വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്‍റെ പരസ്യം സ്വീകരിച്ചതില്‍ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിക്ക് വീഴ്ച സംഭവിച്ചെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്. പരസ്യദാതാവിന്റെ ഉദ്ദേശ്യം മനസ്സിലാക്കുന്നതില്‍ പരസ്യവിഭാഗം പരാജയപ്പെട്ടുവെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. എല്ലാ അര്‍ഥത്തിലും വിജയമായ പ്ലീനത്തെ താഴ്ത്തിക്കെട്ടാന്‍ വലതുപക്ഷ മാധ്യമങ്ങള്‍ക്ക് വീണുകിട്ടിയ അവസരമായിരുന്നു വി.എം രാധാകൃഷ്ണന്റെ സൂര്യാഗ്രൂപ്പിന്റെ പരസ്യമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
പാര്‍ട്ടി പ്ലീനത്തിനായി രാധാകൃഷ്ണനോട് സംഭാവന വാങ്ങിയിരുന്നില്ല മാത്രമല്ല പരസ്യം നല്‍കുക വഴി പാര്‍ട്ടിയെ വിവാദത്തില്‍പ്പെടുത്താനാണ് പരസ്യദാതാവിന്റെ ലക്ഷ്യമെന്ന് പിന്നീടുള്ള ദിവസങ്ങളില്‍ വ്യക്തമായി. കേരളത്തിലെ പല മാധ്യമങ്ങള്‍ക്കും പരസ്യം നല്‍കുന്ന പ്രസ്തുത ഗ്രൂപ്പ് പ്ലീനവുമായി ബന്ധപ്പെട്ടു ദേശാഭിമാനിക്കു പരസ്യം നല്‍കിയതും പ്രത്യേക ഉദ്ദേശ്യത്തോടെയായിരുന്നുവെന്നു പരസ്യ ദാതാവ് പിന്നീടു പ്രതികരിച്ചു.
പ്ലീനത്തിന്റെ സമാപന ദിവസമാണ് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ള സൂര്യഗ്രൂപ്പിന്റെ പരസ്യം ദേശാഭിമാനിയില്‍പ്രസിദ്ധീകരിച്ചത്. എല്ലാ എഡീഷനിലും ഒന്നാം പേജിലായിരുന്നു പരസ്യം നല്‍കിയിരുന്നത്. സംഭവം വിവാദമായതോടെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു.