കൊച്ചി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി സ്വീഡിഷ് വിമാനക്കമ്പനിയുമായുള്ള ഇടപാടില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന്‍ വികിലീക്സ് പുറത്തുവിട്ട യു.എസ്സ്. രഹസ്യ രേഖകള്‍. സ്വീഡിഷ് കമ്പനി സാബ്-സ്കാനിയ 1970 കളില്‍ തങ്ങളുടെ വിഗ്ഗെന്‍ പോര്‍വിമാനം ഇന്ത്യക്ക് വില്‍ക്കാനുള്ള ശ്രമത്തില്‍ ഒരു ‘സംരഭകന്‍’ ആയി രാജീവ് ഗാന്ധി പ്രവര്‍ത്തിച്ചതായാണ് വെളിപ്പെടുത്തല്‍. ‘ദി ഹിന്ദു’ ദിനപത്രമാണ് തിങ്കളാഴ്ച രേഖകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
1975 ഒക്ടോബര്‍ 21 നു ന്യൂഡല്‍ഹിയിലെ യു.എസ്സ്. എംബസ്സിയില്‍ നിന്നയച്ച രേഖയിലാണ് വെളിപ്പെടുത്തല്‍. വിഗ്ഗെന്‍ ഇടപാടില്‍ ന്യൂഡല്‍ഹിയെ പ്രതിനിധീകരിച്ച് സ്വീഡിഷ് കമ്പനിയുമായി ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിക്കുന്നത് ഇന്ദിര ഗാന്ധിയുടെ മൂത്ത മകനായ രാജീവ് ഗാന്ധിയാണെന്ന് സ്വീഡിഷ് എംബസ്സി ഉദ്യോഗസ്ഥര്‍ അറിയച്ചതായി രേഖയില്‍ പറയുന്നു. ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ വൈമാനികന്‍ ആയിരുന്നു എന്ന നിലയില്‍ മാത്രമേ തങ്ങളുടെ അറിവില്‍ രാജീവിന് വിമാന നിര്‍മ്മാണ വ്യവസായവുമായുള്ള പരിചയം എന്നും ആദ്യമായാണ് സംരഭകന്‍ എന്ന വിലയില്‍ അദ്ദേഹത്തിന്റെ പേര്‍ കേള്‍ക്കുന്നതെന്നും രേഖയില്‍ പറയുന്നു.
കിസ്സിംഗര്‍ കേബിള്‍സ് എന്ന പേരില്‍ ദ ഹിന്ദു പുറത്തുവിട്ട 1970 കളിലെ യു.എസ്സ്. എംബസി രേഖകളിലാണ് പരാമര്‍ശം. ഈ കാലയളവില്‍ യു.എസ്സിന്റെ ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവും വിദേശകാര്യ സെക്രട്ടറിയും ആയി പ്രവര്‍ത്തിച്ച ആളാണ് നോബല്‍ സമാധാന പുരസ്കാര ജേതാവായ ഹെന്‍റി കിസ്സിംഗര്‍.
പരാമര്‍ശിക്കപ്പെട്ട ഇടപാടില്‍ സാബ്-സ്കാനിയ പക്ഷെ വിജയം കണ്ടില്ല. ബ്രിട്ടിഷ് കമ്പനിയായ സെപേകാറ്റ് ജഗ്വാറിന് ആണ് കരാര്‍ ലഭിച്ചത്.
പ്രധാനമന്ത്രിയായിരിക്കെ കരസേനക്കായി സ്വീഡിഷ് കമ്പനിയായ ബോഫോഴ്സില്‍ നിന്ന് പീരങ്കികള്‍ വാങ്ങിയ ഇടപാടില്‍ അഴിമതി നടത്തിയതായി രാജീവ് ഗാന്ധിക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു.