മുത്തലാഖ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതും മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്നുവര്‍ഷത്തെ തടവ് ശിക്ഷ ശുപാര്‍ശ ചെയ്യുന്നതുമാണ് ബില്ല്.
വാക്കാലുള്ളതും രേഖാമൂലമുള്ളതും ഇലക്ട്രോണിക് രൂപത്തിലുള്ളതുമായ മുത്തലാഖിനെ തടയുന്നതാണ് പുതിയ ബില്‍. മുസ്ലിം സ്ത്രീകള്‍ക്ക് ജീവനാംശം ഉറപ്പുവരുത്തുകയും പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ സംരക്ഷണച്ചുമതല സ്ത്രീകള്‍ക്ക് നല്‍കാനും ബില്ല് വ്യവസ്ഥ ചെയ്യുന്നുണ്ട്.
ബില്ല് മുസ്ലിം സ്ത്രീകളുടെ അന്തസ് ഉയര്‍ത്തി പിടിക്കുന്നതാണെന്നും ഇത് ചരിത്ര ദിനമാണെന്നും മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. മുസ്ലിം സ്ത്രീകളുടെ സമത്വവും സുരക്ഷയും ഉയര്‍ത്തിപ്പിടിക്കുന്ന ബില്ലാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
എന്നാല്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി ബില്ലിനെ എതിര്‍ത്തു. ബില്ലിനെ പിന്തുണയ്ക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി. ബില്ലിനെതിരെ മുസ്ലിം വ്യക്തിനിയമ ബോര്‍ഡും രംഗത്തെത്തിയിട്ടുണ്ട്. ബില്‍ തയാറാക്കിയത് മുസ്ലിം സംഘടനകളുമായോ നേതാക്കളുമായോ കൂടിയാലോചിക്കാതെയാണെന്നും ബോര്‍ഡ് പറഞ്ഞു.