തന്റെ രാജ്യത്ത് നിന്ന് പുറത്തുപോകൂ എന്നലറിക്കൊണ്ട് ഒരാള്‍ നടത്തിയ വെടിവെപ്പില്‍ ഒരു ഇന്ത്യക്കാരന് കൊല്ലപ്പെട്ടു. മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. നടന്നത് വിദ്വേഷ ആക്രമണമാകാമെന്ന് പോലീസ് പറഞ്ഞു.
എഞ്ചിനീയര്‍ ആയ ശ്രീനിവാസ് കുച്ചിഭോറ്റ്ല (32) ആണ് കൊല്ലപ്പെട്ടത്. മറ്റൊരു ഇന്ത്യാക്കാരനും സഹപ്രവര്‍ത്തകനുമായ അലോക് മദാസനിയ്ക്ക് ഗുരുതരമായി പരിക്കേറ്റു ചികിത്സയിലാണ്. ഇയാന്‍ ഗ്രില്ലോറ്റ് എന്നയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. കന്‍സാസ് സംസ്ഥാനത്തെ ഒലാതെയിലാണ് സംഭവം.
പ്രതിയായ ആഡം പറിന്റന് എന്നയാളെ പോലീസ് പിടികൂടിയിട്ടുണ്ട്. നാവികസേനയില്‍ നിന്ന് വിരമിച്ച 51-കാരനായ പറിന്റന് പശ്ചിമേഷ്യയില്‍ നിന്നുള്ള രണ്ട് പേരെ കൊന്നതായി ഒരു ബാര്‍ ജീവനക്കാരനോട് അവകാശപ്പെട്ടതായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങളെ സഹായിക്കാന്‍ രണ്ട് ഉദ്യോഗസ്ഥരെ അയച്ചതായി ഹൂസ്റ്റണിലേ ഇന്ത്യയുടെ കോണ്‍സുലേറ്റ് അറിയിച്ചു.