അനധികൃത സ്വത്ത് സമ്പാദന കേസില്‍ അഡീഷനൽ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്റെ വീട്ടില്‍ വിജിലൻസ് ബുധനാഴ്ച പരിശോധന നടത്തി. ഇതിന് പിന്നാലെ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിയെ കണ്ട് അതൃപ്തി അറിയിച്ചു. ഐ.എ.എസ് അസോസിയേഷന്‍ ജേക്കബ് തോമസിനെതിരെ പരാതി നല്‍കുമെന്നാണ് വിവരം.
കെ.എം എബ്രഹാം വീട്ടിൽ ഇല്ലാത്ത സമയത്ത് പരിശോധന നടത്തി അപമാനിക്കാൻ ശ്രമിച്ചുവെന്ന പരാതിയാണ് ഐ.എ.എസ് ഉദ്യോഗസ്ഥർ ഉന്നയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പരാതിക്ക് ശേഷം സ്വത്ത് വിവരങ്ങൾ കൂടുതൽ സമർപ്പിച്ചിട്ടും വീട്ടിലെത്തി പരിശോധിച്ചതിലുള്ള അമർഷം കെ.എം എബ്രഹാമും ചീഫ് സെക്രട്ടറിയെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.
കെ.എം എബ്രഹാം അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണവുമായി വിവരാവകാശപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയില്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. നവംബര്‍ ഏഴിന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് വിജിലന്‍സ് പറയുന്നു. ഹര്‍ജിയില്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ക്ക് കെ.എം എബ്രഹാം ഇതുവരെയും വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്നും വിജിലന്‍സ് സൂചിപ്പിക്കുന്നു.