Skip to main content
തിരുവനന്തപുരം

oommen chandyമുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ചേരി തിരിഞ്ഞുള്ള തര്‍ക്കങ്ങള്‍ സംസ്ഥാനത്ത് ഭരണസ്തംഭനം ഉണ്ടാക്കിയിരിക്കുകയാണെന്നും ഇത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. ഉദ്യോഗസ്ഥര്‍ക്കിടയില്‍ അഭിപ്രായങ്ങളിലും സമീപനത്തിലും ഭിന്നത നിലനില്‍ക്കുന്നുണ്ടെങ്കിലും ഇത് ഭരണസ്തംഭനത്തിന് ഇടയാക്കിയിട്ടെല്ലെന്ന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മറുപടി നല്‍കി. ഇതേത്തുടര്‍ന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന്‍ ഇറങ്ങിപ്പോക്ക് നടത്തി. ജനതാദളില്‍ നിന്നുള്ള മാത്യു ടി. തോമസാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കത്.

 

സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം ചന്ദ്രശേഖറിനെ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു. നേരത്തെ കേന്ദ്ര സര്‍ക്കാറില്‍ ക്യാബിനറ്റ് സെക്രട്ടറിയായിരുന്നു ചന്ദ്രശേഖര്‍. ഐ.എ.എസ് ഉദ്യോഗസ്ഥനായ രാജുനാരായണ സ്വാമി ചീഫ് സെക്രട്ടറിക്കെതിരെ ഐ.എ.എസ് അസോസിയേഷന് പരാതി മാധ്യമങ്ങള്‍ക്ക് ചോര്‍ന്നതിനെ പറ്റി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം ആശങ്ക രേഖപ്പെടുത്തിയിരുന്നു.

 

ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയാണ് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഇറങ്ങിപ്പോക്ക് പ്രഖ്യാപിച്ചത്. അഴിമതിയില്‍ മുഖ്യമന്ത്രിയുടെ തേരാളിയാണ് ചീഫ് സെക്രട്ടറിയെന്നും ഇതിന്റെ ബലത്തില്‍ മറ്റ് മന്ത്രിമാരുടെ ഉത്തരവുകള്‍ ചീഫ് സെക്രട്ടറി ലംഘിക്കുകയാണെന്നും അച്യുതാനന്ദന്‍ ആരോപിച്ചു. മുംബൈ ആസ്ഥാനമായ നിര്‍മ്മാണക്കമ്പനിക്ക് ചീഫ് സെക്രട്ടറി അനധികൃത സഹായം നല്‍കിയെന്ന ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന ആവശ്യവും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ അച്യുതാനന്ദന്‍ സഭയുടെ മേശപ്പുറത്ത് വെച്ചു. ചീഫ് സെക്രട്ടറി ഒരു ഭാഗത്തും മറ്റ് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ മറുഭാഗത്തും നിന്നും പോര്‍വിളി തുടരുകയാണെന്നും അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി. 

Tags