പുണെ: ജര്‍മ്മന്‍ ബേക്കറി സ്ഫോടനക്കേസില്‍ അറസ്റ്റിലായ ഏകപ്രതി മിര്‍സ ഹിമായത് ബെയ്ഗ് കുറ്റം ചെയ്തതായി പുണെയിലെ വിചാരണ കോടതി കണ്ടെത്തി. ബെയ്ഗിനു മേല്‍ ആരോപിക്കപ്പെട്ട കൊലപാതകം, ക്രിമിനല്‍ ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളില്‍ ശിക്ഷ വ്യാഴാഴ്ച വിധിക്കും. 2010 ഫെബ്രുവരി 13ന് പുണെയിലെ ജര്‍മ്മന്‍ ബേക്കറിയില്‍ നടന്ന സ്ഫോടനത്തില്‍ അഞ്ച് വിദേശികളടക്കം 17 പേര്‍ കൊല്ലപ്പെട്ടിരുന്നു.
മഹാരാഷ്ട്രയിലെ ബീഡ് സ്വദേശിയായ ബെയ്ഗടക്കം ഏഴു പേര്‍ക്കെതിരെയാണ് കേസ്. 2008 നവംബറില്‍ മുംബൈ ആക്രമണ കേസില്‍ പിടിയിലായ അബു ജൂണ്ടാല്‍ ഈ കേസിലും പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ടെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘടന ലഷ്കര്‍ ഇ തയ്ബയിലെ അംഗങ്ങളെന്ന് കരുതപ്പെടുന്ന പ്രതികളില്‍ മറ്റുള്ളവരെല്ലാം ഒളിവിലാണ്.
വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ബെയ്ഗിന്റെ അഭിഭാഷകന്‍ അബ്ദുല്‍ റഹ്മാന്‍ അറിയിച്ചു. ബെയ്ഗിന് നീതി ലഭിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു. ബെയ്ഗിനൊപ്പം ഗൂഡാലോചനയിലെ പങ്കാളിയായി പേര് ചേര്‍ത്ത അബു ജൂണ്ടാലിനെ കോടതിയില്‍ ഹാജരാക്കാതിരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭീകരവാദ കേസുകളില്‍ യു.എസ്സില്‍ അറസ്റ്റിലായ ലഷ്കര്‍ ഇ തയ്ബ പ്രവര്‍ത്തകന്‍ ഡേവിഡ് ഹെഡ്ലി ബേക്കറിയുടെ ചിത്രങ്ങള്‍ എടുത്തതായി വെളിപ്പെടുത്തിയിരുന്നു.