ജനമുന്നേറ്റ രാഷ്ട്രീയവഴിത്തിരിവിന് വി.എസ് തയ്യാറെടുക്കുമോ

Glint Staff
Monday, February 23, 2015 - 3:51pm

vs achuthanandan

 

2015 ഫെബ്രുവരി 23. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് സി.പി.ഐ.എം പ്രവർത്തകർ ആലപ്പുഴയിലെത്തി. വൈകീട്ട് പാർട്ടി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കാൻ. ഫെബ്രുവരി 22-ന് സമ്മേളനം ബഹിഷ്കരിച്ച് വി.എസ് അച്യുതാനന്ദൻ തലസ്ഥാനത്തേക്ക് മടങ്ങിയതിന്റെ പശ്ചാത്തലത്തിൽ പാർട്ടിയുടെ ശക്തി പ്രകടമാക്കാനുള്ള സംഘടനാ തീരുമാനവും അണികളുടെ കുത്തൊഴുക്കിൽ പ്രകടമാണ്. വി.എസ് സമ്മേളനം ബഹിഷ്കരിച്ചതിനെക്കുറിച്ച് കോടിയേരി ബാലകൃഷ്ണൻ വാര്‍ത്താസമ്മേളനം നടത്തി പാർട്ടി തീരുമാനങ്ങൾ അറിയിക്കുകയുണ്ടായി. വി.എസ്സിന്റെ നടപടി സമ്മേളനത്തിന്റെ പൊലിമയെ പ്രതികൂലമായി ബാധിച്ചുവെന്ന് സമ്മതിക്കാനും കോടിയേരി മടിച്ചില്ല. എന്നാൽ റാലിക്കെത്തിയ പാർട്ടിപ്രവർത്തകർ അത് സമ്മതിക്കാൻ തയ്യാറല്ല. ഒരു ചാനൽ റിപ്പോർട്ടറുടെ ചോദ്യത്തിന് പ്രവർത്തകർ കൂട്ടത്തോടെയാണ് മറുപടി പറഞ്ഞത്. വ്യക്തി പാർട്ടിക്കതീതമല്ല എന്നാണ് അവർ ആക്രോശിച്ചത്. വി.എസ് വന്നാൽ കരിങ്കൊടി കാണിക്കുമെന്നുകൂടി ചിലർ പറഞ്ഞു. അതിലെ അപകടം മനസ്സിലാക്കിയെന്നോണം അതിൽ നല്ലതുണ്ടയാൾ കടന്നുവന്നു പറഞ്ഞു, എ.കെ.ജിക്കും ഇ.എം.എസ്സിനെതിരേയുമൊക്കെ നടപടിയെടുത്ത പാർട്ടിയാ ഇത്. അതുകൊണ്ട് വ്യക്തി പ്രശ്നമല്ല. കൊടിക്കു മീതേ ആരുമില്ല. കോഴിക്കോട് ജില്ലയിൽ നിന്നുള്ളവരായിരുന്നു അവർ. ചാനൽ റിപ്പോർട്ടർ ഒടുവിൽ ആലങ്കാരികമായി പറഞ്ഞു നൂറുകണക്കിന് പ്രവർത്തകർ പലഭാഗത്തുനിന്നും എത്തിക്കൊണ്ടിരിക്കുകയാണെന്ന്. അതു കേട്ട മാത്രയിൽ അവർ ക്ഷുഭിതരായി. നൂറല്ല, പതിനായിരക്കണക്കിന് എന്നായി. ഒടുവിൽ പതിനായിരക്കണക്കിന് എന്ന് പറഞ്ഞ് റിപ്പോർട്ടർ സ്വന്തം തടി രക്ഷപ്പെടുത്തുന്നതുപോലെയായി.

 

പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന്‍ വി.എസിന്റെ രാജി വൈകാതെ?

 

