രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മന്മോഹന് സിങ്ങും യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയും ചൊവ്വാഴ്ച കശ്മീരിലെത്തി. ജമ്മുവിനെയും കശ്മീര്‍ താഴ്വരയേയും ബന്ധിപ്പിക്കുന്ന ബനിഹാല്‍-ഖാസിഗുണ്ട് തീവണ്ടി സര്‍വീസ് ഇരുവരും ചേര്‍ന്ന് ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച ജമ്മുവില്‍ ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.
തിങ്കളാഴ്ച ശ്രീനഗറിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം. ആക്രമണത്തില്‍ എട്ട് സൈനികര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹിസ്ബുള്‍ മുജാഹിദീന്‍ ഏറ്റെടുത്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജമ്മുവിനെയും കശ്മീരിനെയും എല്ലാ കാലാവസ്ഥയിലും പരസ്പരം ബന്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയുടെ ഭാഗമാണ് 18 കിലോമീറ്റര്‍ വരുന്ന ബനിഹാല്‍-ഖാസിഗുണ്ട് സര്‍വീസ്. ഹിമാലയന്‍ മലനിരകളിലൂടെ 100 കിലോമീറ്റര്‍ വരുന്ന തീവണ്ടി പാതയാണ് പണിയുന്നത്. ഇതുവഴി രാജ്യത്തിന്റെ മറ്റ് മേഖലകളും കശ്മീരുമായുള്ള ഗതാഗത ബന്ധം മെച്ചപ്പെടുത്തുന്നതിനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.