Skip to main content
ന്യൂഡല്‍ഹി

കേരള തീരത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ തങ്ങളുടെ സൈനികര്‍ വെടിവെച്ചുകൊന്നത് ആളറിയാതെ കടല്‍ക്കൊള്ളക്കാരെന്ന് കരുതിയാണെന്ന ഇറ്റലിയുടെ വാദം കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) തള്ളി. യാതൊരു പ്രകോപനവും കൂടാതെയാണ് നാവിക സൈനികര്‍ വെടിയുതിര്‍ത്തതെന്ന്‍ തെളിവുണ്ടെന്നും മത്സ്യബന്ധന ബോട്ടില്‍ കടല്‍ക്കൊള്ളക്കാരെന്ന് കരുതാന്‍ ഒരു ന്യായവും ഇല്ലെന്നും എന്‍.ഐ.എ അവകാശപ്പെട്ടു.

 

സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട രണ്ട് സൈനികര്‍ക്കെതിരെ തയ്യാറാക്കിയ കുറ്റപത്രത്തില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ടെന്ന് മുതിര്‍ന്ന എന്‍.ഐ.എ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേസ് അന്വേഷിക്കാനുള്ള ഇന്ത്യയുടെ നിയമസാധുത ചോദ്യം ചെയ്ത് ഇറ്റലി നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.  

 

മുന്നറിയിപ്പ് നല്‍കി വെടിയുതിര്‍ക്കുക പോലുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെ നേരിട്ട് കൊലപാതകമാണ് സൈനികര്‍ ചെയ്തതെന്ന് എന്‍.ഐ.എ പറയുന്നു. ബോട്ടിലുള്ളവര്‍ വെടിയുതിര്‍ത്തിട്ടേ ഇല്ലെന്നും ഇവര്‍ കടല്‍ക്കൊള്ളക്കാരെന്ന് കരുതാന്‍ ഒരു സൂചനയും ഉണ്ടായിരുന്നില്ലെന്നും ഏജന്‍സി ചൂണ്ടിക്കാട്ടി. കപ്പലില്‍ നിന്നും 125 മീറ്റര്‍ മാത്രം അകലെയുള്ള ബോട്ടിലേക്ക് 20 തവണ വെടിയുതിര്‍ത്തതായും കുറ്റപത്രത്തില്‍ വെളിപ്പെടുത്തുന്നു.  

 

സൈനികരായ മാസിമിലിയാണോ ലതോരെയും സാല്‍വതോരെ ജിരോണും അന്താരാഷ്ട്ര സമുദ്രയാന സംഘടനയുടെ കടല്‍ക്കൊള്ള വിരുദ്ധ നടപടികള്‍ സംബന്ധിച്ച പെരുമാറ്റച്ചട്ടങ്ങളും പാലിച്ചിട്ടില്ലെന്നും കുറ്റപത്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ രണ്ട് സൈനികരും തയ്യാറായില്ലെന്നും എന്‍.ഐ.എ വൃത്തങ്ങള്‍ അറിയിച്ചു.