ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം 2030-ഓടെ ഏകദേശം മൂന്നിലൊന്നായി കുറയ്ക്കാനുള്ള ഒരു ഉടമ്പടിയില്‍ ചൈനയും യു.എസും ഒപ്പ് വെച്ചു. കാര്‍ബണ്‍ മലിനീകരണത്തില്‍ ലോകത്ത് മുന്നില്‍ നില്ക്കുന്ന രാജ്യങ്ങളാണിവ രണ്ടും. ബീജിങ്ങില്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയും ചൈനാ പ്രസിഡന്റ് ശി ചിന്ഭിങ്ങുമാണ് ഉടമ്പടി പ്രഖ്യാപിച്ചത്.
ഉടമ്പടി അനുസരിച്ച് യു.എസ് 2025-നകം തങ്ങളുടെ ഹരിതഗൃഹ വാതക ബഹിര്‍ഗമനം 2005-ലെ നിലയുടെ 26-28 ശതമാനമായി കുറയ്ക്കും. 2050-നകം 80 ശതമാനം വരെ കുറയ്ക്കാനാണ് യു.എസ് ലക്ഷ്യമിടുന്നത്. ബഹിര്‍ഗമനത്തിന്റെ അളവിലെ വര്‍ധന 2030-ഓടെ അവസാനിപ്പിക്കുമെന്ന് ചൈന പ്രഖ്യാപിച്ചു. ഇതിനായി 2030-ഓടെ ചൈനയുടെ ഊര്‍ജ ആവശ്യത്തിന്റെ 20 ശതമാനം സൗരോര്‍ജം, കാറ്റ് തുടങ്ങിയ ബദല്‍ മാര്‍ഗ്ഗങ്ങളിലേക്ക് മാറ്റുമെന്ന് പ്രസിഡന്റ് ശി പറഞ്ഞു.
ആദ്യമായാണ് ഇത്തരത്തിലൊരു ലക്ഷ്യം ചൈനയും യു.എസും പ്രഖ്യാപിക്കുന്നത്. ആഗോള താപനത്തെ നേരിടാന്‍ 2015-ല്‍ പാരീസില്‍ ചേരുന്ന ലോകരാഷ്ട്രങ്ങളുടെ സമ്മേളനത്തില്‍ കൂടുതല്‍ ഫലപ്രദമായ ലക്ഷ്യങ്ങള്‍ നിശ്ചയിക്കാന്‍ മറ്റ് രാഷ്ട്രങ്ങള്‍ക്ക് പ്രചോദനമാകും ഈ ഉടമ്പടിയെന്ന് ചൈനയും യു.എസും പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം, കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നിലപാടുകള്‍ സ്വീകരിക്കാറുള്ള യാഥാസ്ഥിതിക റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്ക് യു.എസ് കോണ്‍ഗ്രസിന്റെ രണ്ട് സഭകളിലും മേധാവിത്വം ലഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഒബാമയുടെ പദ്ധതിയ്ക്ക് ആഭ്യന്തരമായി വെല്ലുവിളി ഉയരാനുള്ള സാധ്യത ഏറെയാണ്. യു.എസില്‍ അന്താരാഷ്ട്ര കരാറുകള്‍ നിയമനിര്‍മ്മാണ സഭയായ കോണ്‍ഗ്രസ് അംഗീകരിക്കേണ്ടതുണ്ട്.
വ്യാപാരനികുതി, സൈനിക ബന്ധങ്ങള്‍, യാത്രാ ഇളവുകള്‍ എന്നിവ സംബന്ധിച്ച കരാറുകളും യു.എസ് പ്രസിഡന്റിന്റെ ചൈനാ സന്ദര്‍ശന വേളയില്‍ രണ്ട് രാജ്യങ്ങളും ഒപ്പിട്ടുണ്ട്. ഏഷ്യാ-പസിഫിക് സാമ്പത്തിക സഹകരണ സംഘത്തിന്റെ (അപെക്) ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ഒബാമ ബീജിങ്ങില്‍ എത്തിയിട്ടുള്ളത്.