പാർട്ടിയുടെ ചട്ടക്കൂടിൽ വിശ്വസിക്കുന്ന നേതൃത്വം കാണുന്ന ബലമാണത്. വ്യക്തിയല്ല പ്രധാനം പാർട്ടിയാണ് എന്ന് ഈ പ്രവർത്തകർ ക്ഷുഭിതരായി പറയുമ്പോൾ വി.എസ്സിനെതിരെയുള്ള രോഷമാണ് അവരുടെ ക്ഷോഭത്തിലൂടെ പുറത്തുവന്നുകൊണ്ടിരുന്നത്. ഇത് കാണുന്ന സാധാരണക്കാരനു മനസ്സിലാകുന്നു, ഇവർ വി.എസ്സിനോടുള്ള വിരോധം കൊണ്ടും ഔദ്യോഗിക നേതൃത്വത്തോടുളള കൂറുകൊണ്ടുമാണ് ഇവ്വിധം പറയുന്നതെന്ന്. അതേസമയം, ഒന്നുകൂടി വ്യക്തമായി നോക്കിയാല്‍, പാർട്ടിയാണ് വ്യക്തികളേക്കാൾ മുകളിൽ എന്ന താത്വികമായ വിശ്വാസത്തിന്റേയോ പ്രമാണത്തിന്റേയോ ബലത്തിലല്ല ഇവർ ഇങ്ങനെ പറയുന്നത്. മറിച്ച് പാർട്ടിയിലെ വ്യക്തിഗത പോരാട്ടങ്ങളുടെ ഭാഗമായിട്ടാണ് ഇവർ ഇങ്ങനെ ക്ഷുഭിതരാവുന്നതെന്നും പറയുന്നതെന്നും കാണാം. അതായത് ഇവർ പറയുന്നതിന് നേർവിപരീതമാണ് യാഥാർഥ്യമെന്ന് കാണികൾ മനസ്സിലാക്കുന്നു. ഇതാണ് ഇപ്പോൾ ഘടനാശേഷിയിൽ അമിത വിശ്വാസം അർപ്പിച്ചുകൊണ്ട് നീങ്ങുന്ന സി.പി.ഐ.എം നേരിടുന്ന മുഖ്യപ്രശ്നം. സംഘടനാശേഷിയുടെ ബലത്തിൽ പറയുന്നതിന് കടകവിരുദ്ധമായി ജനം മനസ്സിലാക്കുന്നു. അപ്പോൾ യാഥാർഥ്യങ്ങൾ അതേപടി അവശേഷിക്കുന്നു. ആ യാഥാർഥ്യങ്ങളെ വി.എസ് ഏറ്റുപിടിക്കുന്നു. ഒരു രാഷ്ട്രീയപ്രവർത്തകൻ ഏറ്റുപിടിക്കേണ്ട വിഷയം എന്നു തോന്നുന്ന സമയത്താവും അത് വി.എസ് ഏറ്റുപിടിക്കുക. അപ്പോൾ വി.എസ് രക്ഷകനായി രംഗപ്രവേശം ചെയ്യുന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി കേരളത്തിൽ നടന്നുവരുന്ന പ്രതിഭാസമാണിത്. ഇതാണ് വി.എസ്സിന് പാർട്ടിക്കില്ലാത്ത ജനപിന്തുണ നേടിക്കൊടുത്തത്. വി.എസ് ഈ വിഷയങ്ങളും സാഹചര്യങ്ങളുമൊക്കെ തന്റേതായ നേട്ടങ്ങൾക്കും പ്രതികാരത്തിനുമൊക്കെ ഉപയോഗിക്കുന്നുണ്ടാകാം. ഒരു പരിധിവരെ അതു ശരിയുമാണ്. ജനം അതും പല ഘട്ടങ്ങളിൽ കാണുന്നുണ്ട്. എന്നിട്ടും വി.എസ്സിന്റെ ജനപിന്തുണ കുറയുന്നില്ല. കാരണം യാഥാർഥ്യങ്ങളുടെ തീവ്രതയും അവ ഏറ്റെടുക്കാൻ മറ്റാരുമില്ലാത്ത നിരാലംബമായ അവസ്ഥയുമാണ്. ഇത് ഇന്ന് കേരളം നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധിയാണ്. ഇതാണ് പ്രതിസന്ധി. അല്ലാതെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നേരിടുന്ന സംഘടനാപരമായ പ്രതിസന്ധിയല്ല.

 

