Skip to main content
മാല്‍ഡ

 

പശ്ചിമബംഗാളിലെ മാല്‍ഡ മെഡിക്കല്‍ കോളജ് ആശുപത്രികയില്‍ മരിച്ച ശിശുക്കളുടെ എണ്ണം 12 ആയി. കഴിഞ്ഞ ദിവസം ഏഴ് കുട്ടികള്‍ മരിച്ചിരുന്നു. ഇന്ന് 30 ദിവസംവരെ പ്രായമുള്ള അഞ്ച് കുട്ടികള്‍ മരിച്ചത്. കുറഞ്ഞ തൂക്കം, പോഷകാഹാരക്കുറവ്, ശ്വാസകോശ രോഗങ്ങള്‍ എന്നിവയാണ് കുട്ടികളുടെ മരണത്തിന്‌ കാരണമെന്നും മറ്റ് ആശുപത്രികളില്‍നിന്ന് അതിഗുരുതരാവസ്ഥയില്‍ എത്തിയ കുട്ടികളാണ് മരിച്ചതെന്നും ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ജോതിഷ് ദാസ് വ്യക്തമാക്കി.

 

ബാമുങ്കോള കാളിയചൗക്ക് ബൈഷ്ണബ് നഗര്‍ പൊതുജനാരോഗ്യ കേന്ദ്രത്തിലേക്ക് ഈ ശിശുക്കളെ റഫര്‍ ചെയ്തിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏറ്റവുമധികം നവജാതശിശുക്കള്‍ മരിച്ച സര്‍ക്കാര്‍ ആശുപത്രിയാണ് മാല്‍ഡ മെഡിക്കല്‍ കോളേജ്. ജൂണില്‍ ഈ സര്‍ക്കാര്‍ ആശുപത്രിയില്‍ 23 ശിശുക്കള്‍ മരിച്ചത് വാര്‍ത്തയായിരുന്നു. മരണകാരണം ഇതുവരെയും വെളിപ്പെട്ടിട്ടില്ല. അതേസമയം സംഭവത്തില്‍ അസ്വാഭാവികതയില്ലെന്നും ഗുരുതര സാഹചര്യത്തില്‍ ഇവിടെയെത്തുന്ന ശിശുക്കളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയാത്തതില്‍ ആശുപത്രിയെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ നിലപാട്.