വ്യവസായവകുപ്പിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കണമെന്ന് പ്രതിപക്ഷം. ബന്ധുനിയമനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് അറിഞ്ഞിരുന്നുവെന്നതിന് തെളിവുണ്ടെന്നും മുഖ്യമന്ത്രിയെ ഉള്‍പ്പെടുത്തി കേസ് അന്വേഷിക്കണമെന്നും അവര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിക്കൊണ്ട് വി.ഡി. സതീശന് തിങ്കളാഴ്ച നല്കിയ നോട്ടിസിന്മേല് നടന്ന ചര്‍ച്ചയിലാണ് പ്രതിപക്ഷം ഈ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചത്. എന്നാല്‍ വിവാദ നിയമനങ്ങള്‍ താന്‍ അറിഞ്ഞിട്ടില്ലെന്ന് മറുപടിയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി
പൊതുമേഖലാ സ്ഥാപനങ്ങളിൽ ആളുകളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു വ്യവസായ മന്ത്രിയായിരിക്കെ ലെറ്റർ പാഡിൽ ഇ.പി.ജയരാജൻ എഴുതിയ നാലു കത്തുകൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ ഹാജരാക്കി. ഈ കത്തുകളിന്മേലുള്ള നിയമന ഫയൽ മുഖ്യമന്ത്രിക്ക് അയയ്ക്കണമെന്നു വ്യവസായ അഡീഷനൽ ചീഫ് സെക്രട്ടറി നിർദേശിച്ചിരുന്നുവെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ, നിയമനം അറിഞ്ഞിട്ടില്ലെന്നു മുഖ്യമന്ത്രി പറയുന്നത് കളവാണെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ അഞ്ചു വർഷത്തെയല്ല, പത്തുവർഷത്തെ നിയമനങ്ങൾ അന്വേഷിക്കാൻ ധൈര്യമുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.
എന്നാല്‍ നിയമന കാര്യങ്ങള്‍ തന്റെ പരിഗണനയില്‍ വന്നിട്ടില്ലെന്നും വരേണ്ട വിഷയവുമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയില്‍ പറഞ്ഞു. സാധാരണ ഈ നിയമങ്ങളൊക്കെ മുഖ്യമന്ത്രി അറിയേണ്ടതല്ലേയെന്ന് ചോദിക്കാമെങ്കിലും എല്ലാം അറിഞ്ഞുകൊള്ളണമെന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കീഴ്വഴക്കപ്രകാരം മുഖ്യമന്ത്രിയെ അറിയിക്കാറുണ്ടെങ്കിലും നിയമനം നടത്താന്‍ വകുപ്പ് മന്ത്രിക്ക് അധികാരമുണ്ടെന്നും പിണറായി ചൂണ്ടിക്കാട്ടി. നിയമന വിവരങ്ങള്‍ താന്‍ അറിഞ്ഞിട്ടില്ലെന്ന് വിഷയം പുറത്തുവന്നപ്പോള്‍ തന്നെ പ്രഖ്യാപിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. അത് കഴിഞ്ഞും മൗനം പാലിച്ചിട്ടില്ലെന്നും വിഷയം ഗൗരവമുള്ളതാണെന്നും ചര്‍ച്ച ചെയ്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ജയരാജന്റെ നിലപാട് മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്നും അദ്ദേഹം തന്നെ നിലപാട് എടുത്തപ്പോള്‍ അത് അംഗീകരിക്കുന്ന നിലയാണ് തങ്ങളും സ്വീകരിച്ചതെന്നും പിണറായി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. ബന്ധുനിയമനം മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന വാദത്തെ കെ.എം.മാണി ചോദ്യംചെയ്തു. പ്രതിഷേധം വ്യക്തമാക്കുന്നുവെന്നും എന്നാൽ ഇറങ്ങിപ്പോകാനില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബി.ജെ.പി അംഗം ഒ. രാജഗോപാല്‍ വിഷയത്തില്‍ സംസാരിച്ചില്ല.