പശ്ചിമേഷ്യയിലെ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന് തുടക്കം. ശനിയാഴ്ച ജോര്‍ദാനില്‍ എത്തിയ പാപ്പ മൂന്ന്‍ ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ ഇസ്രായേല്‍, പലസ്തീന്‍ പ്രദേശങ്ങളിലെ ക്രിസ്ത്യന്‍ പുണ്യകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും.
ജോര്‍ദാനിലെ അബ്ദുള്ള രാജാവുമായുള്ള സംഭാഷണത്തില്‍ സിറിയയിലെ പ്രതിസന്ധിയ്ക്ക് സമാധാനപരമായ പരിഹാരം എത്രയും വേഗം കണ്ടെത്തേണ്ടതുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. മൂന്ന്‍ വര്‍ഷത്തിലധികമായി തുടരുന്ന സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ 1.6 ലക്ഷത്തിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. ഭവനരഹിതരായ ലക്ഷക്കണക്കിന് പേര്‍ ജോര്‍ദാന്‍ ഉള്‍പ്പടെയുള്ള അയല്‍രാജ്യങ്ങളില്‍ അഭയാര്‍ഥികളായി കഴിയുകയാണ്. ജോര്‍ദാനിലെ ബെഥനിയില്‍ കഴിയുന്ന സിറിയയിലും ഇറാഖിലും നിന്നുള്ള അഭയാര്‍ഥികളെ പാപ്പ സന്ദര്‍ശിക്കും. ക്രിസ്ത്യന്‍ വിശ്വാസമനുസരിച്ച് യേശു ജ്ഞാനസ്നാനം സ്വീകരിച്ച സ്ഥലമാണ് ബെഥനി.
ഞായറാഴ്ച കാലത്ത് യേശു ജനിച്ചതായി കരുതപ്പെടുന്ന ബെത്ലഹം പാപ്പ സന്ദര്‍ശിക്കും. ഇസ്രായേലി അധിനിവേശത്തിലുള്ള വെസ്റ്റ് ബാങ്കിലേക്ക് ജോര്‍ദാനില്‍ നിന്ന്‍ നേരിട്ടാണ് പാപ്പ പോകുക. പലസ്തീന്‍ രാഷ്ട്രത്തിലേക്കുള്ള സന്ദര്‍ശനമായാണ് വത്തിക്കാന്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍, ഇസ്രയേല്‍ ഈ വിശേഷണത്തെ നിരാകരിച്ചിട്ടുണ്ട്. ആദ്യമായി ഒരു ജൂതപുരോഹിതനേയും ഒരു ഇസ്ലാമിക പണ്ഡിതനേയും പാപ്പയുടെ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
900 വര്‍ഷങ്ങള്‍ നീണ്ടുനിന്ന കത്തോലിക്കാ – ഓര്‍ത്തോഡോക്സ് അകല്‍ച്ചയ്ക്ക് അറുതിവരുത്തി ഇരു ക്രിസ്ത്യന്‍ വിഭാഗങ്ങളുടേയും ആത്മീയാചാര്യന്‍മാര്‍ 50 വര്‍ഷം മുന്‍പ് നടത്തിയ കൂടിക്കാഴ്ചയുടെ അനുസ്മരണമാണ് പാപ്പയുടെ സന്ദര്‍ശനത്തിന്റെ പ്രധാന പരിപാടി. ഇതിന്റെ ഭാഗമായി ഞായറാഴ്ച ഫ്രാന്‍സിസ് പാപ്പായും ബര്‍ത്തലോമ്യാ ഒന്നാമന്‍ പാത്രിയാര്‍ക്കയും ചേര്‍ന്ന്‍ യേശു കുരിശുമരണം വരിച്ചുവെന്ന് കരുതപ്പെടുന്ന സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന പള്ളിയില്‍ സംയുക്തമായി പ്രാര്‍ത്ഥന നടത്തും.
തിങ്കളാഴ്ച ജെറുസലേം സന്ദര്‍ശിക്കുന്ന ഫ്രാന്‍സിസ് പാപ്പ ഇവിടത്തെ ജൂത, മുസ്ലിം പുരോഹിതരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച രാത്രി പാപ്പ വത്തിക്കാനിലേക്ക് മടങ്ങും.