ആസൂത്രണ കമ്മീഷന്റെ പേര് നീതി ആയോഗ് (നയ കമ്മീഷന്‍) എന്ന്‍ മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പുതുവത്സരദിനമായ വ്യാഴാഴ്ച വാര്‍ത്താകുറിപ്പിലൂടെയാണ് പ്രഖ്യാപനം സര്‍ക്കാര്‍ നടത്തിയത്. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടായിരുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫോര്‍ ട്രാന്‍സ്ഫോമിംഗ് ഇന്ത്യ എന്നതിന്റെ ചുരുക്കപ്പേര് കൂടിയാണ് നീതി.
1950-ല്‍ രൂപീകരിച്ച ആസൂത്രണ കമ്മീഷന്‍ സമകാലീന സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ പുന:സംഘടിപ്പിക്കുമെന്ന് കഴിഞ്ഞ സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഡിസംബര്‍ ഏഴിന് ആസൂത്രണ കമ്മീഷന്റെ ഭാവി രൂപം ചര്‍ച്ച ചെയ്യാന്‍ മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ പുന:സംഘടന ആവശ്യമാണെന്ന് യോഗത്തില്‍ ഭൂരിഭാഗം മുഖ്യമന്ത്രിമാരും അംഗീകരിച്ചെങ്കിലും കമ്മീഷന്‍ പിരിച്ചുവിടണമെന്ന കാര്യത്തില്‍ സമവായമുണ്ടായില്ല. അതേസമയം, കമ്മീഷന് പകരം പുതിയ സ്ഥാപനം ആരംഭിക്കാനുള്ള പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തിന് 18 കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിമാരുടെ പിന്തുണ കിട്ടി.
നയ വിഷയങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് വിദഗ്ധ ഉപദേശം നല്‍കുകയായിരിക്കും കമ്മീഷന്റെ പ്രധാന പ്രവര്‍ത്തനം. വിവിധ മേഖലകളിലെ വിദഗ്ദ്ധരും സംസ്ഥാനങ്ങളുടെ പ്രതിനിധികളും ഉള്‍ക്കൊള്ളുന്ന ഒരു സ്ഥാപനമായാണ് പുതിയ കമ്മീഷന്‍ വിഭാവനം ചെയ്തിരിക്കുന്നത്. ആസൂത്രണ കമ്മീഷനെ പോലെ പ്രധാനമന്ത്രി തന്നെയായിരിക്കും കമ്മീഷന്റെ ചെയര്‍മാന്‍. സംസ്ഥാന മുഖ്യമന്ത്രിമാരും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരും അടങ്ങുന്നതാണ് കമ്മീഷന്റെ ഭരണ കൗണ്‍സില്‍.