Skip to main content

പശ്ചിമ ബംഗാളിലെ ജയ്പാല്‍ഗുഡി കുട്ടിക്കടത്ത് കേസില്‍ ബി.ജെ.പി മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി ജൂഹി ചൗധരിയെ അറസ്റ്റ് ചെയ്തു. സംഭവത്തിലെ പ്രധാന പ്രതി ചന്ദന ചക്രവര്‍ത്തിയുടെ മൊഴിയെ തുടര്‍ന്നാണ്‌ അറസ്റ്റ്. ഒളിവിലായിരുന്ന ഇവരെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലെ ബടാസിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഒരു വയസിനും 14 വയസിനും ഇടയിലുള്ള 17 കുട്ടികളെ ദത്തെടുക്കലിന്റെ മറവില്‍ വിറ്റതായാണ് കേസ്.  

 

ബി.ജെ.പിയുടെ രണ്ട് പ്രമുഖ നേതാക്കളും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ചന്ദന മൊഴി നല്‍കിയിട്ടുണ്ട്. മധ്യപ്രദേശില്‍ നിന്നുള്ള ബി.ജെ.പി നേതാവും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയുമായ കൈലാഷ് വിജയ്‌വര്‍ഗിയ, രാജ്യസഭ അംഗവും മഹിളാ മോര്‍ച്ച പശ്ചിമ ബംഗാള്‍ സംസ്ഥാന പ്രസിഡന്റുമായ രൂപ ഗാംഗുലി എന്നിവരെ ഈ വിഷയത്തില്‍ ജൂഹി ബന്ധപ്പെട്ടിട്ടുള്ളതായാണ് ചന്ദന പറയുന്നത്. ഇത്തരം പ്രവൃത്തികളില്‍ ജൂഹി കഴിഞ്ഞ മൂന്ന്‍ വര്‍ഷമായി ഏര്‍പ്പെടുന്നുണ്ടെന്നും ഡല്‍ഹിയിലുള്ള നേതാക്കളുമായി അവരുടെ ബന്ധത്തെ തുടര്‍ന്നാണ് താന്‍ അവരെ സമീപിച്ചതെന്നും ചന്ദന പറയുന്നു.  

 

എന്നാല്‍, സംഭവവുമായി ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ ഇരുനേതാക്കളും നിഷേധിച്ചിട്ടുണ്ട്. ബി.ജെ.പി നേതാക്കളെ കേസില്‍ കുടുക്കാനുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ ശ്രമത്തിന്റെ ഭാഗമാണിതെന്ന് കൈലാഷ് വിജയ്‌വര്‍ഗിയ പറഞ്ഞു. ജൂഹി ചൗധരി സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നും എന്നാല്‍ മമത ബാനര്‍ജി സര്‍ക്കാറിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കൈലാഷ് പറഞ്ഞു. തന്നെ കുടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് രൂപ ഗാംഗുലിയും പ്രതികരിച്ചു.