരെ 'മീ ടു' എന്ന പ്രക്ഷോഭത്തിലൂടെ  പ്രതികരിക്കണം എന്നാണ് രേണുക ചൗധരി ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. സിനിമാ രംഗത്ത് കാസ്റ്റിംഗ് കൗച്ച് പുതുമയുള്ളതല്ലെന്നും, പണ്ടുമുതലേ തുടര്‍ന്ന് വരുന്നതും നടികള്‍ക്ക്‌ ഉപജീവന മാര്‍ഗം ഉറപ്പാക്കുന്നതുമാണെന്ന നൃത്ത സംവിധായിക സരോജ് ഖാന്റെ പ്രസ്താവനയാണ് അടുത്തിടെ ഈ വിഷയത്തെ കൂടുതല്‍ ശ്രദ്ധാ കേന്ദ്രമാക്കിയത്.പാര്‍ലമെന്റിലെ ഏതാണ്ട് നാല്‍പ്പത് ശതമാനത്തോളം പ്രതിനിധികള്‍ കൊലപാതകം ബലാത്സംഗം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളില്‍ പെട്ടവരാണ്. രാഷ്ട്രീയത്തില്‍ നടക്കുന്ന അനാശ്യാസ്യമായ എല്ലാ പ്രവണതകളും ഇന്ന് പരസ്യവുമാണ്. സാധാരണ സാമൂഹ്യ ജീവിതത്തിലേക്ക്‌ വരുമ്പോള്‍ അഴിമതിയില്ലാത്ത ഒരു ഓഫീസ്‌ പോലും കാണാനില്ല. അതുകൊണ്ട് തന്നെ സമൂഹവും ആ അഴിമതിയില്‍ പങ്ക് ചേരുന്നു.

 

ജനായത്തത്തിന്റെ വികാസത്തിനും സാധ്യതയ്ക്കും അനിവാര്യമായ സ്വാതന്ത്ര്യം എന്ന ആ അവിഭാജ്യ ഘടകത്തിന്റെ ദുരുപയോഗത്തിന്റെ ഫലമായിട്ടാണ് ഇങ്ങനെ ഒരു സാഹചര്യം ഉരുത്തിരിഞ്ഞിട്ടുള്ളത്. അതുകൊണ്ടാണ് സാങ്കേതികമായി മാത്രം ഇന്ത്യയില്‍ ജനായത്തം നിലനില്‍ക്കുകയും ചില സന്ദര്‍ഭങ്ങളില്‍ സ്വേച്ഛാധിപത്യത്തില്‍ പ്രകടമാകുന്നതിനേക്കാള്‍ വികൃതമായ സംഭവങ്ങള്‍ അരങ്ങേറുന്നതും. ജനായത്ത സംവിധാനത്തില്‍ കടന്ന് പിടിച്ചിരിക്കുന്ന ഈ മഹാരോഗത്തെ ദൂരീകരിക്കുന്നതിതിനുള്ള ശ്രമങ്ങള്‍ എവിടെയെങ്കിലും തുടങ്ങാന്‍ സാധ്യതയുണ്ടെങ്കില്‍ അതിനെ വഴിതിരിച്ചു വിടാന്‍ മാത്രമേ ഇന്ത്യയിലെ കാസ്റ്റിംഗ് കൗച്ച് പ്രതിഷേധങ്ങളും 'മീ ടു' പ്രക്ഷോഭങ്ങളും സഹായകമാവുകയുള്ളൂ .

 

അഭിനയ രംഗത്തല്ല, പാര്‍ലമെന്റ് രംഗത്തല്ല എല്ലാ മേഖലയിലും സ്വാര്‍ത്ഥ താല്‍പര്യത്തിന് വേണ്ടി, ഏത് വഴിയിലൂടെയും നീങ്ങാന്‍ തയ്യാറുള്ളവര്‍ യഥേഷ്ടമാണ്. അത് ഏത് സമൂഹത്തിലും ഉണ്ടാവുകയും ചെയ്യും. അത്തരമൊരു ജനായത്ത സംവിധാനത്തില്‍ പരിഷ്‌കൃതമായി മുന്നേറുന്ന സിവില്‍ സമൂഹം ഇതുപോലുള്ള സംഭവങ്ങളെ ഒഴിവാക്കുന്നതിനും കുറയ്ക്കുന്നതിനും, നിയമപരമായും സാംസ്‌കാരികപരമായും നടപടികള്‍ സ്വീകരിക്കണം. തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ജനായത്ത സംവിധാനത്തിന്റെ രോഗ ലക്ഷണങ്ങളാണ് സരോജ് ഖാനിലൂടെയും രേണുക ചൗധരിയിലൂടെയും ഉയര്‍ന്ന് കേള്‍ക്കുന്നത്. അതുകൊണ്ട് കാസ്റ്റിംഗ് കൗച്ച് പ്രതിരോധവും പ്രതിഷേധവും വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാന്‍ മാത്രമേ സഹായകമാവുകയുള്ളൂ