Skip to main content

global nrk meet

ആഗോള പ്രവാസി കേരളീയ സംഗമം ജനുവരി 16, 17 തിയതികളില്‍ കൊച്ചിയില്‍  നടക്കും. പ്രവാസിസമൂഹത്തിന്റെ പ്രതിനിധികളുമായും അംഗങ്ങളുമായും ആശയങ്ങള്‍ കൈമാറുന്നതിനും പ്രധാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ വിവിധ ചര്‍ച്ചകള്‍ ഇതിന്റെ ഭാഗമായി നടത്തുന്നുണ്ട്.

 

പ്രവാസി കേരളീയരുടെ വകുപ്പായ നോര്‍ക്കയും നോര്‍ക്ക റൂട്‌സും ചേര്‍ന്നാണ് ആഗോള പ്രവാസി കേരളീയ സംഗമം നടത്തുന്നത്. മറ്റ് സംസ്ഥാനങ്ങളിലും വിദേശങ്ങളിലുമുള്ള മലയാളികള്‍ക്ക് സര്‍ക്കാരുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിനും അവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും നയരൂപീകരണത്തില്‍ സഹായിക്കുന്നതിനും സ്വദേശത്തുതന്നെ ഗുണനിലവാരമുള്ള നിക്ഷേപാവസരങ്ങള്‍ കണ്ടെത്തുന്നതിനുമുള്ള ഇടമായിരിക്കും ഈ സംഗമം.

 

ആയിരത്തോളം പ്രവാസി മലയാളികള്‍ പങ്കെടുക്കുമെന്നു കരുതപ്പെടുന്ന സംഗമത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മറ്റ് മന്ത്രിമാരും വിവിധ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും. ലേ മെറിഡിയന്‍ ഹോട്ടലില്‍ നടക്കുന്ന സംഗമത്തിലേക്കുള്ള രജിസ്‌ട്രേഷന്‍ തുടരുകയാണ്. വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും സംഗമത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സൗകര്യമുണ്ട്.

 

23.6 ലക്ഷത്തിലേറെ മലയാളികള്‍ കേരളത്തിനു വെളിയില്‍ തൊഴില്‍ ചെയ്യുന്നുണ്ടന്നും 50 ലക്ഷത്തോളം പേര്‍ ഇവരെ ആശ്രയിച്ചു കഴിയുന്നുണ്ടെന്നും പ്രവാസികാര്യ മന്ത്രി കെ.സി ജോസഫ് പറഞ്ഞു. പ്രവാസി മലയാളികളുടെ സാമൂഹ്യ-സാമ്പത്തിക-സാംസ്കാരിക സംഭാവനകള്‍ വിലമതിക്കാനാകാത്തതാണെന്നും അതുകൊണ്ടുതന്നെ അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

പല കാരണങ്ങളാല്‍ സ്വദേശത്തേക്കു മടങ്ങിയെത്തുന്നവരുടെ പുനരധിവാസവും തൊഴില്‍ ലഭ്യതയും ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ക്ക് സത്വര പരിഹാരം കാണാനും കേരളത്തിനു വെളിയിലുള്ള മലയാളികളുടെ ക്ഷേമത്തിനും സൗകര്യങ്ങള്‍ക്കും പുതിയ പദ്ധതികള്‍ ആവിഷ്കരിക്കാനും സംഗമത്തിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിച്ചു നേടിയ അനുഭവസമ്പത്ത് കൈമുതലായുള്ള പ്രവാസി മലയാളികളില്‍ നിന്ന് സംസ്ഥാനത്തിന്റെ വികസനത്തിനായി നടപ്പാക്കാനാകുന്ന പദ്ധതികളെപ്പറ്റിയും ആശയങ്ങളെപ്പറ്റിയും അഭിപ്രായം സ്വരൂപിക്കാനാകുമെന്നാണ് കരുതുന്നതെന്നും കെ.സി ജോസഫ് പറഞ്ഞു.

