Skip to main content

movable vertical garden

 

വാടകവീടുകളിലും ഫ്ലാറ്റുകളിലും താമസിക്കുന്ന പൂന്തോട്ട പ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത. വീടിന്റെ മട്ടുപ്പാവിലോ പൂമുഖത്തോ സ്വീകരണ മുറിയിലോ അടുക്കളയിലോ മുറ്റത്തോ എവിടെ വേണമെങ്കിലും സ്ഥാപിച്ചു പരിരക്ഷിക്കാവുന്ന സ്വാഭാവിക പൂന്തോട്ടം യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് ചേര്‍ത്തല ആസ്ഥാനമായ സോഫൈന്‍ ഡെക്കേഴ്‌സ് എന്ന കമ്പനി. മാത്രവുമല്ല, തീര്‍ത്തും പരിസ്ഥിതി സൗഹൃദമായ രീതിയില്‍ ചകിരിനാരുകള്‍ കൊണ്ടാണ് ഈ പൂന്തോട്ടത്തിന്റെ നിര്‍മ്മാണം.

 

ആലപ്പുഴയില്‍ നടക്കുന്ന കയര്‍- പ്രകൃതിദത്ത നാരുല്‍പന്നങ്ങളുടെ രാജ്യാന്തര പ്രദര്‍ശന വിപണന മേളയായ കയര്‍ കേരള 2014-ല്‍ സോഫൈന്‍ ഡെക്കേഴ്‌സ് സഞ്ചരിക്കുന്ന പൂന്തോട്ടം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലൊരാശയം പ്രാവര്‍ത്തികമാക്കിയ രാജ്യത്തെ ആദ്യസ്ഥാപനം തങ്ങളാണെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ കെ.ജെ സ്കറിയ.

 

ലംബാകൃതിയിലാണ് ഈ സഞ്ചരിക്കുന്ന പൂന്തോട്ടം സജ്ജീകരിച്ചിരിക്കുന്നത്. ഇരുമ്പു ചട്ടത്തിനുള്ളില്‍ ചകിരിനാരുകൊണ്ടുള്ള വലിയൊരു ഷീറ്റ് ഉറപ്പിച്ചിരിക്കുന്നു. ഇതില്‍ ചകിരിനാരും റബ്ബറും ചേര്‍ത്തുണ്ടാക്കിയ ചെടിക്കുട്ടകള്‍. ഈ കുട്ടകളില്‍ ചെടിയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ ചകിരിച്ചോറുകൊണ്ടുള്ള കമ്പോസ്റ്റാണ് നിറയ്ക്കുന്നത്. ഇതിലാണ് പൂച്ചെടികള്‍ വളര്‍ത്തുക. ഇരുമ്പുകൊണ്ടുള്ള ചട്ടത്തില്‍ മാറ്റാവുന്ന നൈലോണ്‍ ചക്രങ്ങളുണ്ട്. അതുകൊണ്ടുതന്നെ ആവശ്യാനുസരണം ഈ പൂന്തോട്ടം എവിടേയ്ക്കും മാറ്റിസ്ഥാപിക്കാം.

 

നഗരങ്ങളില്‍ സ്ഥലപരിമിതി നേരിടുന്ന വീടുകള്‍ക്കും ഫ്ലാറ്റുകള്‍ക്കും ഓഫീസുകള്‍ക്കുമൊക്കെ ഈ പൂന്തോട്ടം അനുയോജ്യമാണ്. മണ്ണിനു പകരം ചകിരിച്ചോറ് ഉപയോഗിക്കുന്നതിനാല്‍ വെള്ളം കുറച്ചു മതിയെന്നതും ഇതിന്റെ പ്രത്യേകതയാണ്. വാങ്ങുന്നയാളിന്റെ താല്‍പര്യത്തിനനുസരിച്ച് ഏതു വലുപ്പത്തിലും സഞ്ചരിക്കുന്ന പൂന്തോട്ടം തയ്യാറാക്കാനാകും. ചെടികളും ചെടിക്കുട്ടകളുമുള്‍പ്പെടെ ചതുരശ്ര അടിക്ക് 1000 രൂപയാണ് ഇതിന്റെ വില. ചെടികളില്ലാതെയും ഇവ ലഭ്യമാണ്. നൂറുശതമാനം പരിസ്ഥിതി സൗഹൃദപരമായ ഈ ഉല്‍പ്പന്നം എളുപ്പത്തില്‍ ജൈവനാശത്തിന് വിധേയമാകുന്നതിനാല്‍ മാലിന്യപ്രശ്നങ്ങളുമില്ല.