ആലപ്പുഴയിൽ റാലിക്കായെത്തിയ പാർട്ടിപ്രവർത്തകരും ഔദ്യോഗിക നേതൃത്വവും പറയുന്നത് ഒരേ കാര്യമാണ്. എന്തിന് അണികളുടെ സ്വരത്തിനു പോലും ഔദ്യോഗിക നേതാക്കളുടെ സ്വരസാമ്യം. വ്യക്തികൾ പാർട്ടിക്ക് മുകളിലല്ല എന്നാണയിടുമ്പോഴും പാർട്ടിയെന്നു സ്വയം കരുതുന്ന അണികളിലൂടെ വ്യക്തികൾ തെളിഞ്ഞുവരുന്ന ചിത്രം. അവിടെയാണ് ടി.പി ചന്ദ്രശേഖരൻ വധക്കേസ്സിൽ ശിക്ഷിക്കപ്പെട്ട രണ്ട് കുറ്റവാളികളെ പാർട്ടിയിൽ നിലനിർത്തിക്കൊണ്ടുപോകാനുള്ള നേതൃത്വത്തിന്റെ വാശി മറ്റൊരു ചോദ്യമായി വരുന്നത്. അതിനും അണികളുടെ ഉത്തരം നേതാക്കളുടെ അതേ ഭാഷയിൽ. പക്ഷേ അപ്പോഴും ജനം മനസ്സിലാക്കുന്നു, ടി.പി.ചന്ദ്രശേഖരൻ എന്ന വ്യക്തി ജീവിച്ചിരുന്നു. അദ്ദേഹം കൊല ചെയ്യപ്പെട്ടതാണ്. അദ്ദേഹത്തിന്റെ ശരീരത്തിൽ ഏറ്റ വെട്ടുകളുടെ എണ്ണം പോലും ഏവർക്കുമറിയാം. അദ്ദേഹത്തെ കൊല ചെയ്തവരെ കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്തു. ജയിൽ ശിക്ഷ അനുഭവിക്കുന്ന പി.കെ കുഞ്ഞനന്തൻ ഏരിയാക്കമ്മറ്റിയിൽ. പാർട്ടിയാണ് ചന്ദ്രശേഖരന്റെ കൊലയ്ക്ക് പിന്നിലെന്ന് കൊല നടന്ന നിമിഷം മുതൽ ആരോപണവും ആക്ഷേപവുമുണ്ടായിരുന്നു. പാർട്ടി നേതാക്കൾ ഉൾപ്പെട്ടിട്ടും അവർ ശിക്ഷിക്കപ്പെട്ടിട്ടും അവരെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സംസ്ഥാന നേതൃത്വം തയ്യാറാവുന്നില്ല. അതാവശ്യപ്പെടുന്ന വി.എസ്സിനെ സംസ്ഥാന സമിതിയിൽ നിന്നും അതുവഴി പാർട്ടിയിൽ നിന്നും പുറത്താക്കാൻ ശ്രമം നടക്കുകയും ചെയ്യുന്നു. ജനം എന്താണ് ഇതിൽ നിന്ന് മനസ്സിലാക്കുന്നത്. റാലിക്കു വന്നവർ പറയുന്നതുപോലെ പാർട്ടിയാണ് വലുത്, വ്യക്തികളല്ല എന്നു പറയുമ്പോൾ അത് കേൾക്കുന്നവരും കാണുന്നവരും എന്തു മനസ്സിലാക്കുന്നുവോ അതുപോലെ ഇക്കാര്യവും മനസ്സിലാക്കുന്നു. ആ മനസ്സിലാക്കലിന്റെ ഭാഗത്തു വി.എസ് നിൽക്കുന്നു. ഒരു ഭാഗത്ത് പകയുണ്ടെങ്കിൽ പോലും വി.എസ് പറയുന്നത് ജനത്തിന് മനസ്സിലാക്കാൻ പ്രയാസമുണ്ടാകുന്നില്ല. ഇവിടെയാണ് വി.എസ്സും കേരളത്തിലെ സാധാരണ ജനങ്ങളും തമ്മിൽ സംവേദനം നടക്കുന്നത്. ഈ സംവേദനമില്ലായ്മയാണ് സി.പി.ഐ.എം ഉൾപ്പെടെയുള്ള മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ ഇന്നു കേരളത്തിൽ നേരിടുന്ന പ്രതിസന്ധിയും കേരള രാഷ്ട്രീയം നേരിടുന്ന പ്രതിസന്ധിയും.

 

