കഴിഞ്ഞ ഓണക്കാലത്ത് കേരളത്തിന്റെ പൊതു മണ്ഡലത്തിൽ നിറഞ്ഞുനിന്നത് മദിരാക്ഷിയായിരുന്നു. ഇക്കുറി മദ്യം. അത് മദ്യദുരന്തമാകാതിരുന്നാൽ കേരളത്തിന്റെ ഭാഗ്യം. ഐക്യകേരളത്തിൽ ഏറ്റവും കൂടുതൽ മദ്യം അനധികൃതമായി കടത്തപ്പെട്ടത് കഴിഞ്ഞ ഓണക്കാലത്തായിരിക്കും. സാധാരണ ഓണക്കാലത്ത് എക്സൈസ് ഉദ്യോഗസ്ഥർ ഒന്നുരണ്ട് ചിത്രങ്ങളെങ്കിലും മാധ്യമസ്ഥാപനങ്ങളിൽ എത്തിക്കുക പതിവുണ്ടായിരുന്നു, കന്നാസ്സിൽ മദ്യവുമായി നിൽക്കുന്ന രണ്ടുമൂന്നുപേരെ തൊണ്ടിയോടെ പിടിച്ചതിന്റെ. കഴിഞ്ഞ വർഷം അതുപോലുമുണ്ടായില്ല. സരിതവിഷയത്തിൽ ഭരണം സ്തംഭനത്തിലും സരിതയുടെ വിലപേശൽ ബ്ലാക്ക്‌മെയിലിംഗും ഉച്ചസ്ഥായിയിലൂടെ കടന്നുപോയപ്പോഴാണ് ഓണവും കടന്നുപോയത്.
ഇപ്പോൾ സമ്പൂർണ്ണ മദ്യനിരോധനത്തിലേക്കു കേരളത്തെ നീക്കാനുള്ള ആദ്യപടിയായുള്ള തീരുമാനം ഉമ്മൻ ചാണ്ടി സർക്കാർ ഒറ്റ രാത്രികൊണ്ട് എടുത്തിരിക്കുന്നു. പൂട്ടിയ ബാറുകൾ തുറക്കാൻ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും പരമാവധി ശ്രമിച്ചു. അതിനനുസൃതമായ നിലപാടാണ് സർക്കാർ കോടതിയിൽ സ്വീകരിച്ചതും. എന്നാൽ വിഷയം ഗ്രൂപ്പുകൾക്കതീത രാഷ്ട്രീയമായി പരിണമിച്ചപ്പോൾ മദ്യപ്രശ്നം ഗോളടിപ്രശ്നമായി മാറി. അങ്ങനെ പുതിയ 312 ബാറുകൾകൂടി പൂട്ടാനുള്ള തീരുമാനവുമെടുത്തുകൊണ്ട് മുഖ്യമന്ത്രി പുതിയ മദ്യനയം കൊണ്ടുവന്നു. കേരളത്തെ മദ്യവിമുക്തമാക്കുക എന്ന താൽപ്പര്യത്തേക്കാൾ കോൺഗ്രസ്സ് രാഷ്ട്രീയത്തിലെ സംഭവവികാസങ്ങളാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് മുഖ്യമന്ത്രിയെ നയിച്ചത്. തന്നെ ഭരിക്കാൻ അനുവദിക്കാത്ത വിധം കെ.പി.സി.സി അദ്ധ്യക്ഷന്‍ നിലപാടുകൾ സ്വീകരിക്കുന്നു എന്ന് കോൺഗ്രസ്സ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചതിന് പിന്നാലെയുമാണ് ഇത്തരത്തിലൊരു തീരമാനമെടുത്തിരിക്കുന്നത്. എന്തുതന്നെയായാലും കേരളത്തിന്റെ നിലനിൽപ്പിനും വികസനത്തിനും അടിയന്തരമായി ആവശ്യമുള്ളതാണ് മദ്യലഭ്യത കുറച്ചുകൊണ്ട് മദ്യമുക്ത അവസ്ഥയിലേക്ക് കൊണ്ടുപോകാനുള്ള ഏതു നടപടിയും. ആ നിലയ്ക്ക് എന്ത് പ്രത്യാഘാതമുണ്ടായാൽ പോലും ഇപ്പോഴത്തെ തീരുമാനം അത്യന്താപേക്ഷിതം തന്നെ.
