യു.എസും ജപ്പാനുമായി ത്രികക്ഷി രഹസ്യവിവര കൈമാറ്റ കരാറില്‍ അടുത്തയാഴ്ച ഒപ്പ് വെക്കുമെന്ന് ദക്ഷിണ കൊറിയ അറിയിച്ചു. ഉത്തര കൊറിയയില്‍ നിന്ന് വര്‍ധിച്ചുവരുന്ന ആണവ-മിസൈല്‍ ആക്രമണ ഭീഷണിയെ പ്രതിരോധിക്കാനാണ് നടപടിയെന്ന് ദക്ഷിണ കൊറിയ വിശദീകരിച്ചു.
ദക്ഷിണ കൊറിയയും ജപ്പാനുമായി യു.എസ് പ്രത്യേകം രഹസ്യവിവര കൈമാറ്റ കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുള്ളതാണ്. രണ്ട് രാജ്യങ്ങളിലേയും യു.എസ് സേനാതാവളങ്ങളില്‍ പതിനായിരക്കണക്കിന് യു.എസ് സൈനികരും നിലയുറപ്പിച്ചിട്ടുണ്ട്.
എന്നാല്‍, ദക്ഷിണ കൊറിയയും ജപ്പാനും തമ്മില്‍ ഇത്തരം ഉഭയകക്ഷി കരാര്‍ നിലവിലില്ല. മാത്രവുമല്ല, കൊറിയയില്‍ 1910 മുതല്‍ 1945 വരെ നീണ്ട ജപ്പാന്റെ കൊളോണിയല്‍ ഭരണത്തെ ചൊല്ലി രണ്ട് രാജ്യങ്ങളും തമ്മില്‍ ദീര്‍ഘനാളായി തുടരുന്ന തര്‍ക്കങ്ങളും നിലവിലുണ്ട്. 2012-ല്‍ ഒരു രഹസ്യവിവര കൈമാറ്റ കരാറില്‍ ഏര്‍പ്പെടാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഏറെക്കുറെ ധാരണയായിരുന്നെങ്കിലും ദക്ഷിണ കൊറിയയില്‍ ഉയര്‍ന്ന എതിര്‍പ്പിനെ തുടര്‍ന്ന് അവസാന നിമിഷം കരാര്‍ ഉപേക്ഷിക്കുകയായിരുന്നു.
പുതിയ കരാര്‍ അനുസരിച്ച് ഉത്തര കൊറിയയുടെ ആണവ-മിസൈല്‍ പദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ദക്ഷിണ കൊറിയയും ജപ്പാനും തമ്മില്‍ യു.എസ് മുഖേന പങ്ക് വെക്കുമെന്ന് ദക്ഷിണ കൊറിയയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.