 

പ്രവാസി മലയാളികള്‍ക്ക് കേരളത്തില്‍ നിക്ഷേപാവസരങ്ങള്‍ കെണ്ടത്തുന്നതിനുള്ള അവസരം കൂടിയായി സംഗമം മാറുമെന്ന് പ്രവാസികാര്യ വകുപ്പു സെക്രട്ടറിയും നോര്‍ക്ക-റൂട്‌സ് ഡയറക്ടറുമായ റാണി ജോര്‍ജ് പറഞ്ഞു. 2013-14 ല്‍ പ്രവാസി മലയാളികള്‍ വഴി കേരളത്തിലെത്തിയത് 72,000 കോടിയില്‍പ്പരം രൂപയാണ്. ഇതു കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ പ്രവാസികള്‍ക്കുള്ള സ്വാധീനം വ്യക്തമാക്കുന്നതാണ്. സംസ്ഥാനത്തിന്റെ വികസനത്തില്‍ പ്രവാസി പങ്കാളിത്തം കൂടുതല്‍ പങ്കാളിത്തപരമാകാനും അടിസ്ഥാന സൗകര്യവികസന, വ്യാവസായിക മേഖലകളിലും വികസനപദ്ധതികളിലും കൂടുതല്‍ നിക്ഷേപം നടത്തി സംസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ അവരെ പങ്കാളികളാക്കാനും കേരളം ആഗ്രഹിക്കുന്നു.

 

പൊതു-സ്വകാര്യ പങ്കാളിത്ത (പി.പി.പി) പദ്ധതികള്‍ പ്രോല്‍സാഹിപ്പിക്കുന്നതിലാണ് സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. ഈ മാതൃക ഐ.ടി, സാമൂഹ്യസംരംഭങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവാസി മലയാളികള്‍ക്ക് സാധ്യതകളുടെ സമുദ്രമാണ് തുറന്നിടുന്നത്. പ്രവാസികള്‍ക്ക് നിക്ഷേപത്തിന് സാധ്യതയുള്ള മേഖലകള്‍ കെണ്ടത്താനും അവ സൗകര്യപ്രദമാക്കാനുള്ള വഴികള്‍ ചര്‍ച്ച ചെയ്യാനും ആഗോള സംഗമത്തില്‍ ശ്രമിക്കുമെന്ന് റാണി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

 

പ്രവാസി മലയാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുമായി 1996-ല്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിച്ചതാണ് നോര്‍ക്ക (നോണ്‍ റസിഡന്റ് കേരളൈറ്റ്‌സ് അഫയേഴ്‌സ്) വകുപ്പ്. റിക്രൂട്ട്‌മെന്റിനുള്ള സഹായം, നൈപുണ്യ പരിശീലനം, നിയമോപദേശവും സഹായവും, സാമ്പത്തിക പിന്തുണ, പ്രതിസന്ധികളുടെ പരിഹാരം, പുനരധിവാസ പിന്തുണ, വ്യാപാര-നിക്ഷേപ സൗകര്യങ്ങള്‍ തുടങ്ങിയവയും സാംസ്‌കാരിക-പൈതൃക പ്രോല്‍സാഹനവും ഉള്‍പ്പെടെ ഒട്ടേറെ മേഖലകളില്‍ നോര്‍ക്കയുടെ സേവനം പ്രവാസികള്‍ക്ക് ലഭ്യമാണ്. നോര്‍ക്കയുടെ ഫീല്‍ഡ് ഏജന്‍സിയായ നോര്‍ക്ക-റൂട്‌സ് 2002-ലാണ് സ്ഥാപിതമായത്. പ്രവാസികള്‍ക്കും സര്‍ക്കാരിനും ഇടയില്‍ സമ്പര്‍ക്കമുഖമായി പ്രവര്‍ത്തിക്കുന്ന നോര്‍ക്ക-റൂട്‌സ് വിവിധ പദ്ധതികളുടെ നടപ്പാക്കലിലും സഹായിക്കുന്നു.