പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി.ആര്‍.ഡി.ഒ) വികസിപ്പിച്ച ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ക്രൂയിസ് മിസൈല്‍ നിര്‍ഭയ് ഇന്ത്യ വെള്ളിയാഴ്ച വിജയകരമായി വിക്ഷേപിച്ചു. ഒഡിഷയിലെ ചന്ദിപ്പൂരില്‍ ഉള്ള സംയോജിത മിസൈല്‍ പരീക്ഷണ കേന്ദ്രത്തില്‍ ആയിരുന്നു വിക്ഷേപണം.
മരങ്ങളുടെ മുകളറ്റം വരെ താഴ്ന്നു പറക്കാന്‍ കഴിയുന്നതിനാല്‍ റഡാറില്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ള മിസൈല്‍ ആണ് നിര്‍ഭയ്. 700 കിലോമീറ്റര്‍ വരെ ദൂരത്തുള്ള ലക്ഷ്യം ആക്രമിക്കാന്‍ മിസൈലിന് കഴിയും. വിമാനം പോലെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ക്രൂയിസ് മിസൈലില്‍ ഡി.ആര്‍.ഡി.ഒ വൈദഗ്ധ്യം നേടിയതിന്റെ ഉദാഹരണമായി ഈ പരീക്ഷണം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നടത്തിയ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരമായിരുന്നില്ല.
അടുത്ത വര്‍ഷം ഇന്ത്യയുടെ ഉപഗ്രഹ ഗതിനിര്‍ണ്ണയ സംവിധാനം പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകുന്നതോടെ ബഹിരാകാശത്ത് നിന്ന്‍ സിഗ്നലുകള്‍ സ്വീകരിച്ച് ലക്ഷ്യം ഭേദിക്കാന്‍ മിസൈലിന് സാധിക്കും. ഏഷ്യാ ഭൂഖണ്ഡത്തെ ബഹിരാകാശത്ത് നിന്ന്‍ നിരീക്ഷിക്കാന്‍ സാധിക്കുന്ന ഏഴു ഉപഗ്രഹങ്ങള്‍ അടങ്ങിയ ഇന്ത്യന്‍ പ്രാദേശിക ഗതിനിര്‍ണ്ണയ ഉപഗ്രഹ സംവിധാനത്തിലെ (ഐ.ആര്‍.എന്‍.എസ്.എസ്) മൂന്നാമത് ഉപഗ്രഹം കഴിഞ്ഞ ദിവസം ഇന്ത്യ വിജയകരമായി വിക്ഷേപിച്ചിരുന്നു.