പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സല് ഗുരുവിന്റെ ദയാഹര്‍ജി തള്ളിയത് സര്‍ക്കാരിന്റെ നിര്‍പ്രദേശപ്രകാരമാണെന്ന് മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. ഒരു കോടതിയെപ്പോലെ തനിക്ക് പ്രവര്ത്തിക്കാനാവുമായിരുന്നില്ല. അഫ്സല് ഗുരുവിന്റെ കേസ് വിവിധഘട്ടങ്ങളീലൂടെ കടന്നുപോയിട്ടാണ് തനിക്ക് മുമ്പില്‍ വന്നത്. ആഘട്ടങ്ങളിലൊക്കെത്തന്നെ കോടതികള്‍ ആയാള്‍ക്ക് വധശിക്ഷയാണ് വിധിച്ചിരുന്നത്.
അഫ്സല് ഗുരുവിന്റേത് മാത്രമല്ല രാഷ്ട്രപതിക്ക് മുമ്പില്‍ വരുന്ന എല്ലാ ദയാഹര്‍ജികളും വിവിധ ഘട്ടങ്ങള്‍ നേരിട്ടതും നടപടികള്‍ക്ക് വിധേയമായതുമായിരിക്കും. ആ സാഹചര്യത്തില്‍ രാഷ്ട്രപതിക്ക് അതിനുമുകളിലായി ഒന്നും ചെയ്യാനുണ്ടാകില്ല. ആകെ ചെയ്യാവുന്നത് സര്‍ക്കാരിന്റെ ആഭിപ്രായം ആരായുക എന്നതാണെന്നും പ്രണാബ് മുഖര്‍ജി പറഞ്ഞു. സര്‍ക്കാര്‍ അപ്പോള്‍ ഹര്‍ജി തള്ളാനാണ് പറയുന്നതെങ്കില്‍ ആ നിര്‍ദേശം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രണാബ് മുഖര്‍ജി രാഷ്ട്രപതിയായിരുന്ന 2012-17 കാലഘട്ടത്തിനിടയില്‍ കെട്ടിക്കിടന്നിരുന്ന 30 ദയാഹര്‍ജികളാണ് തള്ളിയത്. അതിനുകാരണം തനിക്ക് മുന്നില്‍ വരുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം വരുത്താന്‍ ഇഷ്ടപ്പെടാത്തതാണ്. എന്നാലും വധശിക്ഷ തുടരുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും നിമനിര്മ്മാതാക്കള് വധശിക്ഷ ഇല്ലാതാക്കുവാനുള്ള നിയമംകൊണ്ടുവരണമെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.