മേയ് 11, 12 തിയ്യതികളില്‍ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി ചേരുന്നത് ദേശീയ രാഷ്ട്രീയം സംഭവബഹുലമായി നീങ്ങികൊണ്ടിരിക്കുന്ന സമയത്താണ്. അഴിമതിയുടെ പേരില്‍ രണ്ടു കേന്ദ്രമന്ത്രിമാര്‍ ഒരേ ദിവസം രാജിവെച്ചു. കര്‍ണ്ണാടക തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സര്‍ക്കാര്‍ നിലംപതിക്കുകയും കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയും ചെയ്തു. കല്‍ക്കരിപ്പാടം വിതരണം, 2 ജി സ്പെക്ട്രം വിതരണം, റെയില്‍വേ ബോര്‍ഡ് നിയമനം എന്നിവയിലെ അഴിമതി, മന്ത്രിമാരുടെ രാജിക്ക് മുന്‍പ്, ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തെ പൂര്‍ണ്ണമായും സ്തംഭിപ്പിച്ചു. നരേന്ദ്ര മോഡി ബി.ജെ.പിയില്‍ കരുത്താര്‍ജിക്കുകയും മോഡിയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള മത്സരമായി അടുത്ത തിരഞ്ഞെടുപ്പിനെ അവതരിപ്പിക്കുന്ന നീക്കങ്ങള്‍ വ്യാപകമാകുകയും ചെയ്തു. പ്രാദേശിക പാര്‍ട്ടികള്‍ തനതായ രീതിയിലും ഒരു വര്‍ഷത്തിനിപ്പുറം നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള സമവാക്യങ്ങള്‍ തേടുന്നുണ്ട്.
ഇങ്ങനെയുള്ളൊരു രാഷ്ട്രീയ കാലാവസ്ഥയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റിയുടെ തീരുമാനങ്ങള്‍ എന്തെല്ലാമാണ്? പാര്‍ലിമെന്റ് തടസപ്പെടുത്തിയതിന് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയ കോണ്‍ഗ്രസിന്റെ കാപട്യം മന്ത്രിമാരുടെ രാജിയിലൂടെ വെളിവായി എന്ന് വാര്‍ത്താകുറിപ്പ് പറയുന്നു. പാര്‍ലിമെന്റ് തടസ്സപ്പെടുത്തിയത് ശരിയല്ല എന്ന ബോധ്യത്തില്‍ നിന്നാണ് കുറ്റം മറ്റൊരാളില്‍ ചുമത്താനുള്ള വ്യഗ്രത ഉണ്ടാകുന്നത്. അഴിമതിയില്‍ പ്രതിഷേധിക്കുമ്പോഴും പാര്‍ലിമെന്റ് നടപടികളെ സ്തംഭിപ്പിക്കാതിരിക്കുക എന്നത് സി.പി.ഐ.എമ്മിനെങ്കിലും ചെയ്യാവുന്ന ഒന്നായിരുന്നു. തുടര്‍ന്ന് അഴിമതിക്കേസുകളില്‍ പ്രധാനമന്ത്രിയുടെ വിശദീകരണം പാര്‍ട്ടി ആവശ്യപ്പെടുന്നു. ദ്രോഹകരമായ സാമ്പത്തിക നയങ്ങളില്‍ പ്രതിഷേധിക്കുന്നു. ഭക്ഷ്യസുരക്ഷാ ബില്ലിലും ഭൂമി ഏറ്റെടുക്കല്‍ ബില്ലിലുമുള്ള ന്യൂനതകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ-ഇ.യു സ്വതന്ത്ര വ്യാപാര ഉടമ്പടി നിര്‍ത്താന്‍ ആവശ്യപ്പെടുന്നു. 2002-ലെ ഗുജറാത്ത് കലാപങ്ങളില്‍ മോഡിക്കെതിരെ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസ് രെജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. ഗുജറാത്തിന്റെ വികസന മാതൃക പൊള്ളയാണെന്നും കൂട്ടിച്ചേര്‍ക്കുന്നു. പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നീട്ടിവെക്കാനുള്ള മമത ബാനര്‍ജിയുടെ ശ്രമത്തെ എതിര്‍ക്കുന്നു. ശാരദ ചിട്ടി തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. വധശിക്ഷ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കേരള സംസ്ഥാന കമ്മിറ്റി നാല് പേരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ നടപടി ശരിവെക്കുകയും കേന്ദ്ര കമ്മിറ്റിയില്‍ ഉന്നയിക്കപ്പെട്ട സംഘടനാ വിഷയങ്ങള്‍ പരിശോധിക്കുന്നതിനായി ആറംഗ പൊളിറ്റ്ബ്യൂറോ കമ്മീഷനേയും നിയമിച്ചിട്ടുണ്ട്.
