വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതിയുടെ ദയാഹർജിയില്‍ തീരുമാനം വൈകുന്നപക്ഷം വധശിക്ഷ റദ്ദാക്കി ജീവപര്യന്തമാക്കാമെന്ന് സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ പുന:പരിശോധനാ ഹര്‍ജി സമര്‍പ്പിച്ചു. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയ കേസുകളിലാണ് ജനുവരി 21-ന് സുപ്രിം കോടതി സുപ്രധാന വിധി പ്രഖ്യാപനം നടത്തിയത്. ചീഫ് ജസ്റ്റീസ് പി. സദാശിവം അധ്യക്ഷനായ മൂന്നംഗ ഭരണഘടനാ ബെഞ്ചിന്റെതായിരുന്നു ഈ നിര്‍ണായക ഉത്തരവ്.
ദയാഹര്‍ജികളില്‍ കാലതാമസം വരുത്തുന്ന കേസുകളില്‍ പ്രതികളുടെ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കാവുന്നതാണെന്നും ദയാഹര്‍ജികള്‍ വര്‍ഷങ്ങളോളം വച്ചുതാമസിപ്പിക്കാന്‍ സര്‍ക്കാരിനാവില്ലെന്നും ആയിരുന്നു കോടതി വ്യക്തമാക്കിയത്. പ്രതികളുടെ മാനസിക അനാരോഗ്യവും ഏകാന്ത തടവും ശിക്ഷ ലഘൂകരിക്കാന്‍ മതിയായ കാരണങ്ങളാണ്. ദയാഹര്‍ജികളില്‍ വര്‍ഷങ്ങളോളം കാലതാമസം വരുത്തിവയ്ക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും പ്രതികളുടെ മാനസിക നില തകര്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
ഇപ്പോള്‍ 15 പേരാണ് ഇപ്രകാരം ജയിലില്‍ കഴിയുന്നത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തി വധശിക്ഷക്ക് വിധക്കപ്പെട്ട തടവുകാരുടെ കാര്യത്തിലും ചന്ദനക്കടത്തില്‍ കുപ്രസിദ്ധിയാര്‍ജിച്ച് കൊല്ലപ്പെട്ട വീരപ്പന്റെ നാലു അനുയായികളുമായി ബന്ധപ്പെട്ട കേസിലും ഈ വിധി നിര്‍ണായകമാവും.