Skip to main content

എക്സൈസ് വകുപ്പ് മുൻമന്ത്രി കെ. ബാബുവിനെതിരെ വീണ്ടും വിജിലൻസ് അന്വേഷണം. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ബാറുകൾ അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന് കാണിച്ച് ബാർ ഹോട്ടൽ ഇൻഡസ്ട്രീസ് അസോസിയേഷൻ നൽകിയ പരാതിയില്‍ ത്വരിതാന്വേഷനം നടത്താന്‍ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഉത്തരവിട്ടു.

 

കെ.ബാബു മന്ത്രിയായിരുന്നപ്പോള്‍ ചെയ്തിട്ടുള്ള മുഴുവൻ നടപടികളും പരിശോധിക്കണം എന്ന പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവ്. ബാർ ലൈസൻസുകള്‍ നൽകുന്നതിലും ചട്ടങ്ങള്‍ ഭേദഗതി ചെയ്തതിലും മദ്യനയം രൂപീകരിച്ചതിലും അഴിമതിയുണ്ടെന്നാണ് പരാതി. എക്സൈസ് കമ്മീഷണർ നൽകിക്കൊണ്ടിരുന്ന ബാർ ലൈസൻസുകൾ നിയമ ഭേദഗതിയിലൂടെ മന്ത്രിയുടെ ഓഫിസിന്റെ പരിധിയിലാക്കിയത് വൻതോതിലുള്ള അഴിമതിക്ക് ഇടയാക്കിയെന്നും പരാതിയിൽ ഉന്നയിക്കുന്നുണ്ട്. ക്രമക്കേടുകളില്‍ ബാർ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ ഇടനിലക്കാരായി പ്രവർത്തിച്ചുവെന്നും ഇതിനായി പണം പിരിച്ചിട്ടുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു.

 

എന്നാൽ ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ബാറുമട വി.എം.രാധാകൃഷ്ണന് ബാർ ലൈസൻസ് നൽകാത്തതാണ് പരാതിക്ക് കാരണമെന്നും കെ.ബാബു പ്രതികരിച്ചു.

 

ബാർ ലൈസൻസ് നൽകുന്നതിൽ കെ.ബാബു അഴിമതി കാണിച്ചുവെന്ന ആരോപണത്തിൽ രണ്ടാമത്ത അന്വേഷണമാണിത്. ബാറുടമസ്ഥ അസോസിയേഷന്‍ നേതാവായിരുന്ന ബിജു രമേശിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ നേരത്തെ നടന്ന അന്വേഷണത്തിൽ കെ.ബാബുവിനെ കുറ്റവിമുക്തനാക്കിയിരുന്നു. ഈ റിപ്പോർട്ട് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുകയാണ്.