 

താമസസ്ഥലങ്ങളും ഓഫീസുകളുമെല്ലാം ലംബമാനമായ കെട്ടിടങ്ങളില്‍ തിങ്ങിനിറയുന്ന നഗരങ്ങളില്‍ പച്ചപ്പ് ആഗ്രഹിക്കുന്നവര്‍ക്ക് ഒരു കയ്യകലത്തില്‍ ഇഷ്ടപ്പെടുന്ന പൂച്ചെടികള്‍ സ്വന്തമായി നട്ടുവളര്‍ത്താന്‍ അവസരമൊരുങ്ങുകയാണ് ഈ സഞ്ചരിക്കുന്ന ലംബമാനമായ പൂന്തോട്ടത്തിലൂടെ. യു.എസ്, കാനഡ, ജര്‍മനി, ഈജിപ്റ്റ്, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇത്തരം നൂതന ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ആളുകള്‍ തയ്യാറാകുന്നുണ്ടെന്ന് സ്കറിയ പറയുന്നു. ഡല്‍ഹി, ലുധിയാന തുടങ്ങിയ വടക്കേ ഇന്ത്യന്‍ നഗരങ്ങളിലുള്ളവരും മേളയില്‍ ഇവയ്ക്ക് ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു.

 

കയര്‍ ഉപയോഗിച്ച് വിവിധതരം തട്ടങ്ങള്‍, പൂച്ചട്ടികള്‍ തുടങ്ങിവയെല്ലാം സോഫൈന്‍ ഡെക്കേഴ്‌സ് നിര്‍മിക്കുന്നുണ്ട്. റബര്‍, തേയില, കാപ്പി, കൊക്കോ നഴ്‌സറികള്‍ക്ക് അനുയോജ്യമായ 'കോക്കോ പോട്ട്' എന്ന ഉല്‍പന്നവും ഇവര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. നിലവില്‍ തോട്ടങ്ങളിലും മറ്റും തൈകള്‍ വളര്‍ത്തിയെടുക്കാന്‍ പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള ബാഗുകളും മറ്റുമാണ് ഉപയോഗിക്കുന്നത്. ജീര്‍ണിക്കാത്ത ഇവ പരിസ്ഥിതിക്ക് ഹാനികരവുമാണ്. പ്ലാസ്റ്റിക് ഉപയോഗിക്കുമ്പോള്‍ നാരായവേരും പാര്‍ശ്വവേരുകളും ചുരുണ്ടുപോകുന്ന പ്രവണത കണ്ടുവരുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് കയറുകൊണ്ടുള്ള ചെടിച്ചട്ടികള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നതെന്ന് സ്കറിയ പറഞ്ഞു. ഇവയില്‍ ആവശ്യത്തിന് സുഷിരങ്ങളുള്ളതിനാല്‍ വേരുകള്‍ ചുരുണ്ടുപോകാതെ തന്നെ വളരാന്‍ കോക്കോ പോട്ട് സഹായിക്കുന്നു. പ്ലാസ്റ്റിക് ചട്ടികളില്‍ വളരുന്ന റബര്‍ചെടികള്‍ ടാപ്പിംഗിന് തയ്യാറാകാന്‍ ഏഴു വര്‍ഷമെടുക്കുമ്പോള്‍ കയര്‍ചട്ടികളില്‍ അഞ്ചു വര്‍ഷം മതിയെന്നും സ്‌കറിയ ചൂണ്ടിക്കാട്ടി. ഒലിവ് പ്ലാന്റേഷനുകള്‍ക്കും കോക്കോ പോട്ട് ഉത്തമമാണെന്ന് സ്കറിയ പറഞ്ഞു. ഗുജറാത്തിലേയും രാജസ്ഥാനിലേയും ഒലിവു തോട്ടങ്ങളില്‍ റബ്ബര്‍ ബോര്‍ഡ് ഇവ പരീക്ഷിച്ചു വിജയിച്ചതാണ്. കോക്കോ പോട്ടിന് പേറ്റന്റ് ലഭിക്കാനായി അപേക്ഷ നല്‍കിയിരിക്കുകയാണെന്നും സ്കറിയ അറിയിച്ചു.