ഭരണാധികാരികൾ തീരുമാനമെടുക്കുമ്പോൾ ആ തീരുമാനത്തിന്റെ പിന്നിൽ പൂർണ്ണമായ ബോധ്യവും ആത്മാർഥതയും ഉണ്ടാവണം. മറിച്ച് മറ്റ് പല കാരണങ്ങളേയും മുൻനിർത്തി തീരുമാനമെടുത്താൽ താൻ പറഞ്ഞത് ഇപ്പോൾ ശരിയായില്ലേ എന്ന് ഭാവിയിൽ ചോദിക്കാനുള്ള അവസരത്തിനുവേണ്ടിയാവും ആ തീരുമാനങ്ങളുണ്ടാവുക. മദ്യലോബിയുടെ ശക്തി ഏവർക്കുമറിയാവുന്നതാണ്. അത് രഹസ്യവുമല്ല. ഒരു ചെറിയ ബാറുപോലും സ്ഥിരമാസപ്പടിയായി കൊടുത്തിരുന്നത് ഒരു ലക്ഷം രൂപയാണെന്ന് കേൾക്കുന്നുണ്ട്. ബാറുകളിൽ വിറ്റഴിക്കപ്പെടുന്ന മദ്യത്തിന്റെ നാലിൽ ഒന്നു ഭാഗത്തിൽ താഴെയുള്ള മദ്യത്തിനു മാത്രമേ നികുതി ഖജനാവിലേക്ക് ചെന്നിരുന്നുള്ളു. വിറ്റഴിക്കുന്നവയിൽ ഭൂരിഭാഗവും സെക്കന്റ്‌സുകൾ എന്നറിയപ്പെടുന്ന അനധികൃത മദ്യമായിരുന്നു. മദ്യക്കമ്പനികൾ തന്നെ ഇവ എത്തിച്ചുകൊടുക്കുന്നുവെന്നാണ് ബാറുടമകൾ പറയുന്നത്. ഇതൊക്കെ നടക്കണമെങ്കിൽ അധികൃതരുടെ സമ്മതമില്ലാതെ നടക്കില്ല. ആ മേഖലയിൽ നടക്കുന്ന നടപടികൾ മറ്റാരേക്കാളും നന്നായി അറിയാവുന്നവർ അധികൃതരാണ്. ഈ നടത്തിപ്പിന് ഓരോ കേന്ദ്രങ്ങൾക്കും മാസ്സപ്പടി ബാറുകാർ നൽകാൻ നിർബന്ധിതരാണ്. ലക്ഷങ്ങളിൽ കുറഞ്ഞുള്ള മാസപ്പടികൾ ഇല്ലെന്നു തന്നെ പറയാം. അപ്പോൾ 730 ബാറുകളിൽ നിന്ന് ഒഴുകിയെത്തുന്ന മാസപ്പടിയുടെ വലിപ്പം ഊഹിക്കാവുന്നതാണ്. നാലിലൊന്നിനു താഴെ മദ്യം വിറ്റിട്ട് പതിനായിരത്തിൽ താഴെ രൂപ നികുതിയിനത്തിൽ ഖജനാവിലേക്കു ചെല്ലുന്നുവെങ്കിൽ കുറഞ്ഞപക്ഷം മദ്യത്തിന്റെ ലാഭത്തിനുപുറമേ കേരളത്തിലെ മദ്യലോബി നികുതിയിനത്തിൽ മുപ്പത്തിയയ്യായിരത്തോളം കോടിരൂപ കൈക്കലാക്കുന്നു. ഇതാണ് ഇവരെ ശക്തമാക്കുന്നത്. ഇങ്ങനെ വെട്ടിക്കുന്ന നികുതിയും അനുപാത അടിസ്ഥാനത്തിൽ വീതം വയ്ക്കപ്പെടുന്നു. ആ വീതം കിട്ടാത്തവരുടെ കണക്ക് എടുക്കുന്നതാവും എളുപ്പം.
പൂട്ടിയതും പൂട്ടാൻ പോകുന്നതുമായ ബാറുടമകളുടെ ബാർ തുറപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷ ഇപ്പോൾ അസ്ഥാനത്തായിരിക്കുന്നു. അതിനർഥം അവർ സൻമാർഗ പാതയിലേക്കു തിരിയുമെന്നല്ല. അവരിൽ പലരും ചിലപ്പോൾ പ്രതീക്ഷയർപ്പിച്ച് തങ്ങൾക്ക് പരിചിതമായ സ്വാധീന പുഷ്പാഞ്ജലി നിക്ഷേപം നടത്തിയവരുമായിരിക്കും. അവർ അതിശക്തമായി രണ്ടു വഴികളിലൂടെ പ്രവർത്തിക്കും. ഒന്ന് കേരളത്തിൽ മദ്യനിരോധം പ്രായോഗികമല്ല എന്നു വരുത്തിത്തീർക്കുന്നതിന് ഉതകുന്ന സാഹചര്യങ്ങൾ ഉണ്ടാക്കുക. അതിന് മദ്യദുരന്തം ഭീകരമായ രീതിയിൽ സൃഷ്ടിക്കുക. രണ്ട് നിലവിലുള്ള സംവിധാനങ്ങളിലൂടെയും അല്ലാതെയും എങ്ങനെ ലഹരി വിറ്റ് തങ്ങൾ ഉണ്ടാക്കിക്കൊണ്ടിരുന്നതോ അതിലേറെയോ വരുമാനം ഉണ്ടാക്കാം എന്നുള്ള വഴിക്കുമായിരിക്കും. ഇവിടെയാണ് സർക്കാറിന്റെ ഗൃഹപാഠവും തയ്യാറെടുപ്പുകളും ജാഗ്രതയുമൊക്കെ വേണ്ടത്. ഇവ രണ്ടിന്റേയും അഭാവം ഇന്നുണ്ട്. മാത്രമല്ല സർക്കാരിന്റെ ഭാഗത്തുനിന്ന് ജാഗ്രത തങ്ങളെ ദ്രോഹിക്കുന്ന വിധം ഉണ്ടാവില്ലെന്ന ആത്മവിശ്വാസം മദ്യലോബിക്കുണ്ടായാൽ അവരെ കുറ്റവും പറയാനൊക്കില്ല. സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നിൽക്കുന്നവരാകും മദ്യദുരന്തങ്ങളുണ്ടാകുമ്പോൾ ബലിയാടാവുക. അവരെ കുറഞ്ഞസമയത്തിനുള്ളിൽ ബോധവത്കരിക്കുക അസാധ്യവും.