ചിങ്ങവനത്തെ സ്വകാര്യ ബാറ്ററി നിർമാണ യൂണിറ്റിന് നികുതി ഇളവ് നൽകിയതുമായി ബന്ധപ്പെട്ട കേസിൽ മുൻ ധനമന്ത്രി കെ.എം മാണിയെ വിജിലൻസ് ചോദ്യം ചെയ്തു. സെപ്റ്റംബർ 13 ന് നാട്ടകം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിൽ വിളിച്ചുവരുത്തിയാണ് വിജിലൻസ് മാണിയുടെ മൊഴിയെടുത്തത്.
നികുതി ഇളവ് നല്‍കിയതിലൂടെ സംസ്ഥാന ഖജനാവിന് 1.66 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ആരോപിച്ച് പൊതു പ്രവര്‍ത്തകനായ ജോര്‍ജ് സി കാപ്പന് ആണ് നല്കിയ പരാതിയിലാണ് നടപടി. കോട്ടയം ചിങ്ങവനത്തെ സ്വകാര്യ ബാറ്ററി നിര്‍മാണ കമ്പനിയായ സൂപ്പര്‍ പിഗ്മെന്റ്സിന് 2015-16 ബജറ്റില്‍ അന്ന് ധനമന്ത്രിയായിരുന്ന കെ.എം മാണി മുന്‍കാല പ്രാബല്യത്തോടെ നികുതിയിളവ് നല്‍കിയെന്നായിരുന്നു പരാതി.
കോട്ടയം വിജിലന്‍സ് ഡി.വൈ.എസ്.പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യല്‍ മൂന്നര മണിക്കൂറിലേറെ നീണ്ടു. ചോദ്യം ചെയ്യലിന് മുമ്പായി മാണിക്ക് വിജിലന്‍സ് ചോദ്യാവലി നല്‍കിയിരുന്നു.