Skip to main content

ലാഹോര്‍: ജയിലില്‍ സഹതടവുകാരുടെ ക്രൂര മര്‍ദ്ദനമേറ്റ ഇന്ത്യന്‍ പൌരന്‍ സരബ് ജിത്ത് മരണത്തിന് കീഴടങ്ങി. ലാഹോറിലെ ജിന്ന ആശുപത്രിയില്‍ വെന്റിലേറ്റര്‍ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന സരബ് ജിത്ത് വ്യാഴാഴ്ച 12.45ന് അന്ത്യശ്വാസം എടുത്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സരബ് ജിത്തിന്റെ മസ്തിഷ്കമരണം സംഭവിച്ചതായി നേരത്തെ പാകിസ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

പാകിസ്താന്‍ അനുവദിച്ച അടിയന്തര വിസയില്‍ സരബ് ജിത്തിന്റെ കുടുംബം ലാഹോറില്‍ എത്തി ചികിത്സാസംഘത്തെ കണ്ടിരുന്നു. സരബ് ജിത്തിന്റെ മൃതദേഹം ഇന്ത്യയിലേക്ക്‌ അയക്കുന്ന കാര്യം പാകിസ്താന്‍ പരിഗണിക്കുകയാണെന്ന് നയതന്ത്ര വൃത്തങ്ങള്‍ വെളിപ്പെടുത്തി.

 

വധശിക്ഷക്ക് വിധിക്കപ്പെട്ട് ലാഹോറിലെ കോട് ലാഖ്പത് ജയിലില്‍ തടവിലായിരുന്ന 49 കാരനായ സരബ് ജിത്തിനെ വെള്ളിയാഴ്ചയാണ് ആറു തടവുകാര്‍ ചേര്‍ന്ന് മാരകമായി ആക്രമിച്ചത്. ആക്രമണത്തില്‍ സരബ് ജിത്തിന്റെ തലയോട്ടി തകര്‍ന്നിരുന്നു. ഇന്ത്യന്‍ പാര്‍ലിമെന്റ് ആക്രമണ കേസിലെ പ്രതി അഫ്സല്‍ ഗുരുവിനെ ഫെബ്രുവരിയില്‍ ഇന്ത്യ തൂക്കിലേറ്റിയതിനു ശേഷം സരബ് ജിത്തിന് ജയിലില്‍ വധഭീഷണി ലഭിച്ചിരുന്നതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഒവൈസ് ഷെയ്ക്ക് വെളിപ്പെടുത്തിയിരുന്നു.

 

1990ല്‍ പഞ്ചാബില്‍ നടന്ന ബോംബ്‌ സ്ഫോടനക്കേസില്‍ പ്രതിയായതു മുതല്‍ പാകിസ്താനില്‍ തടവിലാണ് സരബ് ജിത്ത്. അബദ്ധത്തില്‍ അതിര്‍ത്തി കടന്ന സരബ് ജിത്ത് ആളുമാറിയാണ്‌ കേസില്‍ പ്രതിയായതെന്നാണ് കുടുംബത്തിന്റെ വാദം. ഇദ്ദേഹത്തിന്റെ ദയാഹര്‍ജികളെല്ലാം തള്ളിയിരുന്നെങ്കിലും പാകിസ്താനിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം കഴിഞ്ഞ പി.പി.പി. സര്‍ക്കാര്‍ 2008ല്‍ വധശിക്ഷ നടപ്പാക്കുന്നത് അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചിരുന്നു.