ഒന്നാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് മദ്രാസ് ഹൈക്കോടതിയില്‍ അഴിമതി ആരോപണം നേരിട്ടിരുന്ന ഒരു ജഡ്ജിയുടെ നിയമനത്തിനായി ഡി.എം.കെ യില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായെന്ന് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങ്. മുന്‍ നിയമമന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്നും അതില്‍ കൂടുതല്‍ തനിക്ക് പറയാനില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രസ് കൌണ്‍സില്‍ ചെയര്‍മാനും വിരമിച്ച സുപ്രീം കോടതി ജഡ്ജിയുമായ മാര്‍ക്കണ്ടേയ കട്ജു ഉയര്‍ത്തിയ ആരോപണത്തിന് വിശദീകരണമായി ഡി.എം.കെയില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായെന്ന് ഇന്നലെ ഒന്നാം യു.പി.എ സര്‍ക്കാറില്‍ നിയമമന്ത്രിയായിരുന്ന എച്ച്.ആര് ഭരദ്വാജ് സമ്മതിച്ചിരുന്നു.
കട്ജുവിന്റെ ആരോപണം കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ലോകസഭയില്‍ ശരിവെച്ചിരുന്നു. ശരിവെച്ചു. മദ്രാസ് ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായിരുന്ന അശോക് കുമാറിന്റെ കാലാവധി നീട്ടിനല്‍കേണ്ടതില്ലെന്ന സുപ്രീം കോടതി കൊളിജീയത്തിന്റെ തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് (മന്മോഹന് സിങ്ങ് അധികാരത്തിലിരിക്കെ) പ്രധാനമന്ത്രിയുടെ ഓഫീസ് കത്തയച്ചിരുന്നതായാണ് നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് വെളിപ്പെടുത്തിയത്.
ഡി.എം.കെയില്‍ നിന്ന് സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്ന് സമ്മതിച്ച ഒന്നാം യു.പി.എ സര്‍ക്കാറിലെ നിയമമന്ത്രി എച്ച്.ആര് ഭരദ്വാജ് എന്നാല്‍ താന്‍ അതിന് വഴങ്ങിയിട്ടില്ലെന്ന് അവകാശപ്പെട്ടിരുന്നു. നടപടിക്രമങ്ങള്‍ പാലിച്ചാണ് നിയമനം നടത്തിയതെന്നും ഡി.എം.കെയിലേയും പട്ടികജാതി-പിന്നോക്ക വിഭാഗത്തില്‍ പെടുന്ന പതിനെട്ടോളം എം.പിമാരുടെ നിവേദനം പരിഗണിച്ചാണ് കൊളീജിയത്തിന്റെ തീരുമാനം പുന:പരിശോധിക്കാന്‍ അഭ്യര്ഥിച്ചതെന്നുമാണ് ഭരദ്വാജ് വെളിപ്പെടുത്തിയത്.
ഡി.എം.കെയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി അഡീഷണല്‍ ജഡ്ജിയായിരുന്ന അശോക് കുമാറിന് ആദ്യം കാലയളവ് നീട്ടിനല്‍കുകയും പിന്നീട് സ്ഥിരം നിയമനം നല്‍കുകയുമായിരുന്നു എന്നാണ് കട്ജു വെളിപ്പെടുത്തിയത്. ഇന്ത്യന്‍ ചീഫ് ജസ്റ്റിസുമാരായിരുന്ന ആര്.സി. ലഹോട്ടി, വൈ.കെ സബര്‍വാള്‍, കെ.ജി ബാലകൃഷ്ണന് എന്നിവരുടെ കാലഘട്ടത്തില്‍ ആയിരുന്നു ഇത്.
ജഡ്ജി അഴിമതി നടത്തുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കെ താന്‍ അന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ലഹോട്ടിയെ അറിയിച്ചിരുന്നതായും ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണത്തില്‍ പരാതി ശരിയാണെന്ന് കണ്ടെത്തിയതായി ഇന്ന് കട്ജു വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ കാലയളവ് നീട്ടിനല്‍കേണ്ടതില്ലെന്ന് മൂന്നംഗ സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചെങ്കിലും ലഹോട്ടി പിന്നീട് ഇതിന് വിപരീതമായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് തന്റെ ബ്ലോഗില്‍ കട്ജു പറയുന്നു.
ലഹോട്ടി ഒരു വര്‍ഷത്തേക്ക് നീട്ടിനല്‍കിയ കാലയളവ് പിന്നീട് ചീഫ് ജസ്റ്റിസ് ആയ വൈ.കെ സബര്‍വാള്‍ പുതുക്കുകയും തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ആയ കെ.ജി ബാലകൃഷ്ണന് ജഡ്ജിയ്ക്ക് സ്ഥിരം നിയമനം നല്‍കുകയുമായിരുന്നു. മൂന്നുപേരും അനുചിതമായ ഒത്തുതീര്‍പ്പാണ് നടത്തിയതെന്നും കട്ജു കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.