കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ വി.കെ സിങ്ങിന്റെ സഹായി ഉള്‍പ്പെടുന്നവര്‍ക്കെതിരെ സി.ബി.ഐ അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്തു. രാജ്യത്തിന്‍റെ വിദേശ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗിന് (റാ) ഉയര്‍ന്ന പ്രദേശങ്ങളില്‍ കഴിയാന്‍ ഉതകുന്ന പ്രത്യേക ടെന്റ് വിതരണം ചെയ്തതുമായി ബന്ധപ്പെട്ടാണ് കേസ്. പ്രധാനമന്ത്രി കാര്യാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം സി.ബി.ഐ ഏറ്റെടുത്ത കേസില്‍ റായിലേയും കാബിനറ്റ് സെക്രട്ടറിയേറ്റിലേയും പേരറിയാത്ത ഉദ്യോഗസ്ഥരും പ്രതികളാണ്.
സംഭവവുമായി ബന്ധപ്പെട്ട് പ്രതിരോധ കോണ്‍ട്രാക്ടറും മന്ത്രി വി.കെ സിങ്ങിന്റെ അടുത്തയാളുമായി അറിയപ്പെടുന്ന എസ്.പി സിങ്ങിന്റെ വീട്ടില്‍ സി.ബി.ഐ പരിശോധന നടത്തി. എസ്.പി സിങ്ങിന്റെ ഭാര്യ മഞ്ജരി, ഇവര്‍ ഡയറക്ടര്‍ ആയിട്ടുള്ള സായിബാബ ബില്‍ഡേഴ്സ് ആന്‍ഡ് കണ്‍സള്‍ട്ടന്റ്സ് എന്ന സ്ഥാപനം, മറ്റ് ഡയറക്ടര്‍മാരായ ശ്യാം സുന്ദര്‍ ഭട്ടര്‍, ജെ.പി.എന്‍ സിങ്ങ് എന്നിവര്‍ക്ക് എതിരെയാണ് കേസെടുത്തിട്ടുള്ളത്.
1962-ലെ ചൈനാ യുദ്ധത്തെ തുടര്‍ന്ന്‍ റാ രൂപീകരിച്ച സ്പെഷല്‍ ഫ്രോന്റിയര്‍ ഫോഴ്സ് (എസ്.എഫ്.എഫ്) എന്ന്‍ രഹസ്യയൂണിറ്റിനായിട്ടാണ് 2009-13 കാലഘട്ടത്തില്‍ 22 കോടി രൂപയുടെ ടെന്റുകള്‍ വാങ്ങിയത്. ഈ കരാര്‍ അനധികൃതമായിട്ടാണ് എസ്.പി സിങ്ങിന്റെ സ്ഥാപനത്തിന് നല്‍കിയതെന്ന് റാ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നിലെ അഴിമതി സി.ബി.ഐ അന്വേഷിക്കുന്നത്. റാ തന്നെയാണ് സി.ബി.ഐ അന്വേഷണം ശുപാര്‍ശ ചെയ്ത് പ്രധാനമന്ത്രി കാര്യാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയത്.