Skip to main content

മുസ്ലിം ലീഗുമായും കേരള കോണ്‍ഗ്രസ് എമ്മുമായും സഹകരണത്തിന് നിര്‍ദ്ദേശിച്ചു കൊണ്ടുള്ള ദേശാഭിമാനി മുഖപ്രസംഗത്തിനും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ലേഖനത്തിനും പിന്നാലെ ഇരു പാര്‍ട്ടികളേയും ശക്തമായി വിമര്‍ശിച്ച് സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും. എന്നാല്‍, ഇടതുമുന്നണിയിലേക്കുള്ള അനൗദ്യോഗിക ക്ഷണമായി കരുതപ്പെടുന്ന ലേഖനങ്ങളെ തള്ളാതെ കെ.എം മാണി.

 

മുസ്ലിം ലീഗ് ഏറ്റവും വലിയ വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്നും കെ.എം മാണി ഏറ്റവും വലിയ അഴിമതി വീരനാണെന്നും വി.എസ് വിശേഷിപ്പിച്ചു. സി.പി.ഐ.എമ്മിന്റെ ആശയങ്ങള്‍ ഇത്തരക്കാരുമായി യോജിച്ച് പോകുന്നതല്ലെന്ന് വി.എസ് കൂട്ടിച്ചേര്‍ത്തു. കേരള കോണ്‍ഗ്രസ് എം, മുസ്ലീം ലീഗ് എന്നീ പാർട്ടികളോടുള്ള സി.പി.ഐയുടെ നിലപാടില്‍ മാറ്റമില്ലെന്നും ദേശാഭിമാനിയിലെ മുഖപ്രസംഗം അത് എഴുതിയ ആളുടെ അഭിപ്രായം മാത്രമായിരിക്കാമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ദേശാഭിമാനിയില്‍ ലേഖനം എഴുതിയ ആള്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ 1986 മുതലുളള ലേഖനങ്ങള്‍ വായിക്കുന്നത് നല്ലതായിരിക്കുമെന്നും കാനം പറഞ്ഞു.  

 

നേരത്തെ, പൊതുപ്രശ്നങ്ങളില്‍ മാണിയുമായി സഹകരിക്കാമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു. ജനകീയപ്രശ്‌നങ്ങളില്‍ വിശാലമായ ഐക്യം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി കേരള കോണ്‍ഗ്രസുമായും ഇപ്പോള്‍ യു.ഡി.എഫിന്റെ ഭാഗമായി നില്‍ക്കുന്ന മറ്റ് കക്ഷികളുമായും സഹകരിക്കാവുന്ന ഒട്ടേറെ മേഖലകളുണ്ട് എന്ന് നിര്‍ദ്ദേശിച്ച ദേശാഭിമാനി മുഖപ്രസംഗമാകട്ടെ, വര്‍ഗീയത ആരോപിച്ച് ആരെയെങ്കിലും തീണ്ടാപ്പാടകലെ നിര്‍ത്തുന്നതില്‍ ന്യായീകരണമില്ല എന്ന് മുസ്ലിം ലീഗിനെ ഉദ്ദേശിച്ച് പറയുകയും ചെയ്തു.   

 

എന്നാല്‍, എവിടെ നന്മയുണ്ടോ അവിടെ കേരള കോണ്‍ഗ്രസുണ്ടാകുമെന്നായിരുന്നു ഇത് സംബന്ധിച്ച മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കെ.എം മാണിയുടെ മറുപടി. ചിന്തിക്കുന്നവര്‍ക്ക് തങ്ങളുടെ നിലപാടുകള്‍ ശരിയാണെന്ന് തോന്നുമെന്ന് അദ്ദേഹം പറഞ്ഞു. കേരള ആരോടും വിരോധമില്ലെന്നും തങ്ങളോടും ആര്‍ക്കും വിരോധമില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി യോഗം ഞായറാഴ്ച കോട്ടയത്ത് ചേരുന്നുണ്ട്.