സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അരലക്ഷം രൂപ മുടക്കി കണ്ണട വാങ്ങിയത് വലിയ ചര്‍ച്ചയായിരിക്കുന്നു. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇത് രണ്ടാം തവണയാണ് കണ്ണട വാങ്ങല്‍ വിവാദമാകുന്നത്. ആദ്യം ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ വാങ്ങിയ 28000ത്തിന്റെ കണ്ണടയാണ് ചര്‍ച്ചയായത്. ജനായത്ത സംവിധാനത്തില്‍ ജനങ്ങളുടെ കാര്യം നോക്കുവാന്‍ വേണ്ടിയാണ് നമ്മള്‍ ഓരോ പ്രതിനിധികളെയും തിരഞ്ഞെടുത്ത് അയക്കുന്നത്. അവര്‍ക്ക് ആരോഗ്യപരവും സുഖപരവുമായ പ്രശ്‌നം വന്നാല്‍ അത് ഭരണത്തെ ബാധിക്കും. ആ നിലക്ക് ജനപ്രതിനിധികളുടെ ആരോഗ്യം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെ നോക്കുമ്പോള്‍ ശ്രീരാമകൃഷ്ണനും ശൈലജ ടീച്ചറും കണ്ണട വാങ്ങിയത് തെറ്റല്ല.
എന്നാല്‍ തങ്ങള്‍ക്ക് ഭരണഘടനാ പരമായി ലഭിക്കേണ്ട ആനൂകൂല്യങ്ങള്‍ കൈപറ്റിയത് സംബന്ധിച്ച് ആരോപണവും ആക്ഷേപവും ഉയരുമ്പോള്‍ അതിനെ അവര്‍ നേരിടുന്ന രീതിയാണ് പ്രശ്‌നം. കണ്ണട വാങ്ങല്‍ സംബന്ധിച്ച് സ്വാഭാവിക ന്യായീകരണത്തിലുപരി സാങ്കേതികതയിലൂന്നിയ ന്യായീകരണമാണ് ശ്രീരാമകൃഷ്ണന്റെ അടുത്തു നിന്നും ശൈലജ ടീച്ചറുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. സാങ്കേതിക വാദങ്ങള്‍ ഉയര്‍ത്തുന്നതുവഴി സ്വയം പ്രതിരോധിക്കുകയാണ് ചെയ്യുന്നത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം കണ്ണട വാങ്ങാം അതിന് എത്രരൂപയാണെങ്കിലും.
ഈ രീതി തന്നെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ മതത്തിന്റെ കാര്യത്തിലും സ്വീകരിക്കുന്നത്. പ്രത്യക്ഷത്തില്‍ മതേതരത്വത്തിന് വേണ്ടി വാദിക്കുകയും തിരഞ്ഞെടുപ്പ് വരുമ്പോള്‍ സാമുദായിക സംഘടനകളുടെ ആസ്ഥാനത്തും, അരമനകളിലും, അമ്പലത്തിലും പള്ളിയിലും കയറി ഇറങ്ങുകയുംചെയ്യുന്നു. മതം നമ്മുടെനാട്ടില്‍ ഉണ്ടെന്നത് സത്യമാണ്, എന്നാല്‍ അതിനെ സാങ്കേതിക വാദങ്ങള്‍ ഉന്നയിച്ച് മതേതരത്വമാക്കുന്നു. പിന്നീട് ഈ മതങ്ങളെ തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കുന്നു.
ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണത്തിലെ മറ്റൊരു സാങ്കേതിക വാദമാണ് വി.എസ് അച്യുതാനന്ദനെ ഭരണപരിഷ്‌കാര കമ്മീഷന്‍ ആക്കിയത്. വി.എസ് അച്യുതാനന്ദന്‍ കേരളത്തിലെ ആദരണീയനായ മുതിര്‍ന്ന നേതാവാണ്, ജനകീയനാണ്. അദ്ദേഹത്തിന് ക്യാബിനറ്റ് പദവി കൊടുക്കുന്നതിനെ പ്രതിപക്ഷം പോലും എതിര്‍ക്കുമായിരുന്നില്ല, സമീപനം നേരെ ആയിരുന്നെങ്കില്‍. എന്നാല്‍ അതിന് വേണ്ടി നിയമത്തില്‍ ഭേദഗതി വരുത്തി സാങ്കേതികത സൃഷ്ടിച്ചതാണ് കുഴപ്പമായത്. ഭരണപരിഷ്‌കാര കമ്മീഷന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് എടുത്ത് പറയാവുന്ന തരത്തിലുള്ള ഒരു പ്രവൃത്തിയും ഉണ്ടായിട്ടില്ല.
ജനായത്തത്തില്‍ സത്യത്തിനും നീതിയെക്കാളും സാങ്കേതികതക്ക് പ്രാധാന്യം നല്‍കുമ്പോള്‍ ജനായത്തിന്റെ താല്‍പര്യമാണ് നശിക്കുന്നത്. ഏത് നിയമത്തിന്റെ പിന്നിലും സാങ്കേതികതയുടെ പിന്നിലും പാലിക്കേണ്ടത് ജനായത്തത്തിലെ താല്‍പര്യമാണ്. അതിലേറ്റവും പ്രധാനമാണ് സത്യസന്ധത.