മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജമാത്ത്ഉദ് ദവ നേതാവുമായ ഹാഫിസ് സെയ്ദിനെ പാക്കിസ്ഥാന്‍ ഭീകരനായി പ്രഖ്യാപിച്ചു. തീവ്രവാദ വിരുദ്ധ നിയമം ഭേദഗതി ചെയ്താണ് നടപടി. ലഷ്‌കറെ തയ്ബ, താലിബാന്‍ തുടങ്ങി ഐക്യരാഷ്ട്രസഭാ രക്ഷാസമിതി നിരോധിച്ച സംഘടനകളെയും വ്യക്തികളെയും നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ള ഓര്‍ഡിനന്‍സില്‍ പാക് പ്രസിഡന്റ് മംമ്‌നൂണ്‍ ഹുസൈന്‍ ഒപ്പിട്ടു.
ഭീകരര്‍ക്കുള്ള സഹായങ്ങള്‍ നിര്‍ത്തലാക്കണമെന്ന് അമേരിക്കയും ഇന്ത്യയും പലതവണ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരിന്നു. പാക്കിസ്ഥാന്‍ തീവ്രവാദികളോട് മൃദു സമീപനം സ്വീകരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി അമേരിക്ക അവര്‍ക്ക് നല്‍കി വന്നിരുന്ന സാമ്പത്തിക സഹായം അവസാനിപ്പിച്ചിരുന്നു. ഇത്തരത്തിലുള്ള നിരന്തര സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് പാക്കിസ്ഥാന്‍ പുതിയ തീരുമാനം എടുത്തിരിക്കുന്നത്.
ഭീകരവിരുദ്ധ നിയമത്തിലെ ഒരു വകുപ്പ് ഭേദഗതി ചെയ്താണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. യു.എന്‍ നിരോധിച്ചിട്ടുള്ള വ്യക്തികളുടെയും സംഘടനകളുടെയും ഓഫീസ് പൂട്ടുന്നതിനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനും അധികാരം നല്‍കുന്ന ഭേദഗതിയാണ് ഓര്‍ഡിനന്‍സിലുള്ളത്.