ഇവിടെയാണ് 91-ാം വയസ്സിലും വി.എസ് പാർട്ടി വിട്ട് വന്ന് ജനമുന്നേറ്റത്തിന് നേതൃത്വം നൽകണമെന്ന് സാധാരണക്കാർ ആഗ്രഹിക്കുന്നത്. ഈ ആഗ്രഹമാണ് മാറ്റത്തിന്റെ വഴിതുറക്കൽ. സി.പി.ഐ.എം അതിന്റെ ചരിത്രത്തിൽ നേരിട്ടില്ലാത്ത പ്രതിഭാസവുമായിരിക്കും വി.എസ് അത്തരത്തിലൊരു നീക്കത്തിനൊരുങ്ങിയാൽ സംഭവിക്കുക. കേരളരാഷ്ട്രീയം ഒരു വഴിത്തിരിവിലേക്ക് നീങ്ങാനുള്ള ഫലഭൂയിഷ്ട സ്ഥിതിയിലാണ് സഹചര്യങ്ങൾ. എം.വി രാഘവനും കെ.ആർ.ഗൗരിയും പാർട്ടിയിൽ നിന്നു പുറത്തുപോയിട്ടും പിളർപ്പൊന്നുമുണ്ടായില്ല എന്നുള്ള ചരിത്രാനുഭവം ഔദ്യോഗിക നേതൃത്വത്തിന് ആശ്വാസം പകരുന്നുണ്ടാകും. എന്നാൽ ഇന്ന് കാര്യങ്ങളുടെ കിടപ്പ് അങ്ങനെയല്ല. ജനങ്ങളെ വി.എസ്സിന് ഒന്നും പറഞ്ഞ് ബോധ്യപ്പെടുത്തേണ്ട ആവശ്യകതയില്ല. അവർക്ക് ബോധ്യമായ രീതിയിൽ വി.എസ് നിന്നുകൊടുക്കുക മാത്രമാണ് വേണ്ടത്. ഔദ്യോഗിക നേതൃത്വം എത്ര പറഞ്ഞാലും റാലിക്ക് ആലപ്പുഴയെത്തിയവർ പറയുമ്പോൾ മനസ്സിലാക്കുന്നതേ മനസ്സിലാക്കുകയുള്ളു.

 

വി.എസ് ജനഹിതത്തിന് അനുസൃതമായി നീങ്ങുന്ന പക്ഷം സി.പി.ഐ.എമ്മിൽ നിന്ന് നേതൃനിരയൊന്നും വി.എസ്സിനോടൊപ്പം ചേരാനുണ്ടാകില്ല. പാർട്ടിയിലെ നേതാക്കളെയാരും താൻ പ്രതീക്ഷിക്കുന്നില്ല എന്ന് വ്യക്തമാക്കുന്നതുമായിരുന്നു അദ്ദേഹത്തിന്റെ ഇറങ്ങിപ്പോക്കു തന്നെ. അതുതന്നെ താൻ ലക്ഷ്യം വയ്ക്കുന്നത് സി.പി.ഐ.എമ്മിലെ പിളർപ്പല്ല, മറിച്ച് കേരളത്തിലെ സാധാരണ ജനതയെ മുൻനിർത്തിയുള്ള ജനമുന്നേറ്റമാണ്. നേതാക്കൾ അദ്ദേഹത്തോടൊപ്പം ചേരില്ലെങ്കിലും അംഗങ്ങളും അല്ലാത്തവരുമായ പാർട്ടി അണികളിൽ നല്ലൊരു ഭാഗം അദ്ദേഹം നയിക്കുന്നിടത്തേക്കു നീങ്ങും. ഇതിനുപരി വ്യക്തമായ രാഷ്ട്രീയമില്ലാത്തവരും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളോട് അനുഭാവമുള്ളവരും കാര്യങ്ങൾ മനസ്സിലാക്കിയവരും പ്രതികരിക്കണമെന്നുണ്ടെങ്കിലും അതിനു പറ്റാത്ത സാഹചര്യമുള്ളവരൊക്കെത്തന്നെ ഈ മുന്നേറ്റത്തിൽ അണിചേരാനുള്ള സാധ്യതയുണ്ട്. ആ മുന്നേറ്റത്തിലേക്ക് കേരളത്തില ഇരുമുന്നണികളിലുമുള്ള രാഷ്ട്രീയകക്ഷികൾ ചേരാനുമിടയുണ്ട്. സി.പി.ഐ പോലും വി.എസ് മുന്നേറ്റത്തിലേക്ക് കൂട്ടുചേർന്നേക്കാം. ആം ആദ്മി പാർട്ടി ദില്ലിയിൽ നടത്തിയ മുന്നേറ്റത്തിനു സമാനമായ വഴിയിലൂടെ വി.എസ് മുന്നേറ്റത്തെ കൊണ്ടുപോയാൽ അതിൽ ജനം വിശ്വാസം അർപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ആ പ്രതീക്ഷയുടെ കൊയ്ത്തുകാലത്തിലേക്കാണ് വർത്തമാനകാലം പരുവപ്പെട്ടുവരുന്നതെന്ന് കാണാൻ കഴിയുന്നതാണ്.

Tags: