ഏപ്രില്‍ 22ന് ആരംഭിച്ച പാര്‍ലിമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം തുടര്‍ച്ചയായി മുടങ്ങുകയാണ്. ടു ജി സ്പെക്ട്രം ഇടപാട് അന്വേഷിക്കുന്ന സംയുക്ത പാര്‍ലിമെന്ററി സമിതിയുടെ, പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും ക്ലീന്‍ ചിറ്റ് നല്‍കുന്ന, റിപ്പോര്‍ട്ട് ആണ് ആദ്യം തര്‍ക്ക വിഷയമായതെങ്കില്‍ കല്‍ക്കരി ഇടപാടില്‍ സി.ബി.ഐ. ഡയറക്ടര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലം നിയമമന്ത്രിയുടേയും പ്രധാനമന്ത്രിയുടെ തന്നെയും രാജി ആവശ്യപ്പെടുന്നതിലേക്ക് പ്രതിപക്ഷത്തെ നയിച്ചു. കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ട് എന്ന സി.എ.ജി. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സുപ്രീം കോടതി ആവശ്യപ്രകാരം കോടതിയില്‍ സി.ബി.ഐ. നല്‍കിയ റിപ്പോര്‍ട്ട് നിയമമന്ത്രി അശ്വിനി കുമാറും പ്രധാനമന്ത്രി കാര്യാലയത്തിലേയും കല്‍ക്കരി മന്ത്രാലയത്തിലേയും ഉന്നത ഉദ്യോഗസ്ഥരും മുന്നേ പരിശോധിച്ചതായാണ് ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ കോടതിയെ അറിയിച്ചത്. ഇടപാട് നടന്ന കാലയളവില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ നിയന്ത്രണത്തിലായിരുന്നു കല്‍ക്കരി വകുപ്പ്.
രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയായ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി.ബി.ഐ.) കേന്ദ്ര സര്‍ക്കാറിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഉപകരണമായി മാറിയിരിക്കുന്നു എന്ന ആരോപണത്തിന് ഏറെ പഴക്കമുണ്ട്. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ്ങ് യാദവ് ഈയടുത്ത് ഇക്കാര്യം (സ്വാനുഭവങ്ങളുടെ വെളിച്ചത്തില്‍) പരസ്യമായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത്തവണ ആരോപണമല്ല, സി.ബി.ഐ. ഡയറക്ടര്‍ കോടതിക്ക് മുന്നില്‍ സത്യവാങ്ങ്മൂലം നല്‍കിയിരിക്കുകയാണ്. ഇടപെടല്‍ നിയമമന്ത്രിയുടെ അധികാര പരിധിക്ക് അകത്ത് നിന്നാണ് നടത്തിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. കോടതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഏതൊരു സര്‍ക്കാര്‍ വകുപ്പിനും ഉപദേശം നല്‍കാന്‍ നിയമ വകുപ്പിന് അധികാരമുണ്ട്. മന്ത്രി രാജിവെക്കേണ്ടതില്ല എന്ന് പ്രധാനമന്ത്രിയും പറയുന്നു.
സര്‍ക്കാറിന്റെ വിശദീകരണത്തില്‍ തെറ്റില്ല. പക്ഷെ ഒട്ടും ശരിയുമില്ല. പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ഉദ്യോഗസ്ഥ മന്ത്രാലയത്തിന്റെ പരിധിയിലാണ് സി.ബി.ഐ. വരുന്നത്. അതുകൊണ്ടുതന്നെ സി.ബി.ഐയെ ‘ഉപദേശിക്കാന്‍’ മന്ത്രിക്ക് കഴിയും. എന്നാല്‍, പ്രധാനമന്ത്രി തന്നെ പ്രതിക്കൂട്ടില്‍ വന്നേക്കാവുന്ന ഒരു കേസ് പ്രധാനമന്ത്രിയുടെ കീഴിലുള്ള ഒരു ഏജന്‍സിക്ക് എത്രത്തോളം സ്വതന്ത്രമായി അന്വേഷിക്കാന്‍ കഴിയും? യഥാര്‍ത്ഥ പ്രശ്നം ഇവിടെയാണ്. സ്വതന്ത്രമായ ഒരു കുറ്റാന്വേഷണ ഏജന്‍സിയായി പ്രവര്‍ത്തിക്കാന്‍ സി.ബി.ഐക്ക് കഴിയാത്തിടത്തോളം രാഷ്ട്രീയ അഴിമതിക്കേസുകള്‍ അട്ടിമറിക്കപ്പെടും. കാരണം, ക്രമക്കേട് സി.എ.ജി. കണ്ടെത്തുമ്പോള്‍ ആ ക്രമക്കേടിന് ഉത്തരവാദികളെ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയാല്‍ മാത്രമേ കോടതിക്ക് അവരെ വിചാരണ ചെയ്യാന്‍ കഴിയൂ. ഇവിടെ സി.എ.ജിയും കോടതികളും ഭരണഘടനാ പദവിയോടെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുമ്പോള്‍ അത്തരം അധികാരം സി.ബി.ഐക്ക് ലഭ്യമല്ല.
പ്രശ്നത്തിന് പരിഹാരം അപ്പോള്‍ സി.ബി.ഐയെ ഭരണഘടനാ സ്ഥാപനമായി മാറ്റുക എന്നതാണ്. കുറ്റാന്വേഷണത്തില്‍ മികവ് പ്രകടിപ്പിക്കുന്ന സ്ഥാപനം തന്നെയാണ് സി.ബി.ഐ. എന്ന കാര്യത്തില്‍ ഇവിടെ പൊതുവേ തര്‍ക്കമില്ല. കേസില്‍ രാഷ്ട്രീയ പ്രവര്‍ത്തകരോ ഭരണാധികാരികളോ ഉള്‍പ്പെടുമ്പോഴാണ് ഏജന്‍സിയുടെ പാളം തെറ്റുന്നത്. സി.എ.ജിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റേയുമെല്ലാം ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ജനാധിപത്യം ചില ഉത്തരവാദിത്വങ്ങള്‍ കൂടി ജനപ്രതിനിധികള്‍ക്ക് നല്‍കുന്നുണ്ട്. അത് അവര്‍ നിറവേറ്റുന്നു എന്നുറപ്പ് വരുത്തേണ്ട സ്ഥാപനങ്ങളും കൂടി ചേരുമ്പോഴേ ജനാധിപത്യം ശക്തമാകുന്നുള്ളൂ.
നിയമമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ രാജിയെക്കാളേറെ പ്രതിപക്ഷം ആവശ്യപ്പെടേണ്ടത് ഇത്തരമൊരു നടപടിയാണ്. തീര്‍ച്ചയായും നിയമമന്ത്രിയുടെ നടപടി അനുചിതമാണ്. മന്ത്രിസഭക്ക് അതില്‍ ഉത്തരവാദിത്വവുമുണ്ട്. എന്നാല്‍, ഇവിടെ മന്ത്രിയുടെ നടപടി ഒരു രോഗലക്ഷണം മാത്രമാണ്. സി.ബി.ഐക്ക് സ്വതന്ത്രമായി കുറ്റാന്വേഷണം നടത്താനുള്ള സാഹചര്യം ഉണ്ടാകണം എന്ന പ്രതിപക്ഷ ആവശ്യം ആത്മാര്‍ഥമാണെങ്കില്‍ ഏജന്‍സിയെ ഭരണഘടനാ നിയന്ത്രണത്തിലുള്ള സ്ഥാപനമാക്കാനുള്ള ആവശ്യത്തിനാണ് അവര്‍ മുന്‍ഗണന നല്‍കേണ്ടത്.