ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ടി.പിയുടെ ഭാര്യ രമ നടത്തുന്ന നിരാഹാരസമരം മൂന്നാം ദിവസവും തുടരവേ ജീവപര്യന്തം തടവിന് ശിക്ഷിച്ച പി.കെ കുഞ്ഞനന്തനെ ന്യായീകരിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് രംഗത്ത് എത്തി.
കുഞ്ഞനന്തനെതിരായ സാക്ഷിമൊഴി ദുര്‍ബലമാണെന്നും സി.പി.ഐ.എമ്മിനെതിരായ സര്‍ക്കാര്‍ നീക്കങ്ങള്‍ അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നതാണെന്നും സി.ബി.ഐ അന്വേഷണത്തെ ഭയക്കുന്നില്ലെന്നും പിണറായി പറഞ്ഞു. കേസില്‍ വി.എസ് അച്യുതാനന്ദന്റെ നിലപാട് വ്യത്യസ്തമല്ലായെന്നും പിണറായി തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അതേസമയം രമ ആഭ്യന്തരമന്ത്രിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന് പിന്നിലെ ഉന്നതതല ഗൂഢാലോചനയെപ്പറ്റി പോലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണ സംഘം ഇന്നു രമയുടെ അടുത്തെത്തി മൊഴി രേഖപ്പെടുത്തും.