Skip to main content

ന്യൂഡല്‍ഹി: നിയമപരമായ രേഖകളില്ലാതെ  കുവൈത്തില്‍ ജോലിയെടുക്കുന്ന ഇന്ത്യക്കാരുടെ കൂട്ടത്തോടെയുള്ള തിരിച്ചു വരവുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ്‌ ഇന്ത്യയിലെ കുവൈത്ത് അംബാസഡര്‍ സാമി മുഹമ്മദ് അല്‍ സുലൈമാനുമായി ഡല്‍ഹിയില്‍ വച്ച് ചര്‍ച്ച നടത്തി. നിയമലംഘകര്‍ക്കെതിരായി എടുത്ത നടപടിയില്‍ ഇന്ത്യക്കാര്‍ക്ക് മാത്രം പ്രത്യേക പരിഗണന നല്‍കാന്‍ സാധ്യമല്ലെന്ന് കുവൈത്ത് അംബാസഡര്‍ വ്യക്തമാക്കി.

 

അതേ സമയം കുവൈത്തില്‍ നിന്നും 50-ല്‍ അധികം പേര്‍ ഞായറാഴ്ച ഡല്‍ഹിയില്‍ തിരിച്ചെത്തി. വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ മടങ്ങിയെത്തുമെന്ന് തിരിച്ചെത്തിയവര്‍ പറഞ്ഞു.

 

വിസാ ചട്ടങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ മാത്രമാണ് നടപടിയെടുത്തിട്ടുള്ളതെന്നും ഇതിനെ കുറിച്ച് ഇന്ത്യന്‍ അധികാരികള്‍ക്ക്  വിവരം നല്‍കിയിരുന്നുവെന്നും നിയമം അനുസരിച്ച് ജോലി ചെയ്യുന്നവര്‍ക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും നേരിടേണ്ടി വരില്ലെന്നും കുവൈത്ത് അംബാസഡര്‍ പറഞ്ഞു. എന്നാല്‍ പിടിയിലാകുന്നവര്‍ക്ക് മാനുഷിക പരിഗണനയെങ്കിലും നല്‍കണമെന്ന് കേന്ദ്ര മന്ത്രി ഇ.അഹമ്മദ് പറഞ്ഞു. ഇവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള എല്ലാ സംവിധാനവും ഒരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനെ കുറിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയവുമായി ചര്‍ച്ച നടത്തുമെന്ന്  അംബാസഡര്‍ പറഞ്ഞു.

 

ഗാര്‍ഹിക വിസയില്‍ ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ വിസയിലേക്കു മാറാനുള്ള അനുമതി നല്‍കണമെന്ന അഭ്യര്‍ഥന കുവൈത്ത് ഭരണകൂടത്തെ അറിയിക്കാമെന്നും അംബാസഡര്‍ വ്യക്തമാക്കി.