കുവൈത്ത് സിറ്റി: കുവൈത്ത് സർക്കാരിന്റെ സ്വദേശിവത്ക്കരണശ്രമത്തിന്റെ ഭാഗമായുള്ള പരിശോധനയെത്തുടർന്ന്‍ മലയാളികളുൾപ്പടെയുള്ള വിദേശികൾ ജയിലിലടയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്നതിനിടയില്‍ ജയിലുകളില്‍ പകർച്ചവ്യാധി പടർന്നുപിടിക്കുന്നു. ജയിലിലടയ്ക്കല്‍ നടപടിയുടെ തുടക്കത്തില്‍ അവധിയില്‍ പോയ ഇന്ത്യൻ സ്ഥാനപതി സതീഷ് മെഹ്ത്ത ഇതുവരെ തിരിച്ചെത്തിയിട്ടില്ല. പകരം ചുമതലയുള്ള മലയാളി കൂടിയായ വിധു പി. നായർക്ക് ലണ്ടൻ നിയമനം ലഭിച്ചിരിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഇതുവരെ കാര്യമായ നടപടികളൊന്നുമുണ്ടായിട്ടില്ല.
പരിശോധന കർക്കശമായതോടെ ശരിയായ രേഖകളോടെ ജോലിചെയ്യുന്ന ദമ്പതിമാരാണ് ഇപ്പോൾ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. കഴിഞ്ഞദിവസം കുവൈത്തിലെ ഒരു ആശുപത്രിയില്‍ നെഴ്‌സായി ജോലി ചെയ്യുന്ന ഭാര്യയും ഭർത്താവും അറസ്റ്റിലായി. കാരണം രണ്ടുപേരും ഒരു വാഹനത്തില്‍ യാത്ര ചെയ്തതിന്റെ പേരില്‍. രണ്ടുപേരും പതിനെട്ടാം നമ്പർ തൊഴില്‍ വിസയിലാണ് എത്തിയിട്ടുള്ളത്. പരിശോധനാ സമയത്ത് വിവാഹസർട്ടിഫിക്കറ്റ് കൈവശം ഇല്ലാതിരുന്നതിനാല്‍ തങ്ങൾ ഭാര്യാഭർത്താക്കന്മാരാണെന്ന്‍ തെളിയിക്കാനുള്ള ഔദ്യോഗികരേഖ ഇല്ലാത്തതായിരുന്നു കാരണം. അറസ്സിലാവുമ്പോൾ തങ്ങളുടെ സ്ഥാപനങ്ങളില്‍ ബന്ധപ്പെടാൻപോലും പോലീസ് അനുവദിക്കുന്നില്ല.
പരിശോധനയുമായി ബന്ധപ്പെട്ട മനുഷ്യത്വരഹിതമായ പോലീസ് നടപടികൾ കുറയ്ക്കുന്നതിന് സാധ്യമായ ഇടപെടലുകള്‍ പോലും ഇന്ത്യന്‍ സര്‍ക്കാര്‍ ചെയ്യുന്നില്ലെന്നതാണ് കുവൈത്തിലെ മലയാളികളുൾപ്പടെയുളള ഇന്ത്യൻ വംശജരുടെ പരാതി. അറസ്സിലായവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും, ശരിയായ രേഖകളുളളവരെ പുറത്തിറക്കുന്നതിനും, രേഖകളുടെ അപര്യാപ്തതകളുളളവരെ നാട്ടിലേക്കയയ്ക്കുന്നതിനുമൊക്കെ എംബസിയുടെ ഇടപെടല്‍ അത്യാവശ്യമാണ്. കേരള സർക്കാരിന്റെ ഭാഗത്തുനിന്നും ക്രിയാത്മകമായ നീക്കങ്ങളൊന്നും ഇതുവരെയുണ്ടായിട്ടില്ലെന്ന് മലയാളികൾ പറയുന്നു. മന്ത്രിമാരൊക്കെ ബഹ്‌റനിലും മറ്റും വന്നു മടങ്ങുന്നതല്ലാതെ കുവൈത്തിലേക്കു ചെല്ലാനോ മലയാളികളുടെ പ്രശ്‌നങ്ങൾ അറിയാനോ ഇതുവരെ ശ്രമം ഉണ്ടായിട്ടില്ല.
വിദേശികളെ പറഞ്ഞയക്കുന്നതിന്റെ ഭാഗമായി ഒട്ടനവധി നിയന്ത്രണങ്ങൾ ദിവസം തോറും കുവൈത്ത് സർക്കാർ ഏർപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. വാഹനത്തിന്റെ ഉടമസ്ഥതയില്ലാതെയും ആശ്രിതവിസയിലും ലൈസൻസ് എടുത്തിട്ടുള്ളവരുടെ ലൈസൻസ് റദ്ദാക്കുക, ആശ്രിതവിസയില്‍ ലൈസൻസ് എടുത്തതിനു ശേഷം പതിനെട്ടാം നമ്പർ വിസയില്‍ ജോലിയില്‍ പ്രവേശിച്ചിട്ടുള്ളവർ പുതിയ ലൈസൻസ് എടുക്കുക തുടങ്ങിയവയാണ് പുതിയ നിയന്ത്രണങ്ങൾ. പുതിയ ലൈസൻസ് ലഭിക്കണമെങ്കില്‍ നാനൂറ് ദിനാറില്‍ കുറയാത്ത ശമ്പളവുമുണ്ടായിരിക്കണം. ഇത്തരം നിയമങ്ങളുടെ പേരിലെ അറസ്സ് ഒഴിവാക്കുന്നതിനും, അതനുസരിച്ചുള്ള കാര്യങ്ങൾ ശരിയാക്കുന്നതിന് സാവകാശം ലഭ്യമാക്കുന്നതിനൊക്കെ ഇന്ത്യന് സര്‍ക്കാറും എംബസിയുമിടപെട്ടാല്‍ ഫലം കാണുമെന്നാണ് ഇന്ത്യാക്കാർ കരുതുന്നത്. എന്നാല്‍ തികച്ചും അനാഥമായ അവസ്ഥയിലാണ് ഇന്ത്യൻ വംശജരിപ്പോൾ.