Skip to main content
സ്വാശ്രയ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് നിയമസഭാ നടപടികൾ തിങ്കളാഴ്ചയും തടസ്സപ്പെട്ടു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വിളിച്ച ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുത്തെങ്കിലും തീരുമാനമൊന്നുമായില്ല. സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാരിന്റെ സമീപനം നല്ലതല്ലെന്നും അതുകൊണ്ട് സമരവുമായി മുന്നോട്ടു പോകാനാണ് യു.ഡി.എഫിന്റെ തീരുമാനമെന്നും നിയമസഭ ബഹിഷ്‌കരിച്ച് കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരള കോണ്‍ഗ്രസ്‌ മാണി വിഭാഗവും പിന്തുണ പ്രഖ്യാപിച്ച് സഭ ബഹിഷ്‌കരിച്ചിട്ടുണ്ട്. എം.എല്‍.എമാരുടെ നിരാഹാരസമരം ആറാം ദിവസത്തിലേക്ക് കടന്ന തിങ്കളാഴ്ച സഭാനടപടികള്‍ ആരംഭിച്ചതിന് തൊട്ടുപിറകേ എം.എല്‍.എമാരുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എം.എല്‍.എമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. ആദ്യം ചോദ്യോത്തര വേളയും പിന്നീട് സഭാ നടപടികളാകെയും നിര്‍ത്തിവച്ചാണ് മുഖ്യമന്ത്രിയേയും പ്രതിപക്ഷനേതാവിനേയും ഒരുമിച്ചിരുത്തി സ്പീക്കര്‍ ചര്‍ച്ച നടത്തിയത്. ഷാഫി പറമ്പിൽ, ഹൈബി ഈഡൻ എന്നിവരാണ് നിരാഹാര സമരം നടത്തുന്നത്. സമരത്തിലുണ്ടായിരുന്ന അനൂപ് ജേക്കബിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.