അതായത്, മലയാള മാധ്യമങ്ങളിലെ തലക്കെട്ട് തോന്നിപ്പിക്കുന്ന പോലെ വി.എസ് അച്യുതാനന്ദനും ‘വിശ്വസ്തര്‍ക്കും’ എതിരെയുള്ള നടപടി മാത്രമല്ല സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി ചര്‍ച്ചചെയ്തത്. എന്നാല്‍ സമകാലീന ദേശീയ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത നാളുകളില്‍ സി.പി.ഐ.എം സ്വീകരിക്കുന്ന നയം എന്തായിരിക്കും എന്നറിയാന്‍ നിങ്ങള്‍ കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ പരിശോധിച്ചാല്‍ നിരാശയായിരിക്കും ഫലം. രണ്ട് കേന്ദ്ര കമ്മിറ്റി യോഗങ്ങള്‍ക്കിടയിലെ രാഷ്ട്രീയ കണക്ക് പരിശോധിച്ച് പിരിയാനാണോ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് 93 പേര് ഡല്‍ഹിയില്‍ എത്തുന്നത്. രാഷ്ട്രത്തെ സംബന്ധിച്ച് നിര്‍ണ്ണായകമായ ഒരു കാലയളവില്‍ സി.പി.ഐ.എമ്മിന് ചെയ്യാനൊന്നുമില്ലേ? അംഗബലം കൊണ്ട് മാത്രമല്ല രാഷ്ട്രീയത്തെ നയിക്കുന്നത് എന്ന് കാണിച്ചു തന്നിട്ടുള്ള പാര്‍ട്ടിയാണ് സി.പി.ഐ.എം. അതൊരു ഭൂതകാല പെരുമ മാത്രമായി അവശേഷിച്ചാല്‍ നഷ്ടം രാഷ്ട്രത്തിനാണ്.
സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി ഇന്ന് എത്തിച്ചേര്‍ന്നിരിക്കുന്ന ദുരവസ്ഥയുടെ ദൃഷ്ടാന്തം കൂടിയാണ് തീരുമാനമാകാതെ ഒരു കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് അടുത്തതിലേക്ക് നീളുന്ന കേരളത്തിലെ പാര്‍ട്ടി പ്രശ്നം. 2005-ല്‍ മലപ്പുറത്ത് നടന്ന സംസ്ഥാന സമ്മേളനത്തിന് ശേഷം സംസ്ഥാനത്തെ ഔദ്യോഗിക നേതൃത്വവും വി.എസ് അച്യുതാനന്ദനും തമ്മില്‍ തുടരുന്ന തര്‍ക്കത്തില്‍ അനുരഞ്ജനം സാധ്യമാക്കാനോ പ്രശ്നത്തില്‍ തീരുമാനമാക്കാനോ കേന്ദ്ര നേതൃത്വത്തിന് കഴിയാതെ വന്നപ്പോള്‍ നഷ്ടം അനുഭവിച്ചത് കേരളം കൂടിയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഇരുചേരിയില്‍ അണിനിരന്ന ഒരു ഭരണമായിരുന്നു അഞ്ചു വര്‍ഷം കേരളം കണ്ടത്.
തീരുമാനങ്ങള്‍ എടുക്കുക എന്നതാണ് രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രാഥമികമായ മുദ്രയും ചുമതലയും. അത് ചെയ്യാത്തവര്‍ രാഷ്ട്രീയത്തിന്റെ അരികുകളില്‍ മാത്രമേ നില്ക്കൂ. തീരുമാനങ്ങള്‍ എടുത്തു നടപ്പിലാക്കാന്‍ സാധിക്കുന്നില്ല എന്നത് തന്നെയാണ് സി.പി.ഐ.എം ഇന്ന് ദേശീയ രാഷ്ട്രീയത്തില്‍ നേരിടുന്ന പ്രതിസന്ധി. ആഭ്യന്തരമായും പൊതുവായും. കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം പുറത്തിറക്കിയ വാര്‍ത്താകുറിപ്പ് സമീപ ഭാവിയില്‍ പാര്‍ട്ടി സ്വീകരിക്കുന്ന നയം പറയാതെ പറയുന്നുണ്ട്. കേരളത്തിലും പശ്ചിമ ബംഗാളിലും സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഭരണ വിരുദ്ധ വികാരം അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ ഉണ്ടായേക്കും എന്ന പ്രതീക്ഷ. അതുകൂടി സംഭവിച്ചില്ലെങ്കില്‍, ശേഷം ചിന്ത്യം.