സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ജോലിയില്‍ സ്ഥിരപ്പെടുത്തില്ലെന്ന് താല്‍ക്കാലിക അധ്യാപകരെ ഭീഷണിപ്പെടുത്തിയ എസ്.പി നേതാവ് മുലായം സിംഗ് യാദവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. മുലായം സിംഗ് നടത്തിയ വിവാദ പ്രസംഗത്തിന് വിശദീകരണം തേടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചത്. ഞായറാഴ്ച വൈകുന്നേരത്തിനകം വിശദീകരണം നല്‍കണമെന്നും അല്ലെങ്കില്‍ നടപടിയുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ഏപ്രില്‍ മൂന്നിന് ഉത്തര്‍ പ്രദേശില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ മുലായം സിംഗ് താല്‍ക്കാലിക അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. പ്രൈമറി സ്കൂളിലെ താല്‍ക്കാലിക അധ്യാപകരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പാര്‍ട്ടിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ആ ഉത്തരവ് പിന്‍വലിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുലായം സിംഗ് പ്രഥമ ദൃഷ്ട്യാ പെരുമാറ്റച്ചട്ടം ലംഘിച്ചിരിക്കുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.